/sathyam/media/media_files/f9R4d2U1R7tjualKYveA.jpg)
തിരുവനന്തപുരം: മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിനെ പ്രധാനമന്ത്രി മോദിയുടെ പാലക്കാട് റോഡ് ഷോക്കിടെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവം രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഎം. അബ്ദുൾ സലാം അപമാനിതനായതായി സിപിഎം നേതാവ് എ.കെ ബാലൻ പ്രതികരിച്ചു.
മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടുമെന്നും എകെ ബാലൻ പറഞ്ഞു. ഇത് ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബിജെപി ജയിക്കില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത്തവണ പാലക്കാട് ജയിക്കുമെന്നും ബാലന്‍ പറഞ്ഞു.
തന്നെ ബിജെപി അപമാനിച്ചിട്ടില്ലെന്ന് അബ്ദുല്‍ സലാം പ്രതികരിച്ചു. ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്കൊപ്പം റോഡ് ഷോയിൽ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നൽകിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുൽ സലാം പ്രതികരിച്ചു. പാലക്കാട് പോയത് മോദിയെ കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്. ഇതോടെയാണ് അബ്ദുൽ സലാമിനെ മാറ്റിനിർത്തിയതായി ആക്ഷേപം ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us