/sathyam/media/media_files/3Wn7dBmlsrkU1IRN3P4N.jpg)
തിരുവനന്തപുരം: എസ്.എൻ.ഡി.പിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.
മതസൗഹാർദ്ദത്തിന്റേയും മതനിരപേക്ഷതയുടേയും നിലപാടുകളാണ് എസ്.എൻ.ഡി.പി. എല്ലാ കാലത്തും ഉയർത്തിയിരുന്നത്. ബി.ഡി.ജെ.എസിന്റെ രൂപീകരണത്തോടെ അതിന് മാറ്റം വന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതിൽ വിമർശനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജാതീയമായി പിളർത്തി വർഗീയമായി യോജിപ്പിക്കുക എന്ന നയമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി കൈകാര്യം ചെയ്യുന്നത്. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം.
ക്ഷേത്രങ്ങൾ കയ്യടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ക്ഷേത്രമുറ്റത്ത് ശാഖകൾ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളിൽ വർഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാൻ പറ്റില്ലെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
മുസ്‌ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഈ നിലപാടിനെ ശക്തമായി തുറന്നു കാണിക്കും. ഒരു ഭാഗത്ത് ഭൂരിപക്ഷ വർഗീയതയും മറുഭാഗത്ത് ന്യൂനപക്ഷ വർഗീയതയുവുമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.