Advertisment

അഭിമുഖ വിവാദത്തിന് പിന്നാലെ എഡിജിപി അജിത്കുമാറിനെതിരേ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി പൊലീസിന് പുറത്തേക്ക് മാറ്റും. നീക്കം ന്യൂനപക്ഷങ്ങൾ എതിരാവുമെന്ന തിരിച്ചറിവില്‍. തീരുമാനം സിപിഐയെയും അറിയിച്ചു. നടപടിയില്ലെങ്കില്‍ നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനും സിപിഐ ഒരുങ്ങി. ഒരു മാസത്തിലേറെ അജിത്തിന് നൽകിയ സംരക്ഷണം പിൻവലിക്കാൻ മുഖ്യമന്ത്രി

എ.ഡി.ജിപി എം.ആർ അജിത്കുമാറിനെ ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ പേരിൽ പൊലീസിൽ നിന്ന് മാറ്റാൻ തീരുമാനമെടുത്ത് മുഖ്യമന്ത്രി

New Update
pinarai vijayan mr ajith kumar

തിരുവനന്തപുരം: ’ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ മുഖം നഷ്ടമായതോടെ, എ.ഡി.ജിപി എം.ആർ അജിത്കുമാറിനെ ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ പേരിൽ പൊലീസിൽ നിന്ന് മാറ്റാൻ തീരുമാനമെടുത്ത് മുഖ്യമന്ത്രി.

Advertisment

 എ.കെ.ജി സെന്ററിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അജിത്തിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

ഐ.പി.എസ് അടക്കം സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ചർച്ചകൾക്കും രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുമൊക്കെ വിലക്കുണ്ട്.

 ഈ ചട്ടം ലംഘിച്ചാണ് അജിത്ത് ആർ.എസ്.എസിന്റെ രണ്ട് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ അജിത്തിനെ മാറ്റാനാണ് ധാരണ.

ക്രമസമാധാനത്തിനു പുറമെ ബറ്റാലിയൻ എഡിജിപിയുടെ ചുമതല കൂടി അജിത് വഹിക്കുന്നുണ്ട്. അതിനാൽ ക്രമസമാധാനം മാത്രം ഒഴിവാക്കി ബറ്റാലിയനിൽ തുടരാൻ അനുവദിക്കുകയും അതിലൂടെ പൊലീസിന് പുറത്തേക്ക് അജിത്തിനെ മാറ്റുന്നത് ഒഴിവാക്കാമെന്നുമായിരുന്നു നേരത്തേയുള്ള ധാരണ. 


എന്നാൽ ഇതിനെതിരേ സിപിഐ രംഗത്തെത്തി. നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെ, ശക്തമായ എതിർപ്പിന് സിപിഐ ഒരുങ്ങുന്നതായി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു.


 നേരത്തേ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കാതിരുന്ന സാഹചര്യത്തിൽ സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ കയറാതെ വിട്ടുനിന്ന് പ്രതിഷേധിച്ചിരുന്നു. സമാനമായ പ്രതിഷേധം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഇതേത്തുടർന്നാണ് ഇന്ന് വൈകിട്ടോടെ

ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി അജിത്തിനെ മാറ്റുമെന്ന് ഉറപ്പിച്ചു പറഞ്ഞത്. വെള്ളിയാഴ്ച മുതൽ നിയമസഭ സമ്മേളിക്കുകയാണ്. അജിത്തിനെതിരേ അന്വേഷണം നടത്തിയ ഡിജിപിക്ക് റിപ്പോർട്ട് നൽകാൻ സർക്കാർ അനുവദിച്ചിരുന്ന സമയം നാളെ (വ്യാഴം) കഴിയും.

റിപ്പോ‌ട്ട് ശനിയാഴ്ചയ്ക്കോ ഞായറാഴ്ചയ്ക്കോ ഉള്ളിൽ നൽകാനിടയുണ്ട്. റിപ്പോർട്ടിന്റെ അന്തിമരൂപം നാളെയോടെ തയ്യാറാവും. നാളെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും റിപ്പോർട്ട് കൈമാറുകയെന്നും സൂചനയുണ്ട്.

മലപ്പുറത്തെ തള്ളിപ്പറഞ്ഞെന്നും അപമാനിച്ചെന്നും ആരോപണം ഉയർന്നതോടെ ഡൽഹിയിൽ ദി ഹിന്ദു’ദിനപത്രത്തിന് നൽകിയ അഭിമുഖം മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് പിവി അൻവർ എംഎൽഎ രംഗത്തെത്തിയിരുന്നു.

തെറ്റായ വിലയിരുത്തൽ നടത്തി ആർഎസ്എസിന് അനുകൂല സാഹചര്യം ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പിണറായിയുടെ നിലപാട് മാറിയെന്ന് ആർഎസ്എസിനെ ബോധ്യപ്പെടുത്തുക എന്ന ശ്രമത്തിന്റെ ഭാഗമാണ് ഹിന്ദുവിലെ അഭിമുഖമെന്നും പിവി അൻവർ ആഞ്ഞടിച്ചു.

ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മുസ്ലീം തീവ്രവാദികളും സർക്കാരിനെ ആക്രമിക്കുകയാണെന്നാണ് അഭിമുഖത്തിലുണ്ടായിരുന്നത്. ആർ.എസ്.എസ് മേധാവിയുമായി എ.ഡി.ജി.പി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്.

ഇടതുപക്ഷവും സി.പി.എമ്മും ആർ.എസ്.എസിനെയും ഹിന്ദുത്വ ശക്തികളെയും എക്കാലവും എതിർത്തിട്ടുണ്ട്. സർക്കാരിനെതിരെ ഉയരുന്ന കള്ളക്കഥകൾ കേരളത്തിൽ ആരും വിശ്വസിക്കില്ല- അഭിമുഖത്തിൽ പറയുന്നു.


മലപ്പുറം പരാമർശം ന്യൂനപക്ഷങ്ങളെ എതിരാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ആർ.എസ്.എസ് ബന്ധം ഉയർത്തിക്കാട്ടി എഡിജിപി അജിത്തിനെതിരേ ശക്തമായ നടപടിക്ക് തീരുമാനിച്ചത്. 


തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെയും കോവളത്ത് റാംമാധവിനെയുമാണ് കണ്ടത്. തൃശൂരിലെ കൂടിക്കാഴ്ച സ്വകാര്യസന്ദർശനമെന്ന വിശദീകരണത്തോടെ അജിത് നേരത്തേ മുഖ്യമന്ത്രിയോട് സമ്മതിച്ചിരുന്നു. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് വെളിപ്പെടുത്തിയത്.

പൊലീസുദ്യോഗസ്ഥരെ രാഷ്ട്രീയചർച്ചയ്ക്ക് അയയ്ക്കുന്ന പതിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞൊഴിഞ്ഞെങ്കിലും 20 ദിവസത്തിനുശേഷം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങളൊരുക്കുന്ന യു.പി ആസ്ഥാനമായ ഏജൻസിക്ക് വിവരങ്ങൾ നൽകാനാണ് തൃശൂരിലെ കൂടിക്കാഴ്ചയെന്നും വിവരമുണ്ട്. ഇത് ഗുരുതരസ്വഭാവമുള്ളതാണ്.

അതേസമയം, പിണറായി വിജയനും, ബിനോയ് വിശ്വവും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ടായിരുന്നു കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു.

എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം ബിനോയ് വിശ്വം ചര്‍ച്ചയില്‍ വീണ്ടും ഉന്നയിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിനോയ് വിശ്വത്തിന് ഉറപ്പ് നല്‍കിയെന്നാണ് സൂചന.

Advertisment