തിരുവനന്തപുരം: പി വി അൻവർ എംഎൽഎ നടത്തുന്ന പരാമർശങ്ങളിലും അദ്ദേഹത്തിന്റെ ഭാഷയിലും ശൈലിയിലുമെല്ലാം കാണാനാവുന്നത്, ഇടതുപക്ഷത്തോടുള്ള പകയും വിദ്വേഷവുമാണെന്ന് മന്ത്രി എം.ബി. രാജേഷ്.
കുറച്ചുകാലമെങ്കിലും ഇടതുപക്ഷത്തിന് ഓരം ചേർന്നുനടന്ന, ഇടതുപക്ഷം മാന്യമായി പരിഗണിച്ച അദ്ദേഹത്തെ പോലെ ഒരാളിൽ നിന്ന് ഇത്രയും ശത്രുതാപരമായ ഭാഷയും അധിക്ഷേപവർഷവുമുണ്ടാവുന്നത് ഞെട്ടിപ്പിക്കുന്നതും മര്യാദയില്ലാത്തതുമാണെന്ന് രാജേഷ് വിമര്‍ശിച്ചു.
അദ്ദേഹം ഉന്നയിച്ച വിവിധ വിഷയങ്ങളിൽ സർക്കാർ തലത്തിലെ അന്വേഷണവും പാർട്ടി പരിശോധനയും തുടർന്നുകൊണ്ടിരിക്കെയാണ്, ഈ അധിക്ഷേപവർഷം എന്നതുകൂടി ഓർക്കേണ്ടതാണ്. ഇതോടുകൂടി അദ്ദേഹത്തിന്റെ യഥാർത്ഥ ഉദ്ദേശം എല്ലാവർക്കും വ്യക്തമായിട്ടുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആരെയാണ് ഇത് ആത്യന്തികമായി സഹായിക്കുക എന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. കേരളത്തിലെ വലതുപക്ഷത്തിനെ സഹായിക്കുന്നതാണ് അൻവറിന്റെ ഇപ്പോഴത്തെ ഇടതുപക്ഷ വിരുദ്ധ അധിക്ഷേപങ്ങൾ എന്നുമാത്രം പറഞ്ഞാൽ മതിയാവില്ല.
ഇതിലേറ്റവും ഗൂഢമായും മതിമറന്നും ആഹ്ലാദിക്കുന്നത് സംഘപരിവാറായിരിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനമായിട്ടും, ആർ എസ് എസിനും പരിവാരത്തിനും കേരളത്തിൽ ഇതുവരെ രാഷ്ട്രീയമായി ചുവടുറപ്പിക്കാൻ കഴിയാത്തതിന്റെ കാരണം ഇടതുപക്ഷമുയർത്തിയ പ്രതിരോധ ദുർഗ്ഗമാണ് എന്ന് അവർക്ക് നന്നായി അറിയാം.
ഇടതുപക്ഷത്തിന്റെ ആ പ്രതിരോധം ദുർബലപ്പെടുത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, അവർ വിജയിക്കാൻ കഴിയാതെ നിൽക്കുകയാണ്. ഇടതുപക്ഷത്തിനെതിരേ ഒരായുധം കൂടി ലഭിക്കുന്നു എന്നതിന്റെ ആഹ്ലാദത്തിലായിരിക്കും അവർ.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് ഏറനാട്ടിലെ പ്രസ്ഥാനത്തിന് ത്യാഗനിർഭരമായ ഒരു ചരിത്രമുണ്ട്. ഏറനാട്ടിലെ പ്രസ്ഥാനത്തിന്റെ പാരമ്പര്യം കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്റേതാണ് എന്നറിയാത്തതുകൊണ്ടാണ് അൻവർ സിപിഐഎമ്മിനെതിരായ യുദ്ധപ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുന്നതെന്ന് രാജേഷ് വ്യക്തമാക്കി.