Advertisment

അരുണാചലില്‍ മലയാളികളായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചതു മീനടം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും; മരണ വിവരമറിഞ്ഞ്‌ നാട്ടുകാര്‍ മീനടത്തെ വീടിനു മുന്നില്‍ തടിച്ചു കൂടി

 ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പു ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
1do not cross

കോട്ടയം: കോട്ടയം മീനടം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം മൂന്നാം മൈല്‍ സ്വദേശികളായ ദമ്പതികള്‍ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്.

Advertisment

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു.

വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്കു പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്നു മനസിലായത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

 ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പു ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്നു രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.

മരിച്ചവരുടെ മുറിയില്‍ നിന്നു ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണു മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. വിവരം മാധ്യമങ്ങളില്‍ നിന്നറിഞ്ഞു നാട്ടുകാര്‍ മീനടത്തെ ദമ്പതികളുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ട്.

Advertisment