/sathyam/media/media_files/2025/03/27/mohanlalatsabarimala-1742314917235-8e39923f-f066-4e82-8524-a0fab0a0d41c-900x505-422220.jpeg)
തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയപ്പോൾ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ വഴിപാട് നടത്തിയതിലെ വിവാദത്തിൽ കടുത്ത നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ് രാധാകൃഷ്ണനാണ് മമ്മൂട്ടി മാത്രമല്ല മോഹൻലാലും തൗബ ചെയ്യണോ? എന്ന ചോദ്യവുമായി രംഗത്തെത്തിയത്.
മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിപ്പിച്ചതിനെതിരെ വിമർശനവുമായി പ്രമുഖ മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു.
ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ റെസിപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.
'മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല.
കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്'- ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞു.
സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായിയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കിൽ അത് തെറ്റാമെന്നാണ് അദ്ദേഹം ചാനൽ ചർച്ചയിൽ പ്രതികരിച്ചു.
'വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ മതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുന്നുമെന്ന് കരുതുന്നില്ല',- എന്നാണ് നാസർ ഫെെസി കൂടത്തായി പറഞ്ഞത്.
വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. വഴിപാട് രസീതിലെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. വഴിപാട് നടത്താൻ മോഹൻലാൽ ചുമതലപ്പെടുത്തിയ ആൾക്കും രസീത് കൈമാറിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ല.
ബി.ജെ.പി ഉപാദ്ധ്യക്ഷൻ പറയുന്നത് ഇങ്ങനെ- മമ്മൂട്ടി ഇസ്ലാം മതവിശ്വാസിയാണ്. അഞ്ച് നേരം നിസ്കരിക്കുകയും റംസാൻ നോമ്പ് നോക്കുകയും ഹജ്ജ് കർമ്മം നടത്തി ആത്മശുദ്ധി വരുത്തുകയും ചെയ്യുന്ന സത്യവേദ വിശ്വാസിയാണ് അദ്ദേഹം.
ഏതൊരു ഇസ്ലാം മത വിശ്വാസിയും അല്ലാഹുവിനെ ഒരേ ഒരു ദൈവമായി അംഗീകരിക്കുകയും മറ്റു ദൈവങ്ങളെ നിഷേധിക്കുകയും വേണം. അല്ലാഹു ഒഴികെയുള്ള ഏതു ദൈവത്തോട് എന്തു പ്രാർത്ഥിക്കുന്നതും ദൈവനിന്ദയാണ്. ദൈവനിന്ദയാകട്ടെ വധശിക്ഷ അർഹിക്കുന്ന കുറ്റവുമാണ്.
എന്നാൽ, ഏതെങ്കിലും കാരണവശാൽ ഏകദൈവമായ അല്ലാഹുവിൽ നിന്ന് മനുഷ്യസഹജമായ ദൗർബല്യത്താൽ അകന്നു പോയിട്ടുണ്ടെങ്കിൽ അതിന് പരിഹാര മാർഗ്ഗമുണ്ട്. അതാണ് തൗബ.
ദൈവനിന്ദ നടത്തി പാപം ചെയ്തവൻ പശ്ചാത്തപ വിവശനായി അല്ലാഹുവിലേക്ക് മടങ്ങുന്നതാണ് തൗബ. തൗബയിൽ ആറു ഘടകങ്ങൾ ഒത്തു ചേർന്നിരിക്കണം.
- ചെയ്ത തെറ്റ് ദൈവനിന്ദയാണെന്ന് ബോദ്ധ്യപ്പെട്ട് പശ്ചാത്തപിക്കണം.
- അല്ലാഹുവിനോടുള്ള അനുസരണം താല്കാലികമായി നഷ്ടപ്പെട്ടത് തെറ്റാണ് എന്നു ബോദ്ധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ തൻ്റെ മതപരമായ ദൗത്യങ്ങളിലേക്ക് മടങ്ങിയെത്തി അതിനെ പരിപൂർണ്ണമാക്കണം.
- ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം.
- തെറ്റ് ആവർത്തിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യണം.
- നിയമവിരുദ്ധമായി ഏതെങ്കിലും വസ്തുവഹകൾ പിടിച്ചെടുത്തിട്ടുണ്ട് എങ്കിൽ അവ തിരിച്ചേൽപ്പിക്കണം.
- അല്ലാഹുവിനോടുള്ള അനുസരണം ആവർത്തിച്ച് സമർത്ഥിക്കണം.
ഇസ്ലാം മതവിശ്വാസിയായ ഒരാൾ അല്ലാഹുവിനോടല്ലാതെ മറ്റ് ആരോടെങ്കിലും സഹായം ചോദിക്കുന്നത് ദൈവനിന്ദയായതുകൊണ്ടാണ് അതിനെ തൗബ ചെയ്തു പ്രായശ്ചിത്തം ചെയ്യേണ്ട കുറ്റമായി കരുതുന്നത്.
അതുകൊണ്ട്, അയ്യപ്പസ്വാമിയോട്, രോഗശാന്തിക്കായി, മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹൻലാൽ വഴിപാട് നടത്തിയതെങ്കിൽ മമ്മൂട്ടി തൗബചെയ്യണം എന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവും മതമൗലിക വാദികമായ ഒ. അബ്ദുള്ള പറഞ്ഞത് തീർത്തും ശരിയാണ്.
തനിക്ക് ബോദ്ധ്യമുള്ള മതപരമായ സത്യം വെളിവാക്കൽ, മത വിശ്വാസ പ്രകാരം ജീവിക്കുന്ന ഏതൊരു മുസ്ലിമിൻ്റേയും കടമയാണ്. ഒ. അബ്ദുള്ള തന്നിൽ നിക്ഷിപ്തമായിരിക്കുന്ന മതപരമായ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. അതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ മെക്കിട്ട് കേറുന്നതിൽ ശരിയില്ല.
മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയത് മോഹൻലാൽ ആണ്. മോഹൻലാൽ ഹിന്ദുമത വിശ്വാസിയാണ്. ലോകാ:
സമസ്താ: സുഖിനോ ഭവന്തു എന്നാണ് ഹിന്ദുമതത്തിൻ്റെ പ്രാർത്ഥന.
സമസ്ത ലോകത്തിൽ മണൽത്തരിയും താരയൂഥവും പശുപക്ഷിജാലവും മനുഷ്യനും ഉൾപ്പെടും. അതുകൊണ്ട്, മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാനും വഴിപാട് നടത്താനും മോഹൻലാലിന് ഒരു തടസ്സവുമില്ല. എന്നാൽ ഇസ്ലാമിലെ ദൈവം മുസ്ലീങ്ങളെ സംരക്ഷിക്കുകയും അമുസ്ലീങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്.
ബഹുദൈവ വിശ്വാസിയും ബിംബാരാധകനുമായ മോഹൻലാൽ ഇസ്ലാംമത ദൃഷ്ടിയിൽ കാഫിറാണ്. കാഫിറിൻ്റെ ഒരു പ്രാർത്ഥനയും ഇസ്ലാമിലെ ദൈവം സ്വീകരിക്കില്ല. എന്നാൽ, ആരുടെ പ്രാർത്ഥനയും മോഹൻലാലിൻ്റെ ദൈവം സ്വീകരിക്കുകയും ചെയ്യും.
സ്വാഭാവികമായും, മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ വഴിപാട് കഴിച്ചതിൽ യാതൊരു തെറ്റുമില്ല. എന്നാൽ, മമ്മൂട്ടി ആവശ്യപ്പെട്ട പ്രകാരമാണോ മോഹൻലാൽ വഴിപാട് നടത്തിയത് എന്ന ചോദ്യമാണ് ഇസ്ലാം മതമൗലികവാദികൾ ചോദിക്കുന്നത്.
ഉത്തരം വളരെ ലളിതം. മമ്മൂട്ടി ഒരിക്കലും തൻ്റെ പേരിൽ വഴിപാട് നടത്തണമെന്ന് മോഹൻലാലിനോട് എന്നല്ല ഒരാളോടും ആവശ്യപ്പെടില്ല. കാരണം, മമ്മൂട്ടിയും അടിയുറച്ച ഇസ്ലാം മതവിശ്വാസിയാണ്. അതുകൊണ്ട്, തൗബ ചെയ്യേണ്ട ഒരു കുറ്റം അറിഞ്ഞു കൊണ്ട് മമ്മൂട്ടി ചെയ്യില്ല എന്നു വേണം കരുതാൻ.
സ്വാഭാവികമായും മമ്മൂട്ടി തൗബ ചെയ്യണം എന്ന വാദം നിലനിൽക്കില്ല. രോഗിയായി കിടക്കുന്ന തൻ്റെ ആത്മമിത്രത്തിനു വേണ്ടി, തൻ്റെ മതവിശ്വാസപ്രകാരം പ്രാർത്ഥിക്കുന്നത് പോലും തർക്ക വിഷയമാക്കുന്നവരുടെ മനോനില മാറണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്.
സിനിമ വ്യവസായം വിശ്വാസങ്ങളുടെ മാത്രമല്ല അന്ധവിശ്വാസങ്ങളുടേയും കേന്ദ്രമാണ്. കാരണം, സിനിമ ചൂതാട്ടം പോലെയാണ്. ഒരു സിനിമ വിജയിക്കുന്നതിനും പരാജയപ്പെടുന്നതിനും മതിയായ കാരണം കണ്ടെത്താൻ കഴിയില്ല.
ഏത് ഘടകമാണ് ഒരു സിനിമയെ വിജയിപ്പിച്ചത് എന്നും പറയാൻ കഴിയില്ല. പല നല്ല സിനിമകളും കൊട്ടകയിൽ എട്ടു നിലയിൽ പൊട്ടുന്നതും കണ്ടിട്ടുണ്ട്. അതുകൊണ്ട് കൂടിയാകാം സിനിമയിൽ പൂജ ചെയ്യുന്ന ചടങ്ങ് കടന്നു കൂടിയത് എന്നു തോന്നുന്നു.
പ്രേംനസീർ, ഉമ്മർ, ബഹദൂർ, സിദ്ധിഖ്, റഹ്മാൻ എന്നു തുടങ്ങി മമ്മൂട്ടിയും ഫാസിലുമടക്കം അനേകം മുസ്ലീങ്ങൾ പൂജയിൽ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. അവരെല്ലാം തൊഴുകയ്യോടെ പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ പേരിൽ അവരോട് ആരും തൗബ ചെയ്യണം എന്ന് ആവശ്യപ്പെട്ടതായും അറിയില്ല.
ജമാഅത്തെ ഇസ്ലാമിയും സമസ്തയുമെല്ലാം അവരോട് ഇതൊന്നും ആവശ്യപ്പെട്ടിട്ടുമില്ല. മതവിശ്വാസത്തിൻ്റെ പേരിൽ നിലവിളക്ക് കത്തിക്കാൻ വിസമ്മതിക്കുന്ന മുസ്ലീംലീഗ് നേതാക്കളും ഇക്കാര്യത്തിൽ ഒന്നും മിണ്ടാറില്ല. കാരണം
സിനിമ നിർമ്മാണം പണം മുടക്കുന്ന കച്ചവടമാണ്.
ഏത് ദൈവം പണം തന്നാലും മേടിക്കുന്നതാണ് ഉചിതം എന്നു കരുതുന്ന ഈ മത സംരക്ഷകരാണ് ഒരു സുഹൃത്തിൻ്റെ രോഗശമനത്തിനായി പ്രാർത്ഥിക്കുന്നതിനെ വിവാദമാക്കുന്നത്. ഇതും കേരളമാണ്.