/sathyam/media/media_files/pJkn0K0nvnJIuvgPav8s.jpg)
ആലപ്പുഴ: പതിനഞ്ച് വർഷം മുമ്പ് കാണാതായ മാന്നാറിലെ കലയെ ഭർത്താവും കൂട്ടുകാരും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ വൻ വഴിത്തിരിവ്. കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസ് അങ്കലാപ്പിലാണ്.
ഇത്തരത്തിൽ മൃതദേഹം മറവു ചെയ്ത സ്ഥലത്ത് നിന്ന് മാറ്റിയ കഥ പറഞ്ഞ സിനിമയായിരുന്നു ദൃശ്യം. എന്നാൽ ദൃശ്യം സിനിമ പുറത്തിറങ്ങും മുൻപേയാണ് ഈ ക്രൂരകൃത്യം നടന്നത്. സിനിമാ മോഡലിലെ തെളിവുനശിപ്പിക്കലിന്റെ ആസൂത്രണം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹ അവശിഷ്ടങ്ങൾ പോലും കിട്ടാതായതോടെ കൊല്ലപ്പെട്ടത് കലയാണെന്നോ അഥവാ കല കൊലപ്പെട്ടെന്നോ തെളിയിക്കാൻ പൊലീസിന് കഴിയാതെ വരും.
കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കിയതായി പൊലീസിന് വിവരം കിട്ടി. ഇതിനിടെ മൃതദേഹ അവശിഷ്ടങ്ങൾ പൂർണമായും ഇതിൽ നിന്ന് നീക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സെപ്റ്റിക്ക് ടാങ്കിലുണ്ടായിരുന്ന മൃതദേഹം പുറത്തെടുത്ത് അവശിഷ്ടങ്ങൾ എവിടെയാണ് മറവ് ചെയ്തതെന്ന് കണ്ടെത്തുകയാണ് ഇനിയുള്ള വെല്ലുവിളി. മറവ് ചെയ്ത സ്ഥലം കണ്ടെത്താൻ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ ചോദ്യം ചെയ്യുകയാണ്. സെപ്റ്റിക് ടാങ്ക് മാലിന്യം മറവ് ചെയ്ത സ്ഥലവും അതിന് സഹായിച്ചവരെയും തിരിച്ചറിയാൻ അനിൽ സ്ഥലത്തില്ലാത്ത സ്ഥിതിയ്ക്ക് അനിലിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കൊലപാതകക്കേസിലെ പ്രധാന തെളിവായ മൃതദേഹം കണ്ടെത്താനാകാത്ത വിധം അതിവിദഗ്ദമായി ഇല്ലായ്മ ചെയ്തതിൽ നിന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയും കൂടുതൽ പേർക്ക് പങ്കുമുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
അന്വേഷണം വിപുലപ്പെടുത്തുന്നതിനും കേസിലെ പ്രധാന തൊണ്ടികളായ മൃതദേഹ അവശിഷ്ടങ്ങളും കൊലയ്ക്ക് ഉപയോഗിച്ച കാറും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി അന്വേഷണസംഘം വിപുലീകരിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി കെ.എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
കാർ യാത്രയ്ക്കിടെ പെരുമ്പുഴ പാലത്തിൽ വച്ച് കൊലപ്പെടുത്തിയ കലയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ ഉപേക്ഷിക്കാനായിരുന്നു അനിലും സംഘവും ആദ്യം ആലോചിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം എവിടെയെങ്കിലും പൊന്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളും പ്രതികൂല സാഹചര്യങ്ങളും കാരണമാണ് ശ്രമം ഉപേക്ഷിച്ചത്. തുടർന്നാണ് അനിലിന്റെ വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചത്.
സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഒളിപ്പിക്കൽ വീട്ടുകാരുടെ അറിവില്ലാതെ സാദ്ധ്യമല്ലെന്നാണ് കലയുടെ ബന്ധുക്കളുടെ ആരോപണം. ടാങ്കിന്റെ മേൽ മൂടി ഇളക്കി മൃതദേഹം അതിനുള്ളിൽ തള്ളിയശേഷം മേൽമൂടി പൂർവ സ്ഥിതിയിലാക്കി സിമന്റ് പൂശിയതുൾപ്പെടെയുള്ള കാര്യങ്ങൾ അനിലിന്റെ മാതാപിതാക്കൾക്കും സഹോദരിയ്ക്കും അറിവുള്ളതാണ്. ഇവരുടെ കൂടി ഒത്താശ മൃതദേഹം കണ്ടെത്താനാകാത്ത വിധം ഒളിപ്പിച്ചതിന് പിന്നിലുണ്ടാകാമെന്നും അതിനാൽ ഇവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് കലയുടെ സഹോദരൻ എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
വാടകയ്ക്കെടുത്ത കാറാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഈ കാർ ആരുടെതാണെന്നോ ഇപ്പോൾ എവിടെയാണെന്നോ ഇനിയും വ്യക്തമായിട്ടില്ല.
പതിനഞ്ച് വർഷം കഴിഞ്ഞെങ്കിലും കലയെ കൊന്നു കുഴിച്ചുമൂടിയ ടാങ്കിൽ നിന്ന് തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ പോലും ലഭിക്കാത്ത സാഹചര്യത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ മറ്റെവിടെയോ മറവ് ചെയ്‌തെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.
ശരീരത്തിലെ ഏറ്റവും നീളമുള്ള അസ്ഥികളാണ് കൈകാലുകളിലേത്. എല്ലാ അസ്ഥികളും ഒരുപോലെ പൊടിഞ്ഞുപോകാനുള്ള സാദ്ധ്യത വിരളമാണ്. പല്ല് ഏറെ നാൾ കഴിഞ്ഞാലും കേട് കൂടാതെ കിടക്കുന്നതാണ്. അതും കണ്ടെത്താത്ത സ്ഥിതിയ്ക്ക് മൃതദേഹം അപ്പാടെ അവിടെ നിന്ന് മാറ്റിയിരിക്കാനാണ് സാദ്ധ്യത.
സെപ്റ്റിക് ടാങ്കിൽ നിന്ന് നീക്കം ചെയ്ത സാധനങ്ങൾ എവിടെയാണ് കുഴിച്ചിട്ടതെന്ന് കണ്ടെത്തി അവിടെ ശാസ്ത്രീയ പരിശോധന നടത്തിയാൽ എന്തെങ്കിലും സൂചന ലഭിച്ചേക്കുമെന്ന് പൊലീസ് കരുതുന്നു. കുറ്റകൃത്യത്തിൽ പങ്കാളിയായ ആരെയെങ്കിലും മാപ്പുസാക്ഷിയാക്കി കോടതിയിൽ കേസ് ബലപ്പെടുത്താനാണ് പൊലീസിന്റെ ഇപ്പോഴത്തെ ആലോചന.
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് മുടിനാരിഴയും തലയിലിടുന്ന ക്ലിപ്പും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് വള്ളിയുമാണ് തെളിവായി ലഭിച്ചത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
സാധാരണ ഗതിയിൽ മൃതദേഹത്തിന്റെ പേശികൾ, അസ്ഥികൂടം, തലയോട്ടി, ആന്തരികാവയവങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകളും രാസപരിശോധനഫലങ്ങളുടെ റിപ്പോർട്ടുകളുമാണ് മരണകാരണം കണ്ടെത്താൻ ആശ്രയിക്കുന്നത്. മുടിയുടെ സാമ്പിളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ലഭിച്ചാൽ മൃതദേഹ അവശിഷ്ടം കലയുടെതാണെന്ന് തിരിച്ചറിയാനാവും.
സെപ്റ്റിക് ടാങ്ക് വീട്ടുകാർ ഉപയോഗിച്ചിരുന്നതിനാൽ മുടിനാരിഴ കലയുടെതാണെന്ന് ഫോറൻസിക് പരിശോധനയിൽ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്ലൈഡ്, അടിവസ്ത്രത്തിലെ ഇലാസ്റ്റിക് എന്നിവ തെളിവാക്കിയെടുക്കാനുമാവില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us