/sathyam/media/media_files/FbCWj2wsyXWaNYhplQxn.jpg)
കോട്ടയം: ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയതോടെ മോഹഭംഗം സംഭവിച്ചത് മാര്‍ റാഫേല്‍ തട്ടിലിനാണ്.
സീറോ മലബാര്‍ സഭാ തലവനാക്കപ്പെട്ടു ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സഭാതലവനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതാണു കീഴ്‌വഴക്കം. മാര്‍ റാഫേല്‍ തട്ടിലിനു കര്‍ദിനാള്‍ പദവി ലഭിക്കേണ്ട സമയം കൂടിയാണിത്.
എന്നാല്‍, വത്തിക്കാന്‍ ഇക്കുറി അപ്രതീക്ഷിത നീക്കത്തിലൂടെ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്കു ഉയര്‍ത്തുകയായിരുന്നു. തന്റെ 51-ാം വയസിലാണു സഭയുടെ ഏറ്റവും ഉന്നതമായ ചുമതലയായ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
നിലവില്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ സംഘാടകനാണു മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനു മുന്‍പ് ഇതേ തസ്തികകള്‍ വഹിച്ച മറ്റു രണ്ടുപേരെയും കര്‍ദിനാള്‍ പദവിയിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാലത്ത് 1998, 2001 വര്‍ഷങ്ങളിലായിരുന്നു ഇത്. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിന്റെ പ്രവര്‍ത്തന മികവാണ് ഇത്തരം ഒരു തീരുമാനത്തിലേക്കു എത്തിച്ചതെങ്കിലും അതിനു മറ്റൊരു വശം കൂടിയുണ്ട്.
മാര്‍ റാഫേല്‍ തട്ടിലിനോടുള്ള കടുത്ത അതൃപ്തിയായിരുന്നു ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പാക്കിയ സിനഡില്‍ പോപ്പിന്റ നോമിനി ആയി പങ്കെടുത്ത വൈദികന്‍ ആണു ജോര്‍ജ് കൂവക്കാട് എന്നതും ശ്രദ്ധേമാണ്.
എറണാകുളം അങ്കമാലി രൂപതയില്‍ ആഴ്ചയില്‍ ഒരു സിനഡ് കുര്‍ബാന മതി എന്ന തീരുമാനത്തില്‍ വത്തിക്കാനു കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഒപ്പം എറണാകുളം അങ്കമാലി രൂപതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടപടി എടുക്കുന്നതില്‍ ഉണ്ടായ വീഴ്ചയും മാര്‍ റാഫേല്‍ തട്ടിലിനു കര്‍ദിനാള്‍ പദവി നഷ്ടപ്പെടുന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതോടെ ഭാവിയിലും കര്‍ദിനാള്‍ പദവിയിലേക്കു ഉയര്‍ത്തപ്പെടാനുള്ള മാര്‍ തട്ടിലിന്റെ സാധ്യതകള്‍ക്കു മങ്ങലേറ്റു. മാര്‍ച്ചില്‍ മാര്‍ ആലഞ്ചേരിക്ക് 80 തികയുമ്പോള്‍ പിന്നെ കാര്‍ഡിനാള്‍ സമിതിയില്‍ വോട്ടവകാശമുള്ള സീറോ മലബാര്‍ സഭയിലെ ഏക ആളായി നിയുക്ത കര്‍ദിനാള്‍ ഫാ. ജോര്‍ജ് കൂവക്കാട് മാറും.
കാര്‍ഡിനാള്‍ സമിതിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കും വോട്ടവകാശമുണ്ട്. ഇതോടെ സീറോ മലബാര്‍ സഭയില്‍ മറ്റൊരാള്‍ കൂടി കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പൊടാന്‍ ഉള്ള സാധ്യതകള്‍ വിരളമായി.
ഇതോടൊപ്പം സീറോ മലബാര്‍ സഭ പൊന്തിഫിക്കല്‍ ഡെലഗേറ്റായി നിയുക്ത കര്‍ദിനാള്‍ ഫാ.ജോര്‍ജ് കൂവക്കാട് എത്താനുള്ള സാധ്യതകളും എറെയാണ്. അങ്ങനെ സംഭവിച്ചാല്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റ് വത്തിക്കാനിലിരുന്നു സഭയുടെ ഭരണം നിര്‍വഹിക്കുന്ന അവസ്ഥയും ഉണ്ടാകും. ഡിസംബര്‍ എട്ടാം തീയതിയാണു കര്‍ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍.