എ.ഡി.ജി.പി അജിത്തിനെ മാറ്റിയ ഉത്തരവിൽ അടിമുടി കുഴപ്പം. നിയമസഭ സമ്മേളിക്കുന്നതിനാൽ മനോജ് എബ്രഹാമിന് ഇന്റലിജൻസ് മേധാവി സ്ഥാനം ഒഴിയാനാവില്ല. ഇന്റലിജൻസിന് പുതിയ മേധാവിയെ തേടി സർക്കാർ. എ.ഡി.ജി.പിമാരായ ശ്രീജിത്തിനും വിജയനും സാദ്ധ്യത. ബറ്റാലിയന്‍ ആസ്ഥാനത്തെത്തി ചുമതലയേറ്റ് അജിത് കുമാർ. അധികം വൈകാതെ ക്രമസമാധാന ചുമതലയിൽ തിരിച്ചെത്തുമെന്നും അഭ്യൂഹം

പൂരം കലക്കലിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും സർക്കാരിനെപ്പോലും പ്രതിരോധത്തിലാക്കിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കിയ ഉത്തരവിൽ കടുത്ത ആശയക്കുഴപ്പം

New Update
mr ajith kumar manoj abraham

തിരുവനന്തപുരം: പൂരം കലക്കലിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും സർക്കാരിനെപ്പോലും പ്രതിരോധത്തിലാക്കിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കിയ ഉത്തരവിൽ കടുത്ത ആശയക്കുഴപ്പം.

Advertisment

ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ ബറ്റാലിയൻ മേധാവിയാക്കി അജിത്തിനെ മാറ്റിയെങ്കിലും ഉത്തരവ് അടിമുടി ദുരൂഹമാണ്. അജിത്തിന് പകരം ക്രമസമാധാന ചുമതലയിലേക്ക് ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിനെയാണ് നിയമിച്ചത്.


 എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ, ഇന്റലിജൻസ് വിഭാഗത്തിന് മേധാവി ഇല്ലാതിരിക്കാൻ കഴിയില്ല. മനോജിനെ ആ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പകരം ആരെയും ഇന്റലിജൻസിൽ നിയമിച്ചിട്ടുമില്ല. ഫലത്തിൽ മനോജിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേൽക്കാൻ ഇപ്പോൾ സാങ്കേതികമായി കഴിയില്ല.


ഇന്റലിജൻസ് തലപ്പത്ത് മറ്റേതെങ്കിലും എ.ഡി.ജി.പിയെ നിയമിക്കും വരെ മനോജിന് ആ പദവിയിൽ തുടരേണ്ടി വരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതല അനൗദ്യോഗികമായി മനോജ് വഹിച്ചുതുടങ്ങിയിട്ടുണ്ട്.

അതേസമയം, പൊലീസിന്റെ വീഴ്ചകളടക്കം കണ്ടെത്തേണ്ടതാണ് ഇന്റലിജൻസ് എന്നതിനാൽ ക്രമസമാധാനം, ഇന്റലിജൻസ് ചുമതലകളിൽ ഒരേ ഉദ്യോഗസ്ഥൻ പാടില്ല. ഇന്റലിജൻസിന് പുതിയ മേധാവിയെ കണ്ടെത്താൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.


പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കേണ്ടതിനാലും ബന്ധങ്ങളുണ്ടാക്കേണ്ടതിനാലും മലയാളിയെ നിയമിക്കാനാണ് സാദ്ധ്യത. നിലവിൽ എ.ഡി.ജി.പിമാരായ എസ്.ശ്രീജിത്ത് (പൊലീസ് ആസ്ഥാനം), പി.വിജയൻ (പൊലീസ് അക്കാഡമി) എന്നിവർക്കാണ് സാദ്ധ്യത. ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായ, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് എന്നിവരും പരിഗണനയിലാണ്.


ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിനിമയിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചും പൂരം കലക്കലിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നയിക്കുന്നതിനാൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനെ ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് സർക്കാരിനെ കുഴയ്ക്കുന്നുണ്ട്.

അതേസമയം, അജിത്കുമാർ ഇന്നലെ ബറ്റാലിയൻ ആസ്ഥാനത്തെ ഓഫീസിലെത്തി. നേരത്തേ ബറ്റാലിയന്റെ അധികചുമതല അജിത്തിനായിരുന്നു. അത് സ്ഥിരപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്തത്.

ക്രമസമാധാന ചുമതലയിൽ നിന്ന് ഇന്നലെത്തന്നെ ഒഴിവാകാൻ അജിത്തിനോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. അജിത്തിനെ മാറ്റിയതിന്റെ തുടർച്ചയായി ഉടൻ സേനയിൽ കൂടുതൽ അഴിച്ചുപണി ഉണ്ടാകുമെന്നാണ് വിവരം.

സസ്പെൻഡ് ചെയ്യേണ്ട കുറ്റങ്ങൾ ഡിജിപി കണ്ടെത്തിയെങ്കിലും  സേനയിലെ സുപ്രധാന ചുമതലയിൽ തന്നെ തുടരാൻ അജിത്തിന് സർക്കാർ അവസരമൊരുക്കുകയായിരുന്നു. പൊലീസിന് പുറത്തേക്ക് മാറ്റിയതുമില്ല. ഇത്രയേറെ വിവാദങ്ങൾക്ക് ശേഷവും പേരിന് മാത്രം നടപടിയൊതുങ്ങിയെന്ന ആക്ഷേപം ശക്തമാണ്.

സ്വാഭാവികമായ സ്ഥലം മാറ്റമെന്ന പോലെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഡി.ജി.പിയുടെ അന്വേഷണമോ എ.ഡി.ജി.പിയുടെ വീഴ്ചകളോയെന്നും ഉത്തരവിൽ പരാമർശിച്ചിട്ടില്ല.


സ്വാഭാവികമായ സ്ഥലം മാറ്റമായതിനാൽ അജിത്തിനെ എപ്പോൾ വേണമെങ്കിലും തിരികെ എത്തിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അജിത്തിന്റേത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നുമാണ് ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളത്.


ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് അജിത്ത് നൽകിയ വിശദീകരണങ്ങളെല്ലാം തള്ളിയാണ് 300 പേജുള്ള റിപ്പോർട്ട് ഡി.ജി.പിയ്ക്ക് കൈമാറിയത്.

സ്വാഭാവികമായ മാറ്റമെന്നതരത്തിലാണ് ഉത്തരവിറങ്ങിയത്. ഡി.ജി.പിയുടെ അന്വേഷണമോ എ.ഡി.ജി.പിയുടെ വീഴ്ചകളോ ഉത്തരവിൽ പരാമർശിച്ചിട്ടില്ല. അതിനാൽ, അജിത്തിനെ എപ്പോൾ വേണമെങ്കിലും തിരികെ ആ പദവിയിൽ എത്തിക്കാൻ കഴിയും.

ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് അജിത്ത് നൽകിയ വിശദീകരണങ്ങൾ തള്ളിയാണ് 300 പേജുള്ള റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് നൽകിയത്. 

 ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയേക്കാൾ, തൃശൂർ പൂരം കലക്കിയതിൽ പങ്കുണ്ടെന്ന ആക്ഷേപമാണ് അജിത് കുമാറിനെതിരെ തിരിയാൻ സി.പി.ഐയെ പ്രേരിപ്പിച്ചത്. അതുശരിവച്ചാൽ കുഴപ്പമാകുമെന്നതിനാല്‍ ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ പേരിലുള്ള നടപടിയായി ചുരുക്കി.

Advertisment