/sathyam/media/media_files/2024/12/25/YstPP0krrJp4639GcI4v.webp)
കോഴിക്കോട് : സാമൂഹ്യ അനാചാരത്തെയും അധികാര ഗർവ്വിനെയുമൊക്കെ കാർക്കിച്ചു തുപ്പിയ ചരിത്രമാണ് എം.ടി വാസുദേവൻ നായരുടേത്. അത് ആ എഴുത്തിലുടെ മലയാളം കണ്ടതുമാണ്, വിഗ്രഹത്തിൽ തുപ്പുന്ന വെളിച്ചപ്പാടിലൂടെ.
എന്നാൽ വാർദ്ധക്യം ബാധിച്ചതോടെ പല വേദിയിലും മൗനിയായിരിക്കാനായിരുന്നു എം.ടി ഇഷ്ടപ്പെട്ടിരുന്നത്. മനസ്സിൽ ഇഷ്ടം തോന്നുന്നവരോട് മാത്രം സംസാരിച്ച്, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാതെ അദേഹം പലതിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞു മാറി നിന്നു.
സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളിൽ കൃത്യമായ ഒരു നിലപാടുള്ളപ്പോൾ തന്നെയായിരുന്നു ഇത്. എന്നാൽ നരേന്ദ്ര മോഡി നടത്തിയ നോട്ട് നിരോധത്തെ എതിർത്ത് ശക്തമായ ഭാഷയിൽ MT നടത്തിയ പ്രതികരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. അപ്പോൾ എം ടി യ്ക്ക് പ്രതിരോധം തീർത്തത് ഇടത് അനുഭാവികൾ അടക്കം പലരും നിന്നു.
എന്നാൽ അപ്പോഴും തനിക്കെതിരെ ഉയർന്ന അഭിപ്രായങ്ങള്‍ക്കും പ്രകോപനപരമായ ആരോപണങ്ങള്‍ക്കും മുന്നില്‍ മൗനം പാലിക്കുകയായിരുന്നു എം.ടി . പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്ന ശൈലി.
പിന്നിട് ഒരിക്കൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി വിമർശിച്ചപ്പോഴും പഴയ ശൈലിയിൽ തന്നെയായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയായിരുന്നില്ല, ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, പറഞ്ഞു. അത്ര തന്നെ.
അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’ എന്നാണ് എം.ടി തന്റെ പരാമര്‍ശത്തില്‍ അന്ന് പ്രതികരിച്ചത്.
മുന്‍പൊരിക്കല്‍, യുഡിഎഫ് ഭരണകാലത്ത് വീട്ടില്‍ ആദരിക്കാന്‍ വന്ന സാംസ്കാരിക മന്ത്രിയെ ഏറെനേരം കാത്തിരുന്ന് മുഷിഞ്ഞപ്പോഴും അനിഷ്ടം പുറത്തുവന്നു. വൈകിവന്ന മന്ത്രിയോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അനിഷ്ടം മനസിലായ മന്ത്രി പുറത്തിറങ്ങിയെങ്കിലും പോകാതെ മുറ്റത്ത് കാത്തുനിന്നു.
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇറങ്ങിവന്ന് പൊന്നാട അണിയിച്ചിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞ് എം ടി തന്നെ രംഗം കൈകാര്യം ചെയ്തു. സംഭവം അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കാതിരുന്നത് മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചും..
അതെ വാഴ്ത്തപ്പെടുന്നവരോടൊപ്പമല്ല, ഒറ്റപെടുന്നവരോടൊപ്പമാണ് എം.ടി നിന്നിരുന്നത് എന്നത്തെയും എന്ന പോലെ. രണ്ടാമൂഴത്തിലെ രചനയിൽ എന്നപോലെതന്നെ.
അത് പക്ഷേ ഉണ്ടാക്കിയ കോലാഹലവും വിവാദവും ഏറെയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിന്റെ അളവുകോലുകൊണ്ട് എംടിയെ അളക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടിരുന്നു, അന്നും ഇന്നും എന്നും.