Advertisment

കേരളാ ക്രിക്കറ്റ് അസോസിയേഷൻ കോച്ച് മനുവിനെതിരെ പരാതികൾ കൂടുന്നു; ക്രിക്കറ്റ് താരമാകാനുള്ള മോഹവുമായെത്തുന്ന പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നവെന്ന പരാതി മനു അറസ്റ്റിലായതിന് പിന്നാലെ; അസോസിയേഷൻ ആസ്ഥാനത്ത് വെച്ചും പീഡനം നടത്തിയതായി രക്ഷിതാക്കളും കുട്ടികളും; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായും മൊഴി

ക്രിക്കറ്റ് പരിശീലകനിൽ നിന്ന്  പെൺകുട്ടികൾക്ക് നേരെ ലൈംഗിക പീഡനം ഉണ്ടായത് കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ നാണക്കേടായിരിക്കുകയാണ്

New Update
manu Untitledja

തിരുവനന്തപുരം: ലൈംഗിക പീഡന പരാതികൾ നേരിടുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ചിനെതിരെ കൂടുതൽ പരാതികളുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്. ക്രിക്കറ്റ് അസോസിയേഷൻെറ കോച്ച് മനുവിനെതിരെയാണ് പീഡന പരാതികൾ വ്യാപകമാകുന്നത്. ക്രിക്കറ്റ് പരീശീലനത്തിന് വരുന്ന പെൺകുട്ടികളോട് മനു നടത്തിയ ക്രൂരപീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

Advertisment

കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷൻെറ കോച്ച് ആയി പ്രവർത്തിക്കുന്ന മനു, ഇക്കാലമത്രയും പീഡനം തന്നെയായിരുന്നു നടത്തിയിരുന്നതെന്നാണ് പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും  പൊലീസിന് നൽകിയ മൊഴി. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് ആനന്ദം കണ്ടെത്തുന്നതാണ്  മനുവിൻെറ വിനോദം.


ഫോണിൽ കുട്ടികളുടെ  നഗ്നചിത്രങ്ങൾ പകർത്തുന്നതാണ് മറ്റൊരു വൈകൃതം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ ശാരീരികാവസ്ഥ സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് ബോർഡിന് റിപ്പോര്‍ർട്ട് അയക്കാനാണെന്ന കാരണം പറഞ്ഞാണ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ  ഫോണിൽ പകർത്തിയിരുന്നത്.


 നഗ്നചിത്രങ്ങൾ കൈക്കലാക്കിയശേഷം സെലക്ഷൻ കിട്ടാനും മറ്റും തൻെറ ആഗ്രഹങ്ങൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുന്ന രീതിയും മനു എന്ന ക്രിക്കറ്റ് പരീശീലകനുണ്ട്. തെൈക്കാടുളള കേരള ക്രിക്കറ്റ് അസോസിയേഷൻെറ ആസ്ഥാനത്ത് വെച്ച് അടക്കം മനു ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനം പോലും പെൺകുട്ടികൾക്ക് സുരക്ഷിതമല്ലായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. കെസിഎ ആസ്ഥാനത്തെ വാഷ് റൂമിലും  റെസ്റ്റ് റൂമിലും ജിമ്മിലും നെറ്റ്സിലും വെച്ച്  പെൺകുട്ടികൾ മനുവിന്റെ ക്രൂരതകൾക്ക് ഇരയായി. ലഹരി മരുന്ന് നൽകിയും പെൺകുട്ടികളെ ലൈംഗിക താൽപര്യങ്ങൾക്കായി ഉപയോഗിച്ചതായും ആക്ഷേപങ്ങളുണ്ട്.

ഇത്രയൊക്കെ ഉണ്ടായിട്ടും ആരും ഒന്നും തുറന്ന് പറയാനോ പരാതിപ്പെടാനോ തയാറായില്ല. പുറത്തറിയിച്ചാൽ ക്രിക്കറ്റ് മോഹങ്ങൾ അതോടെ ഇല്ലാതാക്കുമെന്ന മനുവിൻെറ നിരന്തര ഭീഷണിയാണ് പരാതി നൽകുന്നതിൽ നിന്ന് പെൺകുട്ടികളെ പിന്നോട്ട് വലിച്ചത്.

തമിഴ് നാട്ടിലെ ഒരു സ്ഥലത്ത് ടൂർണമെൻെറന്ന പേരിൽ പോയ ശേഷം അവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടും പരാതി ഉണ്ടായില്ല. എന്നാൽ ധൈര്യത്തോടെ ഒരു കുട്ടി പരാതി തുറന്ന് പറയാൻ മുന്നോട്ടുവന്നതോടെയാണ് മനുവിൻെറ കളളക്കളികൾ പുറത്താകാൻ തുടങ്ങിയത്. രണ്ടര വർഷം മുൻപ് തനിക്ക് നേരിട്ട ദുരനുഭവമാണ് പെൺകുട്ടി പൊലീസ് മുൻപാകെ തുറന്ന് പറഞ്ഞത്.


 ലൈംഗികമായി പീഡിപ്പിച്ചും ഉപദ്രവിച്ചും കരിയർ തന്നെ തുലച്ച ആ മനുഷ്യൻ തൽസ്ഥാനത്ത് തുടരുന്നതിലുളള കടുത്ത അമർഷമാണ് പരാതി പറയാൻ പ്രേരണയായത്. പിന്നീടിങ്ങോട്ട് അനവധി പരാതികളാണ് മനുവിന് എതിരെ പൊലീസിന് ലഭിച്ചത്. ഇതുവരെ ആറ് കേസുകളാണ് മനുവിനെതിരെ  രജിസ്റ്റർ ചെയ്തിട്ടുള്ളത്.


 ക്രിക്കറ്റ് പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നത് മാത്രമല്ല കോച്ചായ മനുവിന് എതിരെ പെൺകുട്ടികൾ ഉന്നയിക്കുന്ന പരാതി. വിവിധ വിഭാഗങ്ങളിലേക്ക് നടക്കുന്ന മത്സരങ്ങളിലേക്കുളള ടീമുകളിൽ സെലക്ഷൻ കിട്ടാൻ പണം വാങ്ങുന്ന രീതിയും മനുവിനുണ്ട്. തരാതരം പോലെ അയ്യായിരവും പതിനായിരവും ഇരുപത്തയ്യായിരവും ഒക്കെയാണ് ആവശ്യപ്പെട്ട് വാങ്ങിയെടുക്കുന്നത്.

പണം നൽകാത്തവര്‍ക്ക്‌ സെലക്ഷൻ നൽകാതെ ഒഴിവാക്കുന്നതും പതിവാണെന്ന് കുട്ടികളും രക്ഷിതാക്കളും പരാതിപ്പെടുന്നു. എതിർക്കുന്നവര്‍ക്ക്‌ അവസരം ഇല്ലാതാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുന്ന പ്രവണതയും ശക്തമായിരുന്നു. ഇതെല്ലാം കുട്ടികളും രക്ഷിതാക്കളും പൊലീസിന് മുന്നിൽ അറിയിച്ചിട്ടുണ്ട്.

ലൈംഗിക പീഡനം സംബന്ധിച്ച പരാതിയെ തുടർന്നുളള കേസിൽ മനു ഇപ്പോൾ പൊലീസിൻെറ കസ്റ്റഡിയിലാണ്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ തെളിവെടുപ്പും മറ്റും പൂർത്തിയായിട്ടുണ്ട്.

ക്രിക്കറ്റ് പരിശീലകനിൽ നിന്ന്  പെൺകുട്ടികൾക്ക് നേരെ ലൈംഗിക പീഡനം ഉണ്ടായത് കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ നാണക്കേടായിരിക്കുകയാണ്. എങ്ങനെ കുട്ടികളെ  വിശ്വസിച്ച് പരീശീലനത്തിന് അയക്കുമെന്ന ചോദ്യമാണ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്ക് നേരെ ഉയരുന്നത്.

വൻകിട മത്സരങ്ങൾ നടത്തുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന അസോസിയേഷൻ ഭാരവാഹികൾ, പരിശീലകരുടെ പെരുമാറ്റം അടക്കമുളള കാര്യങ്ങളിൽ ഒരു താൽപര്യവും കാട്ടാറില്ല. ഇതാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് വെച്ച് പോലും കുട്ടികൾ പീഡിപ്പിക്കപ്പെടാൻ കാരണമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

Advertisment