നാട് ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അമേരിക്കയില്‍ ചുറ്റിയടിച്ചു നടക്കുന്നതിന്‍റെ ജാള്യത മറയ്ക്കാന്‍ മധ്യകേരളത്തിലെ 'ജനപ്രിയ' എംഎല്‍എ പുറത്തിറക്കിയ ന്യായീകരണ വീഡിയോയും പുലിവാല്‍ പിടിച്ചു ! യുഎസിലെ പ്രവാസി സംഘടന വയനാടിന് നല്‍കുന്ന വീടുകളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമമെന്ന് ആരോപണം ? എംഎല്‍എയുടെ അസാന്നിധ്യം മറയ്ക്കാന്‍ ബോര്‍ഡ് വച്ച കാര്‍ മണ്ഡലത്തില്‍ ചുറ്റിയടിക്കുന്ന തന്ത്രവും പുറത്ത് !

എംഎൽഎ തന്‍റെ അസമയത്തെ അമേരിക്കന്‍ വാസത്തിന് അഴകൊഴമ്പന്‍ വിശദീകരണവുമായി പുറത്തിറക്കിയ വീഡിയോ സന്ദേശവും വിവാദത്തില്‍

New Update
mla 1

കോട്ടയം : രാജ്യം നടുങ്ങിയ വയനാട് ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, യുഎസില്‍ പ്രവാസി മലയാളി പ്രമുഖരുടെ കുടുംബ ആഘോഷങ്ങളിലും സൽക്കാരങ്ങളിലും പങ്കാളിയായി അമേരിക്കൻ പര്യടനത്തിലുള്ള മധ്യകേരളത്തിലെ 'ജനപ്രിയനായ' ഘടകകക്ഷി എംഎൽഎ തന്‍റെ അസമയത്തെ അമേരിക്കന്‍ വാസത്തിന് അഴകൊഴമ്പന്‍ വിശദീകരണവുമായി പുറത്തിറക്കിയ വീഡിയോ സന്ദേശവും വിവാദത്തില്‍. 

Advertisment

യു.എസിലെ ചില പ്രവാസി സംഘടനകൾ വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനും വീടുകള്‍ പണിത് നല്കാനും തീരുമാനിച്ച വിവരം അതുമായി യാതൊരു ബന്ധവുമില്ലാത്ത എംഎൽഎ ഒരു വീഡിയോ സന്ദേശമായി പുറത്തുവിട്ടതാണ് വിവാദമായത്. വയനാടിന്‍റെയും കേരളത്തിന്റെയും ദുഃഖത്തിൽ താനും അമേരിക്കയില്‍ ഇരുന്നു പങ്കുചേര്‍ന്നുകൊണ്ടിരിക്കയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു എം.എല്‍.എയുടെ അഴകൊഴമ്പന്‍ വിശദീകരണം. 


90 വീടുകളുടെ അവകാശി !

 എന്നാല്‍ വിവിധ രാഷ്ട്രീയ നിലപാടുകളിലും ജാതി, മത സംഘടനകളിലും ഉള്‍പ്പെട്ട ആളുകള്‍ അംഗങ്ങളായുള്ള അമേരിക്കന്‍ മലയാളി സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതൃത്വം രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിച്ചത് ശരിയായില്ലെന്ന വിമര്‍ശനം സംഘടനയ്ക്കുള്ളില്‍ ശക്തമാണ്. ആരും ആവശ്യപ്പെടാതെയാണ് വയനാടിന്‍റെ ദുഖം അറിഞ്ഞു നാടിനെ സഹായിക്കാന്‍ ഈ പ്രവാസി സംഘടന രംഗത്ത് വന്നത്.


ഈ പ്രവാസി സംഘടന 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അത് 100 ആക്കി ഉയര്‍ത്തണം എന്ന് താന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും സംഘടനയുടെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നുമായിരുന്നു എം എല്‍ എയുടെ വീഡിയോ സന്ദേശം. 


ഇതോടെ സംഘടനയെ എംഎല്‍എയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതിന് ഭാരവാഹികള്‍ മറുപടി പറഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പരസ്യ പ്രതികരണത്തിന് ഒരുങ്ങാനാണ് ഒരു വിഭാഗത്തിന്‍റെ ആലോചന.

ആരും ആവശ്യപ്പെടാതെ സഹായിക്കാൻ സന്നദ്ധരായ പ്രവാസികളുടെ നല്ല മനസിനെ ദുരന്തകാലത്ത് നാട്ടിലില്ലാത്ത ജാള്യത മറക്കാൻ വേണ്ടി എംഎൽഎ ദുരുപയോഗം ചെയ്തതായാണ് ഇവരുടെ വിലയിരുത്തല്‍.

ഇവിടെ കണ്ണീര്, അവിടെ വീണവായന !

ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന നാട്ടിലെ പ്രിയപ്പെട്ടവരെ കാണാനെത്താൻ തയ്യാറാകാതെ ജൂലൈ 15 മുതൽ അമേരിക്കയില്‍  തങ്ങുന്ന എംഎൽഎ ആഗസ്റ്റ് 15ന് മാത്രമേ മടങ്ങി എത്തുകയുള്ളൂ. അതുവരെ മുൻകൂറായി തീരുമാനിച്ച പ്രകാരം ചില പ്രവാസി പ്രമുഖരുടെ വീടുകളിലും ഹോട്ടലുകളിലും നടക്കുന്ന മാമോദിസ, വിവാഹ, വിവാഹ വാർഷിക, ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കുകയും അർമാദിക്കുകയുമാണ് എംഎൽഎയുടെ അമേരിക്കയിലെ ഇപ്പോഴത്തെ വിനോദങ്ങള്‍.


ദുരന്തത്തിന് മുമ്പ് എംഎൽഎ യുഎസിലേക്ക് പോയത് കഴിഞ്ഞ മാസം നടന്ന ഒരു പ്രവാസി സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ആയിരുന്നു. ഒപ്പം മറ്റു ജനപ്രതിനിധികളും പോയിരുന്നു. അവരൊക്കെ പരിപാടി കഴിഞ്ഞ് മടങ്ങിപ്പോന്നെങ്കിലും ഇദ്ദേഹം യാത്ര ഒരു മാസത്തേക്ക് നീട്ടി സൽക്കാരങ്ങളും ആഘോഷങ്ങളും ഫണ്ട് ശേഖരണവും ഒക്കെയായി യു.എസിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് അടിച്ചുപൊളിക്കുകയാണ്.


ഓരോ ദിവസവും ഓരോ സുഹൃത്തുക്കളുടെ വീടുകളിലാണ് സൽക്കാരവും ആട്ടവും പാട്ടും ഒക്കെ നടക്കുന്നത്. അതിനിടെ വയനാട് ദുരന്തം സംഭവിച്ചെങ്കിലും ഇദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല.

നേതാവ് ഇല്ലെങ്കിലും 'എംഎല്‍എ' ബോര്‍ഡ് റെഡി !

നേതാവ് നാട്ടിൽ ഇല്ലെന്ന കാര്യത്തിൽ മണ്ഡലത്തിൽ ഉള്ളവർക്ക് സംശയ തോന്നാതിരിക്കാൻ എംഎൽഎയുടെ ബോർഡ് വെച്ച സ്വന്തം വാഹനം മണ്ഡലത്തിലെ വിവിധ  ടൗണുകളിലൂടെ സ്റ്റാഫും ചില കുട്ടി നേതാക്കളുമായി തലങ്ങും വിലങ്ങും പായുന്നുമുണ്ട്. ഇടയ്ക്ക് ചില മരണവീടികളിൽ കാറില്‍ 'എംഎല്‍എ' ബോർഡ് വെച്ചും പാതിമറച്ച ബോർഡുമായും എംഎൽഎയുടെ കുടുംബാംഗങ്ങൾ എത്തി റീത്ത് സമർപ്പിക്കുകയും ചെയ്യും. 


ഈ സമയത്ത് കാര്‍ എംഎൽഎ ബോർഡിന്റെ കവർ മാറ്റി മറ്റുള്ളവർക്ക് കാണാവുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യാനും ഡ്രൈവര്‍ മറക്കാറില്ല. ഇത് കാണുമ്പോൾ എംഎൽഎ വന്നിരുന്നുവെന്ന് നാട്ടുകാരും ധരിക്കും. ഫലത്തില്‍ നാട്ടില്‍ എംഎല്‍എയുടെ അസാന്നിധ്യം മറച്ചുവയ്ക്കാന്‍ ഏറെ നാളുകളായി ഈ നേതാവ് നടത്തുന്ന ഒരു തന്ത്രമാണ് ബോര്‍ഡ് വച്ച ഔദ്യോഗിക വാഹനത്തിന്‍റെ റോന്ത് ചുറ്റല്‍.


 ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മറ്റൊരു എംഎല്‍എയും താന്‍ നാട്ടിലില്ലാത്ത സമയത്ത് ഈ തരത്തില്‍ ബോര്‍ഡ് മറയ്ക്കാതെ കാര്‍ നാട്ടിലൂടെ പായിക്കുന്നത് പതിവാണ്. പതിവായി സംസ്ഥാനത്തിന് പുറത്തുള്ള അദ്ദേഹത്തിന് ആ ബുദ്ധി ഉപദേശിച്ചതും ഈ 'അമേരിക്കന്‍ അച്ചായന്‍' ആണെന്നാണ് റിപ്പോര്‍ട്ട്.

ഈ എംഎല്‍എയുടെ ഭാര്യ സഞ്ചരിക്കുന്ന കാറിനും  'എംഎല്‍എ' ബോര്‍ഡുണ്ട്. അത് മറച്ചിരിക്കുന്ന കവര്‍ ഒരിയ്ക്കലും ബോര്‍ഡിന്‍റെ പകുതിയ്ക്ക് മുകളില്‍ കവര്‍ ചെയ്യാറില്ലത്രേ. ഇവരൊക്കെയാണ് മധ്യകേരളത്തിലെ 'ജനപ്രിയ' നേതാക്കള്‍ .

 എവിടെപ്പോയാലും ബോർഡ് വെച്ച കാറില്‍ സഞ്ചരിക്കുകയും വഴിയിൽ കാണുന്നവരെ മുഴുവന്‍ കൈ ഉയർത്തി കാണിക്കുകയും ചെയ്യുന്നതാണ് എംഎല്‍എയുടെ ശീലം.  ഔദ്യോഗിക കാറിൽ അല്ലാതെ അദ്ദേഹം സഞ്ചരിച്ചത് മുമ്പ് മന്ത്രിയായിരിക്കെ കൊയിലാണ്ടിയില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തില്‍ മാത്രമാണ്. അത് പിറ്റേന്ന് ചില പത്രങ്ങളില്‍ വാർത്ത ആകുകയും ചെയ്തിരുന്നു.

Advertisment