/sathyam/media/media_files/vZRTNVYzReQ2tjek7vKJ.jpg)
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ എന്തും നടക്കും, ഭരണപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കില്‍. സര്‍വകലാശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘം സര്‍വകലാശാലയെ വെള്ളാനകളാക്കുകയാണ്. കുറ്റക്കാരാകട്ടെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
എം.ജി സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസിലെ അനധികൃത താമസമാണു വീണ്ടും വിവാദങ്ങളില്‍ നിറയുന്നത്. സര്‍വകലാശാലയിലെ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരുമാണ് ഇവിടെ അനധികൃതമായി താമസിച്ചിരുന്നെന്ന വിവരമാണു പുറത്തു വരുന്നത്.
ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോഴും ഇടുക്കിയില്‍ നിന്നുള്ള യാത്രപ്പടിയായി ചുരുങ്ങിയ കാലം കൊണ്ട് 14 ലക്ഷം കൈപ്പറ്റുകയും ചെയ്ത സിന്‍ഡിക്കേറ്റ് അംഗവും ഉണ്ട് ഇക്കൂട്ടത്തില്‍.
ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോഴും ഇടുക്കിയിലെ കോളജില്‍ നിന്ന് എത്തുന്നതായി കാണിച്ചു സിന്‍ഡിക്കേറ്റ് അംഗം യാത്രപ്പടി വാങ്ങിയിരുന്നു. ഇക്കാര്യം പുറത്തു വന്നതോടെ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദകുമാര്‍ ഇടപെട്ടു. ഗസ്റ്റ് ഹൗസിലെ താമസക്കാരുടെ പേരെഴുതി വയ്ക്കുന്ന രജിസ്റ്റര്‍ പരിശോധിച്ചു. അതില്‍ പലരും പേരെഴുതാറില്ലായിരുന്നു. ഇതോടെ രജിസ്റ്ററും അപേക്ഷാ ഫോമും നിര്‍ബന്ധമാക്കി വി.സി ഉത്തരവിറക്കി.
സ്ഥിര താമസക്കാര്‍ എത്തിയപ്പോള്‍ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ രജിസ്റ്ററില്‍ പേരെഴുതാനും അപേക്ഷാഫോം പൂരിപ്പിച്ചു നല്‍കാനും ആവശ്യപ്പെട്ടു. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഇവര്‍ മുറി സ്വയം ഒഴിയുകയായിരുന്നു എന്നാണു പുറത്തു വരുന്ന വിവരം.
എന്നാല്‍, ഇതേ ഗസ്റ്റ് ഹൗസില്‍ ഒരു വര്‍ഷം മുന്‍പും ഇത്തരം വിവാദം ഉയര്‍ന്നു വന്നിരുന്നു. ഗസ്റ്റ് ഹൗസ് മുറികള്‍ വാടകയ്ക്കു കൊടുക്കുന്നതിലെ വ്യാപക ക്രമക്കേടാണു അന്നു പുറത്തു വന്നത്.
വാടകത്തുക പ്രത്യേകം രജിസ്റ്ററില്‍ സൂക്ഷിക്കുകയോ ബാങ്കില്‍ നിക്ഷേപിക്കുകയോ ചെയ്യാതെ തട്ടിയെടുക്കുന്നുവെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. രസീതിലുള്ള തുകയില്‍ 47,350 രൂപ യൂണിവേഴ്‌സിറ്റിയില്‍ അടച്ചിട്ടില്ലെന്നു കണ്ടെത്തി. രസീതില്‍ 26,250 രൂപയുണ്ടെങ്കിലും തുക ബാങ്കിലടയ്ക്കാതെ മുക്കിയെന്നായിരുന്നു കണ്ടെത്തല്‍.
കൂടാതെ രസീത് നല്‍കാതെയും വാടക പിരിക്കുന്നുണ്ടെന്ന സംശയവും ഉയര്‍ന്നു. പ്രത്യേക ക്യാഷ് ബുക്കും തയ്യാറാക്കാറില്ല. ഇതാണു സംശയം ബലപ്പെടാന്‍ കാരണവും. 2019 - 2021 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ വാടകയിലാണു ക്രമക്കേട് കണ്ടെത്തിയത്. ഗസ്റ്റ് ഹൗസുകള്‍ക്കുള്ള പെറ്റി ചെലവുകള്‍ക്കുള്ള തുക വാടകയിലൂടെയാണു കണ്ടെത്തേണ്ടത്. എന്നാല്‍, ചെലവുകളുടെ ബില്ലുകളും രജിസ്റ്ററും പോലുമില്ലായിരുന്നു. രേഖ സമര്‍പ്പിക്കാതെ പണം തട്ടിയെടുക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
വിവാദങ്ങള്‍ക്കു പിന്നാലെ വാടകയുടെ വരവു ചെലവു കണക്കിനു പ്രത്യേക കാഷ് ബുക്ക്, രജിസ്റ്റര്‍ എന്നിവ വേണം, രസീതുകള്‍, മറ്റു രേഖകള്‍ എന്നിവ എസ്‌റ്റേറ്റ് വിഭാഗം പരിശോധിച്ചു സാക്ഷ്യപ്പെടുത്തണം, രസീത് ബുക്കുകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ എസ്‌റ്റേറ്റ് വിഭാഗത്തില്‍ എഴുതി സൂക്ഷിക്കണം, രസീത് തുക അതതു ദിവസം ഫിനാന്‍സ് ഓഫീസറുടെ അക്കൗണ്ടിലടയ്ക്കണം, ആരൊക്കെയാണു താമസിക്കുന്നത് എന്നെല്ലാം പരിശോധിക്കണണെന്നു ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍, അന്നു കാര്യമായ നടപടി ഉണ്ടായില്ലെന്നു മാത്രം. ഇതാണു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ ചൂഷണം ചെയ്തു പണം തട്ടാന്‍ കാരണമായതും. ഇതോടെ രജിസ്റ്ററും അപേക്ഷാ ഫോമും നിര്‍ബന്ധമാക്കി വി.സിക്ക് ഉത്തരവിറേക്കണ്ട ഗതികേടും ഉണ്ടായി.