മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി. അൻവറിൻെറ നീക്കങ്ങളിൽ അന്തംവിട്ട് സർക്കാരും സി.പി.എമ്മും.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഒട്ടും വൈകാതെ അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണ ചുമതല ഡിജിപിയെ ഏല്‍പ്പിക്കുകയും ചെയ്തത് അന്‍വറിന്‍റെ പോരാട്ടത്തിന്‍റെ വിജയം കൂടിയാണ്.
അജിത്കുമാറിനെ കൈവിട്ട് അന്‍വറിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ അജിത്കുമാറിന്റെ സ്പോണ്‍സര്‍ ആയിരുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യത്തില്‍ എന്താകും സര്‍ക്കാര്‍ തീരുമാനം എന്നത് കാത്തിരുന്ന് കാണണം.
ഉന്നം തെറ്റിക്കാതെ അന്‍വര്‍
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വാർത്താസമ്മേളനത്തിൽ ഗുരുതരമായ വിമർശനം ഉന്നയിച്ചതും സംസ്ഥാനത്തെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരിൽ ഒരാളായ എം.ആർ.അജിത് കുമാറിനെ രാജ്യദ്രോഹിയായി മുദ്രകുത്തി ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ചതുമെല്ലാം ഒരു സിനിമാക്കഥ പോലെ സംഭവിക്കുമ്പോൾ പാർട്ടിയും മുഖ്യമന്ത്രിയും അമ്പരന്ന് നിൽക്കുകയാണ്. അതും അതേ മുഖ്യമന്ത്രിയുടെതന്നെ വിശ്വസ്തനായ എം എല്‍ എ ആണ് എതിര്‍ഭാഗത്ത് നില്‍ക്കുന്നത്.
സംസ്ഥാനത്തിൻെറ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത തരത്തിലുളള സംഭവങ്ങളാണ് അരങ്ങേറുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയോട് പറഞ്ഞിട്ടും കാര്യങ്ങൾ നടക്കുന്നില്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുന്നില്ല എന്നുമാണ് പി.വി.അൻവർ തുറന്നടിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ വിമർശനം ശശിക്ക് നേരെയാണെങ്കിലും അത് യഥാർത്ഥത്തിൽ ചെന്ന് കൊളളുന്നത് മുഖ്യമന്തിയിൽ തന്നെയാണ്.
ഇനി ലക്ഷ്യം ശശിയും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെട്ട് പരിഹരിക്കേണ്ട കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുമാണ് അൻവർ പരസ്യമായി വിമർശിച്ചിരിക്കുന്നത്. അതിൻെറ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് അല്ലാതെ മറ്റ് ആർക്കുമല്ല.
എ.ഡി.ജി.പി സ്വർണക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടെന്നും അതിൽനിന്ന് പങ്കു പറ്റുന്നുവെന്നും അൻവർ ആരോപിക്കുന്നുണ്ട്. അതും ചെന്ന് കൊളളുന്നത് മുഖ്യമന്ത്രിയിൽ തന്നെ. ഇത്ര കുത്തഴിഞ്ഞ രീതിയിലാണോ സംസ്ഥാനത്തെ പൊലിസിൻെറ തലപ്പത്തുളളവർ പ്രവർത്തിക്കുന്നത് എന്നതാണ് മുഖ്യമന്ത്രിക്ക് നേരെ ഉയരുന്ന ചോദ്യം.
മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നു എന്നും പി.വി.അൻവർ എം.എൽ.എ ആരോപിക്കുമ്പോൾ ഇതിനൊക്കെ ചുക്കാൻ പിടിക്കുന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാർ സ്വന്തം നിലയ്ക്കാണ് എല്ലാം തീരുമാനിക്കുകയും ചെയ്യുന്നതെന്നും തോന്നിപ്പോകും.
മുഖ്യമന്ത്രി ഇത്ര ദുര്‍ബലനോ ?
ആ നിലയിൽ ചിന്തിക്കുമ്പോൾ പൊലീസിന് മേലും മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്ന് വ്യക്തമാകുകയാണ്. ഇരട്ടച്ചങ്കനെന്നും ശക്തനെന്നും പേരുകേട്ട പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിൽ ഇത്ര ദുർബലനാണോ എന്നാണ് ഇപ്പോൾ പൊതുവിൽ ഉയരുന്ന ചോദ്യം. പി.ശശിക്കും എ.ഡി.ജി.പി അജിത് കുമാറിനും പിന്നാലെ സുജിത് ദാസ് എന്ന യുവ ഐ.പി.എസ് ഉദ്യോഗസ്ഥനും നാണംകെട്ട് നിൽക്കുകയാണ്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ആയിരുന്ന കാലത്ത് സ്വന്തം ക്യാമ്പ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന ആക്ഷേപം പിൻവലിക്കാൻ യുവ ഐ.പി.എസ് ഉദ്യോഗസ്ഥൻ അൻവർ എം.എൽ.എയോട് കേണപേക്ഷിക്കുന്ന ശബ്ദ സന്ദേശം ദയനീയമാണ്.
സ്വർണക്കടത്ത് സംഘങ്ങളുമായുളള സുജിത് ദാസിൻെറ ബന്ധത്തെപ്പറ്റിയും അൻവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മൊത്തത്തിൽ സർക്കാരിൻെറ പ്രതിഛായ തന്നെ നഷ്ടപ്പെടുത്തിയ സംഭവവികാസമായി മാറിയിരിക്കുകയാണ് കാര്യങ്ങൾ. അതേസമയം അന്‍വര്‍ ഒറ്റയ്ക്കല്ല എന്ന വിലയിരുത്തല്‍ ശക്തമാണ്. പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ നിന്നുതന്നെ അന്‍വറിനു പിന്തുണ ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.