സിഐടിയുവിലും എഐടിയുസിയിലും ലക്ഷക്കണക്കിന് അംഗങ്ങൾ, വോട്ടെണ്ണുമ്പോൾ പകുതിപോലും മുന്നണിയുടെ പെട്ടിയിലില്ല; തൊഴിലാളി യൂണിയനിലും സർവീസ് സംഘടനകളിലുമുളള ഭൂരിപക്ഷവും മുന്നണിയുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരല്ലെന്ന കണക്കിൽ ഞെട്ടി സിപിഎം, സിപിഐ നേതൃത്വം; സംഘടനാ ദൗര്‍ബല്യമെന്ന് എം.വി. ഗോവിന്ദന്‍, ആത്മപരിശോധന നടത്തണമെന്ന് ബിനോയ് വിശ്വം

ട്രേഡ് യൂണിയനുകളുടെ വോട്ട് എങ്ങോട്ട് പോയി ! ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുന്ന സി.പി.എമ്മും സി.പി.ഐയും അവരുടെ തൊഴിലാളി സംഘടനകളുടെ നേതാക്കളോട് ചോദിക്കുന്ന ചോദ്യമാണിത്

New Update
mv govindan binoy viswam

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ വോട്ട് എങ്ങോട്ട് പോയി ! ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുന്ന സി.പി.എമ്മും സി.പി.ഐയും അവരുടെ തൊഴിലാളി സംഘടനകളുടെ നേതാക്കളോട് ചോദിക്കുന്ന ചോദ്യമാണിത്.

Advertisment

സി.പി.എമ്മിൻെറ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിലും അഫിലിയേറ്റഡ് യൂണിയനുകളിലുമായി കേരളത്തിൽ പത്ത് ലക്ഷത്തിലേറെ അംഗങ്ങളാണുള്ളത്. സർവീസ് സംഘടനകളുടെ അംഗത്വം കൂടി കണക്കാക്കായാൽ അംഗങ്ങളുടെ എണ്ണം ഇനിയും ഉയരാം.

സി.പി.ഐയുടെ തൊഴിലാളി സംഘടനയായി എ.ഐ.ടി.യു.സിക്കും അഫിലിയേറ്റഡ് സംഘടനകൾക്കുമുണ്ട് ലക്ഷക്കണക്കിന് അംഗബലം. എന്നാൽ ഇരുപാ‍ർട്ടികളുടെയും അംഗത്വത്തിന് ആനുപാതികമായ വോട്ട് കിട്ടുന്നില്ല.


 ആനുപാതികം പോയിട്ട് ചെറിയ ശതമാനം പോലും മുന്നണി സ്ഥാനാ‍ർഥിക്ക് കിട്ടാത്ത സ്ഥിതിയുണ്ട്. ഇതാണ് ട്രേഡ് യൂണിയനുകളുടെ വോട്ടെല്ലാം എവിടെപ്പോയെന്ന് യൂണിയൻ നേതാക്കളോട് പാർട്ടി നേതൃത്വം ചോദിക്കാൻ കാരണം. 


പാർട്ടി വേദികളിൽ മാത്രം കേട്ടിരുന്ന ഈ ചോദ്യം ഇപ്പോൾ ഇരു പാ‍ർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ പരസ്യമായി തന്നെ ചോദിച്ചു തുടങ്ങി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആനുകൂല്യങ്ങൾ അടക്കമുളള താൽപര്യങ്ങൾ സംരക്ഷിക്കാനും നടപടികൾ എടുക്കുമ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങാൻ മാത്രമാണോ പാർട്ടിയും സർക്കാരും. തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ച് സഹായിക്കാൻ തൊഴിലാളി  സംഘടനകൾക്ക് ബാധ്യതയില്ലേ എന്നാണ് പാർട്ടി നേതൃത്വത്തിൻെറ ചോദ്യം.

കമ്മ്യൂണിസ്റ്റ് കുടക്കീഴിൽ അണിനിരന്നിരിക്കുന്ന തൊഴിലാളി സംഘടനകളുടെ അംഗങ്ങൾ മറ്റൊരു മുന്നണിയിലേക്ക് ചോർന്ന് പോകുന്നത് ആശാസ്യമല്ലെന്നും അത് ഗുരുതരമായ സംഘടനാ ദൗർബല്യമാണെന്നുമാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അത് വ്യക്തമായി പറയുകയും ചെയ്തു.

''വർഗ്ഗ ബഹുജനസംഘടനകളുടെ ആകെ അംഗത്വം കൂട്ടിയാൽ നമുക്ക് കിട്ടിയ വോട്ടിനെക്കാൾ കൂടുതലാണ്.എന്തുകൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നത്. സംഘടനാ ദൗർബല്യമാണ് ഇത് കാണിക്കുന്നത്. ഓരോരുത്തരും  ഓരോ ഇടത്ത് ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വിരുദ്ധ ആശയങ്ങൾ നമ്മളിലേക്ക് നുഴഞ്ഞു കയറാം. ഇതിനെ പ്രതിരോധിച്ചെ മതിയാകൂ''-എം.വി.ഗോവിന്ദൻ തുറന്നടിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമാനമായ പ്രതികരണം നടത്തിയിരുന്നു. ആലപ്പുഴയിൽ എ.ഐ.ടി.യു.സി പരിപാടി ഉൽഘാടനം ചെയ്യുമ്പോഴാണ് ട്രേഡ് യൂണിയൻ വോട്ടുകൾ ചോരുന്നതിനെ കുറിച്ച് ബിനോയ് വിശ്വം പരസ്യമായി വിമർശിച്ചത്. ട്രേ‍ഡ് യൂണിയിനുകളിൽ അംഗത്വം എടുത്ത  എല്ലാവരും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ആർക്കാണെന്ന് ആത്മപരിശോധന നടത്തണമെന്നായിരുന്നു ബിനോയ് വിശ്വത്തിൻെറ പരാമർ‍ശം.


അംഗത്വത്തിന് തുല്യമായ വോട്ട് കിട്ടുന്നില്ലെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തുമ്പോൾ തൊഴിലാളി വോട്ടുകൾ ചോരുന്നതിന് ട്രേഡ് യൂണിയനുകൾക്ക് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കാനുളളത്.


 പരമ്പരാഗത തൊഴിലാളികൾക്ക് വേതനവും ആനുകൂല്യങ്ങളും ലഭിക്കാത്തത് ആ മേഖലകളിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. കയർ,കശുവണ്ടി,മത്സ്യം തുടങ്ങിയ എല്ലാ മേഖലകളിലെ തൊഴിലാളികളും പ്രതിസന്ധി നേരിടുന്നു. ഉൽപ്പന്നങ്ങൾക്ക് വിലയില്ലാത്തതും ഉൽപ്പന്നങ്ങൾ സർക്കാർ ഏജൻസികൾ ഏറ്റെടുക്കാത്തതും എല്ലാം തൊഴിലാളികളെ സർക്കാരിൽ നിന്നും പാർട്ടിയിൽ നിന്നും അകറ്റി.

 സർവീസ് സംഘടനകളിലെ അംഗങ്ങളിൽ എല്ലാവരും രാഷ്ട്രീയ വിശ്വാസത്തിൻെറ ഭാഗമായി അംഗത്വം എടുക്കുന്നവരല്ല. പാർട്ടിയുടെയും മുന്നണിയുടെയും സർക്കാർ അധികാരത്തിൽ വരുമ്പോൾ ആനുകൂല്യങ്ങൾ പറ്റുന്നതിനാണ് പലരും അംഗത്വത്തിലേക്ക് വരുന്നത്. അവരുടെ വോട്ടാണ് പലപ്പോഴും ചോർന്ന് പോകുന്നതെന്നും സി..ഐ. ടി.യു, എ.ഐ.ടി.യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Advertisment