എഡിജിപി അജിത്കുമാറിനെ ശബരിമല ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽ നിന്നും മാറ്റുമോ ? മനസുതുറക്കാതെ സർക്കാർ. ഓൺലൈൻ ബുക്കിംഗ് വിവാദത്തിന് പിന്നിൽ എഡിജിപിയെന്ന് ആരോപണം. ശബരിമലയിൽ അമിതാധികാര പ്രയോഗം നടത്തിയതിന് അജിത്തിനെതിരേ തിരിഞ്ഞ് ദേവസ്വം ബോർഡ്. ആചാരപരമായ കാര്യങ്ങളിൽ പോലും ഇടപെട്ടു. പാർക്കിംഗ്, യാത്രാ സൗകര്യങ്ങൾ കുളമാക്കി. ശബരിമലയിൽ അജിത്തിനെ വാഴിക്കുമോ മുഖ്യമന്ത്രി ?

ആർ.എസ്.എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നിങ്ങനെ വിവാദ നടപടികളുടെ പേരിൽ ക്രമസമാധാന ചുമതല നഷ്ടമായ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ശബരിമലയിലെ ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽ തുടരുമോ എന്നതിൽ ആശങ്ക

New Update
pinarai vijayan mr ajith kumar

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നിങ്ങനെ വിവാദ നടപടികളുടെ പേരിൽ ക്രമസമാധാന ചുമതല നഷ്ടമായ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ശബരിമലയിലെ ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽ തുടരുമോ എന്നതിൽ ആശങ്ക.

Advertisment

2023 മുതൽ ചീഫ് കോ-ഓർഡിനേറ്റർ പദവിയിലാണ് അജിത്ത്. ഇത്തവണ അജിത്തിനെ മാറ്റി പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തിനെ കോ-ഓർഡിനേറ്ററാക്കാനാണ് സാദ്ധ്യത.


 ഇത്തവണ ഓൺലൈൻ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമായി ദർശനം ചുരുക്കാനുള്ള വിവാദ തീരുമാനം അജിത്തിന്റെ ബുദ്ധിയാണെന്നാണ് പ്രതിപക്ഷത്തെ ആരോപണം. നേരത്തേ ശബരിമലയിൽ അമിതാധികാര പ്രയോഗം നടത്തിയതിന് അജിത്തിനെതിരേ തിരുവിതാംകൂർ ദേവസ്വംബോർഡ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.  


ശബരിമല മണ്ഡല മകരവിളക്ക് മുന്നൊരുക്കത്തിനായി ചേർന്ന അവലോകന യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ പങ്കെടുപ്പിക്കാതിരുന്നത് അദ്ദേഹത്തെ കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു.

ശബരിമലയിലേക്കുള്ള ഭക്തരുടെ ഓൺലൈൻ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ശബരിമലയുടെ ഏകോപന ചുമതല കൂടിയുള്ള എ.ഡി.ജി.പി അജിത്തിനെ ഒഴിവാക്കിയത്.

യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ശബരിമല അവലോകന യോഗത്തിൽ ഡി.ജി.പി ഷെയ്ഖ് ദർബേഷ് സാഹിബും ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് ഏബ്രാഹാമും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തും പങ്കെടുത്തിരുന്നു.


 ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയാണ് ശബരിമല തീർത്ഥാടനത്തിൽ മുഖ്യ പങ്കു വഹിക്കുന്നത്. കഴിഞ്ഞ വർഷം ശബരിമല തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പൊലീസ് അവഗണിച്ചെന്ന് ആരോപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും എ.ഡി.ജി.പി അജിത് കുമാറും തമ്മിൽ തർക്കത്തിലായിരുന്നു.


എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ശബരിമലയിൽ അമിതാധികാര പ്രയോഗം നടത്തിയെന്നും ആചാരപരമായ കാര്യങ്ങളിൽ പോലും ഇടപെട്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നതാണ്.

ശബരിമലയിലും പമ്പയിലും എ.ഡി.ജി.പി പ്രത്യേക താത്പര്യമെടുത്ത് ലെയ്സൺ ഓഫീസർമാരെ നിയോഗിച്ചു. മണ്ഡലകാലത്ത് പത്തും മാസപൂജക്കാലത്ത് നാലും വീതം ലെയ്സൺ ഓഫീസർമാരെയാണ്, തന്റെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും അന്യസംസ്ഥാനങ്ങളിലെ ഉന്നതർക്കും ദർശന സൗകര്യമൊരുക്കാൻ നിയോഗിച്ചത്.

എ.എസ്.ഐ റാങ്കിൽ വരെയുള്ളവരായിരുന്നു ഇത്. മുൻകാലങ്ങളിൽ പൊലീസിന് ഒരു ലെയ്സൺ ഓഫീസറാണുണ്ടായിരുന്നത്. ഈ കീഴ്‌വഴക്കം പാലിക്കാതെയാണ് അജിത് തോന്നിയപോലെ കാര്യങ്ങൾ നീക്കിയത്.


എ.ഡി.ജി.പി കൂടിയാലോചനകളില്ലാതെ സ്വന്തം നിലയിൽ തീരുമാനങ്ങളെടുത്ത് ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കടന്നുകയറിയെന്ന് മുഖ്യമന്ത്രിയെ കണ്ട് ബോർഡ് നേതൃത്വം പരാതി പറഞ്ഞിരുന്നു. എന്നിട്ടും അജിത്തിനെ അന്ന് നിയന്ത്രിച്ചില്ല.


 പമ്പയിൽ ബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കൊരുക്കിയ പാർക്കിംഗ് സ്ഥലം എ.ഡി.ജി.പി സ്വന്തം നിയന്ത്രണത്തിലാക്കി. സന്നിധാനത്തെ ഗസ്റ്റ്ഹൗസിലെ മുറിയും സ്വന്തമാക്കി. യോഗങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് മോശമായ രീതിയിൽ പെരുമാറി. പാർക്കിംഗ്, യാത്രാ സൗകര്യങ്ങൾ കുളമാക്കിയതോടെ നിരവധി ഭക്തന്മാർ എരുമേലിയിലും മറ്റും യാത്ര അവസാനിപ്പിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ഡിസംബറിൽ ശബരിമല അവലോകന യോഗത്തിൽ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അജിത്തുമായി വാഗ്വാദമുണ്ടായിരുന്നു. ഒരു മിനിറ്റിൽ 75 പേരെ വരെ പതിനെട്ടാംപടി കയറ്റാമെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ, കള്ളം പറയുകയാണെന്ന് അജിത്ത് പ്രതികരിച്ചു.

 മിനിറ്റില്‍ 60 പേരെയേ പതിനെട്ടാംപടി കയറ്റിവിടാനാവൂ എന്നായിരുന്നു അജിത്തിന്റെ വാദം. തർക്കം മുറുകിയതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തിരക്കു കാരണം പലയിടത്തും തീർത്ഥാടകർ തളർന്നു വീണു. നൂറുകണക്കിന് പേർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തി മാലയൂരി ദർശനം മതിയാക്കി തിരിച്ചുപോയി.


2022 ഡിസംബറിൽ 3 മന്ത്രിമാരുടെ അവലോകന യോഗത്തിലും അന്ന് പ്രസിഡന്റായിരുന്ന കെ. അനന്തഗോപനെതിരേ എ.ഡി.ജി.പി രംഗത്തെത്തിയിരുന്നു. സന്നിധാനത്തെ തിരക്ക് പൊലീസിന്റെ ക്രമീകരണങ്ങളിലെ വീഴ്ചയാണെന്ന് പ്രസിഡന്റ് പറഞ്ഞപ്പോൾ, പടികയറ്റുന്നതിന്റെ ചുമതല ബോർഡ് ഏറ്റെടുക്കാനായിരുന്നു അജിത്തിന്റെ പരിഹാസം.


 എ.ഡി.ജി.പിക്കെതിരേ ബോർഡ് നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചിട്ടും നിയന്ത്രിക്കുകയോ വിലക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോൾ തൃശൂർ പൂരം കുളമാക്കിയതും ആർ.എസ്.എസ് കൂടിക്കാഴ്ചയുമെല്ലാം വിവാദമായതോടെ ശബരിമല ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽ അജിത് തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisment