/sathyam/media/media_files/7WjBwuRwOWkNCIvyBdeA.jpg)
കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം മാറ്റുന്നതിൽ പ്രതിഷേധിച്ച മകൾ ആശയെയും മകനെയും ബലം പ്രയോഗിച്ചു നീക്കി.
ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.
മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ ഇതോടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചു. ഇതോടെ സിപിഎം അംഗങ്ങൾ പിന്നോട്ടുമാറി.
ബന്ധുക്കളെത്തി ഇരുവരെയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ഇതിനു ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.