/sathyam/media/media_files/2024/11/22/gGyZC3zLdRzalDVOqg9H.jpg)
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുളള സർക്കാർ തീരുമാനം വിവാദം ആകുന്നു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗമാണ് വഖഫ് ബോർഡുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്.
വീണ്ടും ജുഡീഷ്യൽ കമ്മിഷനെ വെയ്ക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് പ്രദേശവാസികളുടെ നിലപാട്. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട സമരസമിതിയും ഇതേ നിലപാടിലാണ്. ജുഡീഷ്യൽ കമ്മിഷനെ വയ്ക്കുന്നത് ഇനിയും സമയം നീണ്ട് പോകാൻ ഇടയാക്കുമെന്നാണ് സമരസമിതി നേതാക്കളുടെ പ്രതികരണം.
അതുകൊണ്ടുതന്നെ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം തുടക്കത്തിൽ തന്നെ വിവാദമായിരിക്കുകയാണ്. ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുനമ്പത്ത് പ്രദേശവാസികളുടെ പ്രതിഷേധം സംഘടിപ്പിച്ചു. പന്തം കൊളുത്തി പ്രകടനം നടത്തി ആയിരുന്നു പ്രതിഷേധം.
404 കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണുകയാണ് വേണ്ടതെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തോട് യോജിപ്പില്ലാത്തതുകൊണ്ട് സമരം അവസാനിപ്പിക്കേണ്ട എന്നാണ് സമരസമിതിയുടെ തീരുമാനം.
മുനമ്പം ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ഭൂരേഖകൾ പരിശോധിക്കേണ്ട കാര്യമില്ലെന്നും സമരസമിതി നേതാക്കൾ പറയുന്നു. മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പരിശോധനയാണ് ജുഡീഷ്യൽ കമ്മീഷൻെറ പരിഗണനാ വിഷയങ്ങളിൽ പ്രധാനം. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നും കമ്മീഷൻ പരിശോധിക്കും.
ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായി വിരമിച്ച രാമചന്ദ്രൻ നായരാണ് ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ മൂന്ന് മാസത്തിനുള്ള കമ്മീഷൻ എല്ലാനടപടികളും പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തീരുമാനം. കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ടി ഏതു ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും സഹായം ഉറപ്പുവരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
"ശാശ്വതമായ പരിഹാരമാണ് സർക്കാർ ലക്ഷ്യം. ഇപ്പോൾ തന്നെ എന്തെങ്കിലും പ്രഖ്യാപിച്ചാൽ ഇതിനേക്കാൾ വലിയ ബുദ്ധിമുട്ട് അവർക്ക് ഉണ്ടാകും. അതുകൊണ്ടാണ് പ്രശ്നം പഠിക്കാനായി കമ്മീഷനെ നിയമിച്ചത്. തീരുമാനമാകും വരെ ഒരു തുടർ നടപടിയും ഉണ്ടാവില്ല. കൊടുത്ത നോട്ടീസുകളിലും തുടർ നടപടി ഉണ്ടാവില്ല.
എവിടെ പോയാലും ചോദ്യം ചെയ്യാൻ കഴിയാത്ത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി തന്നെ ചർച്ച നടത്തും.ആരെയും കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ല.രേഖ ഹാജരാക്കാൻ മാത്രമാണ് നോട്ടീസ് നൽകിയത്. അതിനെ മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുന്നതാണ് " - മന്ത്രി കെ രാജൻ വിശദീകരിച്ചു.
വഖഫ് ഭൂമിയെന്ന് അവകാശമുന്നയിച്ച സ്ഥലത്ത് താമസിക്കുന്ന ആരെയും കുടിയൊഴിപ്പിക്കുക ഇല്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. മുനമ്പത്തെ ഭൂമിയിൽ താമസിക്കുന്ന കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല.ഇനി ഒരു തീരുമാനമാകുന്നത് വരെ നോട്ടീസുകൾ ഒന്നും നൽകരുത് എന്ന് വഖഫ് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വഖഫ് ബോർഡ് അത് അംഗീകരിച്ചു എന്നും മന്ത്രി പി.രാജീവ് അറിയിച്ചു.