/sathyam/media/media_files/2024/11/19/8Y6nNt5xFMIvhVdjG1dC.webp)
തിരുവനന്തപുരം : ഫുട്ബാൾ മിശിഹ ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ പന്ത് തട്ടാനെത്തുന്നതിന്റെ പൂർണ ചെലവ് വഹിക്കുന്ന സ്പോൺസർ റിപ്പോർട്ടർ ടി.വിയായിരിക്കും.
100കോടിയിലേറെ രൂപ ചെലവുണ്ടാവുമെന്നാണ് കണക്ക്. റിപ്പോർട്ടറിനെ സ്പോൺസറായി അംഗീകരിച്ച് സംസ്ഥാന സ്പോർട്സ് വകുപ്പ് ഉത്തരവിറക്കി.
2025 ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കാനായാണ് ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലെത്തുന്നത്.
ഈ മാച്ചിന്റെ സ്പോൺസറായി എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്.
ഗ്രൗണ്ട്, സ്ഥലം, പരിശീലന സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല സ്പോർട്സ് വകുപ്പ് കൂടി ഉൾപ്പെട്ട എസ്.പി.വിക്കായിരിക്കും. മെസിയുടെയും ടീമിന്റെയും കളിക്ക് സർക്കാർ ഒരു ചെലവും വഹിക്കില്ല.
മത്സരം സംഘടിപ്പിക്കുന്നതടക്കം പൂർണ ചുമതല സ്പോൺസർക്കായിരിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
അർജന്റീന ടീമിന്റെ കളിക്കു വേണ്ടി പണം മുടക്കുന്ന റിപ്പോർട്ടറിന് എത്ര വേണമെങ്കിലും പിരിവ് നടത്താൻ അവസരം ഒരുക്കുകയാണ് സർക്കാർ. നേരത്തേ കേരളീയം പരിപാടിയും സ്പോൺസർമാരെ ഉപയോഗിച്ചാണ് നടത്തിയത്.
രണ്ടു വർഷം കഴിഞ്ഞിട്ടും സ്പോൺസർമാർ ആരാണെന്നും എത്ര പണം നൽകിയെന്നും ആർക്കുമറിയില്ല. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കുന്നില്ല എന്ന ഒറ്റക്കാര്യമാണ് സർക്കാർ എടുത്തുകാട്ടുന്നത്.
ഈ കണക്കുകൾക്ക് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് ബാധകവുമല്ല. നേരത്തേ മുട്ടിൽ മരം മുറി കേസിൽ പ്രതികളായവരാണ് റിപ്പോർട്ടർ ടി.വി ഉടമകൾ.
മുൻപ് റിപ്പോർട്ടറിലുണ്ടായിരുന്ന എം.വി നികേഷ് കുമാർ കൂടി ഇടപെട്ടാണ് ഈ സ്പോൺസർഷിപ്പ് റിപ്പോർട്ടർ ടിവി ഉടമകൾക്ക് വാങ്ങി നൽകിയതെന്നും സൂചനയുണ്ട്.
അതേസമയം, ഈ കളികളുടെ സംപ്രേക്ഷണ അവകാശം റിപ്പോർട്ടർ ടിവിക്ക് ലഭിക്കുമോയെന്ന് വ്യക്തമല്ല.
അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് ഫിഫ സ്പോർട്സ് ചാനലുകളുമായി നേരത്തേ കരാറുണ്ടാക്കിയിട്ടുണ്ട്.
അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കാൻ നൂറുകോടി രൂപയോളം ചെലവുവരുമെന്നാണ് കരുതുന്നത്. ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു മത്സരത്തിൽ കളിക്കാനുള്ള മാച്ച് ഫീയായി 36കോടിയാണ് നൽകേണ്ടത്.
എതിർ ടീമുകൾക്കും നല്ലൊരു തുക വേണ്ടിവരും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വലിയ ചെലവുവരും.
സ്പോൺസർഷിപ്പ് , ടിക്കറ്റ് വിൽപ്പന, ടി.വി സംപ്രേഷണാവകാശം തുടങ്ങിയവയിലൂടെ ചെലവിനുള്ള തുക കണ്ടെത്തണം.
അർജന്റീന ടീം രണ്ട് മത്സരങ്ങളായിരിക്കും കേരളത്തിൽ കളിക്കുക. വേദിയായി കൊച്ചിക്കാണ് പ്രഥമ പരിഗണന.
ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഫിഫയാണ് എടുക്കുക.
നവംബറിൽ സ്പെയിനിൽ വച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കായികമന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ ചർച്ചയെത്തുടർന്നാണ് ടീമിനെ അയയ്ക്കാൻ തീരുമാനമായത്.
കൂടുതൽ ചർച്ചകൾക്കായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മത്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
നേരത്തേ സ്പോൺസറായി വ്യാപാരികളെ പരിഗണിച്ചിരുന്നു. അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞിരുന്നു.
കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സംയുക്തമായി രംഗത്തുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയമായി നടത്തും.
എല്ലാ പ്രവർത്തനങ്ങളും മോണിറ്റർ ചെയ്ത് സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ പൊടുന്നനേ റിപ്പോർട്ടർ ടിവി രംഗത്തെത്തുകയായിരുന്നു.
കായികരംഗത്തെ പ്രോൽസാഹിപ്പിക്കുന്നതിനും സ്പോർട്സ് എക്കോണമി വളർത്തുന്നതിനും വേണ്ടിയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
അർജന്റീന പ്രതിനിധികൾ കേരളത്തിൽ എത്തി മെസി ഉൾപ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.
കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. 50,000 കാണികളെ ഉൾക്കൊള്ളാനാകുന്ന സ്ഥലത്ത് വേണം മത്സരം നടത്താൻ.
നേരത്തേ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തത് കാരണം ആ പദ്ധതി ഉപേക്ഷിച്ചു.