കൊല്ലം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തുടരും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഞായറാഴ്ച സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കും.
കോടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായതിനെ തുടർന്നാണ് എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നത്.
2022 ഓഗസ്റ്റ് 28നാണ് അദ്ദേഹം സെക്രട്ടറി പദവി ഏറ്റെടുത്തത്. സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്.
72 വയസ് പിന്നിട്ട എം.വി.ഗോവിന്ദന് ഒരു തവണ കൂടി സെക്രട്ടറിയായി തുടരാനാകും. സംസ്ഥാന സെക്രട്ടറിയായ ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ഗോവിന്ദൻ നേരിട്ടത്.
ലോകസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയുടെ നാണക്കേട് മാറ്റാൻ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയേയും മുന്നണിയേയും വിജയത്തിലെത്തിക്കുകയാണ് എം.വി.ഗോവിന്ദന് മുന്നിലുളള വെല്ലുവിളി.
വിഭാഗീയതയില്ലെങ്കിലും പ്രാദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുക എന്ന സംഘടനാ വെല്ലുവിളിയും അദ്ദേഹത്തിന് മുന്നിലുണ്ട്.
പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാൽ സംസ്ഥാന സമിതിയിൽ ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കും. പ്രായം, ആരോഗ്യ പ്രശ്നങ്ങൾ, പ്രവർത്തനം എന്നിവയുടെ അടിസ്ഥാനത്തിൽ 15ൽ ഏറെപേർ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാകും.
പുതിയതായി അധികാരസ്ഥാനത്തെത്തിയ 5 ജില്ലകളിൽ നിന്നുളള ജില്ലാ സെക്രട്ടറിമാർ സംസ്ഥാന സമിതിയിൽ എത്തുമെന്ന് ഉറപ്പാണ്. വനിതാ, യുവജന നേതാക്കളെയും പരിഗണിക്കും.