തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും സംഘത്തിലെ ഒരാളൊഴികെ എല്ലാവരും അദ്ദേഹത്തിൻെറ ജൂനിയർ ഉദ്യോഗസ്ഥർ. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിൻെറെ നേതൃത്വത്തിലുളള 5 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവിയെ കൂടാതെ ഐ.ജി ജി. സ്പർജൻ കുമാർ, ഡി.ഐ.ജിതോംസൺ ജോസ് , തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ, തിരുവനന്തപുരം എസ്എസ്‌ബി ഇൻ്റലിജൻസ് എസ്.പി എ ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.
ഇതിൽ സംസ്ഥാന പൊലീസ് മേധാവി ഒഴികെയുളള എല്ലാവരും അജിത് കുമാറിന് താഴേയുളള തസ്തികയിൽ പ്രവർത്തിക്കുന്നവരാണ്. സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിലുണ്ടെങ്കിലും അന്വേഷണത്തിൻെറ മറ്റ് നടപടികളെല്ലാം കീഴുദ്യോഗസ്ഥരായിരിക്കും നിർവ്വഹിക്കുക.
അപ്പോൾ മേലുദ്യോഗസ്ഥന് എതിരായ അന്വേഷണ നടപടികൾ എത്രമാത്രം നീതി പൂർവവും നിഷ്പക്ഷവുമാകുമെന്ന് ഇപ്പോൾ തന്നെ സംശയം ഉയർന്നുകഴിഞ്ഞു. അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചെങ്കിലും അജിത് കുമാർ ഇപ്പോഴത്തെ പദവിയിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല, അന്വേഷണ സംഘം രൂപീകരിച്ചതിൻെറ വിശദാംശങ്ങൾ അറിയിച്ചു കൊണ്ടുളള മുഖ്യമന്ത്രിയുടെ ഓഫീസിൻെറ പത്രക്കുറിപ്പിൽ ഇതേപ്പറ്റി ഒന്നുംപറയുന്നില്ല.
ഇതുവരെയും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അജിത് കുമാറിനെ പദവിയിലിരുത്തിക്കൊണ്ടുളള അന്വേഷണം എത്രകണ്ട് ഫലപ്രദമാകുമെന്നും സംശയം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷത്ത് നിന്ന് ഇതിനെതിരെ വിമർശനവും വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങളെപ്പറ്റിയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശമില്ല. സർക്കാർതല അന്വേഷണത്തിൻെറ പരിധിയിലേക്ക് ശശിയെ കൊണ്ടുവരാൻ സർക്കാരിന് താൽപര്യമുണ്ടാകില്ല.
പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ശശിക്കെതിരെ അന്വേഷണം നടന്നാൽ തന്നെ അത് സി.പി.എമ്മിനകത്ത് തന്നെ ആയിരിക്കും. പാർട്ടിക്ക് അകത്ത് നടത്തുന്ന അന്വേഷണത്തിൽ എന്തെങ്കിലും തെറ്റായി കണ്ടെത്തിയാൽ മാത്രമേ പി. ശശിക്കെതിരെ നടപടിക്കും സാധ്യതയുളളു.
പി.വി.അൻവറിനോട് പരാതി പിൻവലിക്കാൻ കേണപേക്ഷിക്കുന്ന പത്തനംതിട്ട ജില്ലാ എസ്.പി എസ്. സുജിത്ത് ദാസിനെ മാറ്റിക്കൊണ്ടും ഉത്തരവിറക്കി.പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സുജിത്ത് ദാസിനോട് പൊലീസ് ആസ്ഥാനത്ത് റിപോർട്ട് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.
വി.ജി.വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്.പി.അൻവർ എം.എൽ.എയുമായുളള ഫോൺ സംഭാഷണത്തിലൂടെ സേനക്കും അതിലെ ഉദ്യോഗസ്ഥർക്കും വലിയ നാണക്കേട് ഉണ്ടാക്കിയ സുജിത്ത് ദാസിനെതിരെ സ്ഥലം മാറ്റമല്ലാതെ മറ്റ് നടപടി ഒന്നുമില്ലാത്തത് അതിശയകരമാണ്.
സ്വർണക്കടത്ത് സംഘവുമായി സുജിത്ത് ദാസിന് അടുത്ത ബന്ധമുണ്ടെന്നും പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്ന് പങ്കുപറ്റുന്നുണ്ടെന്നും പി.വി.അൻവർ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പിയായിരിക്കെ ,ക്യാംപ് ഓഫിസിലെ മരം മുറിച്ച് ഫർണീച്ചർ പണിതതിലും സുജിത്ത് ദാസിന് പങ്കുണ്ടെന്ന് അൻവർ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും സർക്കാർ കണക്കിലെടുത്തിട്ടില്ലെന്ന് വേണം കരുതാൻ.