തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മലപ്പുറം എസ്.പിയുടെ പ്രത്യേക സംഘം സ്വർണക്കടത്ത് പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് നിർദ്ദേശം വച്ച് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. ഇന്ന് പോലീസ് ആസ്ഥാനത്ത് ചേർന്ന എസ്.പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത്ത് ഈ നിർദ്ദേശം വച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് ഇനി മുതൽ കസ്റ്റംസിനെ അറിയിച്ചാൽ പോരേയെന്നായിരുന്നു എ.ഡി.ജി.പി എം.ആർ അജിത്കുമാർ യോഗത്തിൽ ചോദിച്ചത്.
കള്ളക്കടത്ത് സ്വർണം പിടികൂടുന്ന മലപ്പുറത്തെ പോലീസിൽ അതിൽ 30 ശതമാനവും അതിലേറെയും അടിച്ചുമാറ്റുന്നെന്നും പോലീസിന് സ്വർണം പിടികൂടാൻ അധികാരമില്ലെന്നും പിടിക്കുന്ന സ്വർണം അതേപടി കസ്റ്റംസിന് കൈമാറുകയാണ് വേണ്ടതെന്നുമാണ് പി.വി.അൻവർ പരസ്യനിലപാടെടുത്തത്. ഇത് തള്ളിയാണ് സ്വർണം പിടികൂടുന്നത് പോലീസ് തുടരണമെന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചത്. പക്ഷേ സ്വർണം പിടിക്കൽ ചട്ടപ്രകാരമായിരിക്കണമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.
കള്ളക്കടത്ത് സ്വർണം പിടികൂടി അതിൽ നിന്ന് 30ശതമാനവും അതിലേറെയും മോഷ്ടിച്ചെടുക്കുന്ന പോലീസ് അത് പല ഉന്നതന്മാർക്കും പങ്കുവയ്ക്കുകയാണെന്നും സ്വർണം ഉരുക്കുമ്പോഴാണ് അതിൽ നിന്ന് തട്ടിയെടുക്കുന്നതെന്നുമാണ് അൻവറിന്റെ ആരോപണം.
പോലീസിനു വേണ്ടി സ്വർണം ഉരുക്കുന്ന തട്ടാൻ ഈ ഇടപാടുകളിലൂടെ കോടീശ്വരനായെന്നും അൻവർ ആരോപിച്ചിരുന്നു. ഈ വിവാദങ്ങളുടെ പശ‍്ചാത്തലത്തിലാണ് ഇന്നത്തെ യോഗത്തിൽ അജിത്ത് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. 300 ഗ്രാം വീതമുള്ള 3 സ്വർണ ക്യാപ്സൂളുകൾ കൊണ്ടുവന്ന ആളിൽ നിന്ന് സ്വർണം പിടികൂടിയ പോലീസ്, 526 ഗ്രാം മാത്രം രേഖയിൽ പെടുത്തി 374 ഗ്രാം തട്ടിയെടുത്തെന്ന് അൻവർ ആരോപിച്ചിരുന്നു.
ഇപ്പോൾ സസ്പെൻഷനിലുള്ള എസ്.പി സുജിത്ത്ദാസ് മലപ്പുറം എസ്.പിയായിരിക്കെ 124 കേസുകളിലായി 102 കിലോ സ്വർണമാണ് പിടികൂടിയത്. 2022ൽ 90 കേസുകളിലായി 74 കിലോയും 2023ൽ 34 കേസുകളിലായി 28 കിലോയും. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യാത്രക്കാരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സാഹസികമായി സ്വർണം പിടിച്ചെന്ന രീതിയിലാണ് കേസ് പൊലീസ് അവതരിപ്പിച്ചിരുന്നത്. പൊലീസ് പിടികൂടുമ്പോഴുള്ള സ്വർണവും പിന്നീട് കോടതിയിൽ ഹാജരാക്കുന്ന സ്വർണത്തിന്‍റെ അളവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് അൻവറിന്റെ ആരോപണം. ഇത് നേരത്തേ മുഖ്യമന്ത്രി തള്ളിയിരുന്നു.
കരിപ്പൂരിൽ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് സ്വർണക്കടത്ത് പിടികൂടുന്നത് തുടരണമെന്നാണ് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചത്. പോലീസ് പരിശോധനയും സ്വർണം പിടിക്കുന്നതും തുടരണമെന്നുമായിരുന്നു ഡിജിപിയുടെ മറുപടി.
സ്വർണക്കടത്തിന് പിന്നിൽ മാഫിയകളാണ്. പോലീസ് സ്വർണം പിടിച്ചില്ലെങ്കിൽ അത് മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കും. വിവരം കിട്ടുന്നതനുസരിച്ച് സ്വർണം പിടിക്കൽ തുടരണം. എന്നാൽ ചട്ടപ്രകാരമായിരിക്കണം നടപടികളെല്ലാം- ഡിജിപി പറഞ്ഞു.
നേരത്തേ കസ്റ്റംസിന് മാത്രമായിരുന്നു സ്വർണം പിടിക്കാൻ അധികാരം. എന്നാൽ ഐ.പി.സിക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) നിലവിലായതോടെ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചാലും പൊലീസിന് കേസെടുക്കാം, പ്രതികളെ അറസ്റ്റ് ചെയ്യാം. പുതിയ നിയമപ്രകാരം സ്വർണക്കടത്ത് സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. 5 വർഷം മുതൽ ജീവപര്യന്തം വരെ തടവും 5 ലക്ഷം രൂപ പിഴയുമുള്ള വകുപ്പാണിത്.
അഞ്ചുവർഷത്തിനിടെ പോലീസ് പിടിച്ചെടുത്തത് 147.78 കിലോഗ്രാം സ്വർണമാണ്. 188 കേസുകളുണ്ട്. ഇക്കൊല്ലം ആറുമാസംകൊണ്ടുമാത്രം 18.1 കിലോ സ്വർണവും 15 കോടി രൂപയുടെ ഹവാലാ പണവും പിടിച്ചു. കരിപ്പൂരിലെ സ്വർണവേട്ട വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി പുതിയ നിർദ്ദേശം നൽകിയത്. മുൻപ് നൽകിയ മാർഗ്ഗനിർദ്ദേശ പ്രകാരമുള്ള നടപടികൾ തുടരാമെന്നാണ് നിർദ്ദേശം.
ആറുമാസം കൊണ്ടുമാത്രം 18.1 കിലോ സ്വർണവും 15 കോടി രൂപയുടെ ഹവാലാ പണവും പോലീസ് പിടിച്ചെടുത്തു. അഞ്ചുവർഷംമുൻപ് രണ്ട് സ്വർണക്കടത്ത് കേസുകൾമാത്രം രജിസ്റ്റർചെയ്ത സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 26 കേസുകളാണ് രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷം 48.73 കിലോ സ്വർണം പിടികൂടി.
61 കേസുകളും രജിസ്റ്റർചെയ്തു.അതിനുമുൻപ് 79.99 കിലോഗ്രാം സ്വർണം പിടികൂടിയതിൽ 98 കേസുകളും രജിസ്റ്റർചെയ്തു. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം സ്വർണം പിടികൂടിയതും കേസുകൾ രജിസ്റ്റർ ചെയ്തതും.