എംഎല്‍എമാര്‍ക്കായി 100 കോടി മുടക്കിയിട്ട്‌ കേരളത്തിൽ അജിത് പവാറിന് എന്ത് ഗുണം ?  രണ്ട് പേര്‍ക്ക് മാത്രമായി ഇത്രയും തുകയോ ? മഹാരാഷ്ട്രയിലും കർണാടകയിലും പോലും ഇതുവരെ കേട്ടത്‌ 25 കോടി മാത്രം. കോഴ ആരോപണത്തിന് പിന്നിൽ കുട്ടനാട് സീറ്റും തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും തോമസിന്റെ മന്ത്രിസ്ഥാനം വെട്ടലും ? 100 കോടിയുടെ കുതിരക്കച്ചവട വാർത്ത നനഞ്ഞ പടക്കമാവുമ്പോൾ

ഇടതുപക്ഷത്തെ രണ്ട് എം.എൽ.എമാരെ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് കുതിരക്കച്ചവടത്തിലൂടെ എൻ.സി.പി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ നീക്കം നടന്നെന്ന ആക്ഷേപം നനഞ്ഞ പടക്കം പോലെ ചീറ്റി

New Update
ajit pawar thomas k thomas

തിരുവനന്തപുരം: ഇടതുപക്ഷത്തെ രണ്ട് എം.എൽ.എമാരെ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് കുതിരക്കച്ചവടത്തിലൂടെ എൻ.സി.പി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ നീക്കം നടന്നെന്ന ആക്ഷേപം നനഞ്ഞ പടക്കം പോലെ ചീറ്റി.

Advertisment

 തോമസ് കെ തോമസ് എം.എൽ.എയാണ് കുതിരക്കച്ചവടത്തിന് പിന്നിലെന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ബന്ധപ്പെട്ട ആളുകളെല്ലാം ഈ യുക്തിരഹിതമായ ആരോപണം തള്ളുകയും രാഷ്ട്രീയ കേന്ദ്രങ്ങളൊന്നും ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെ 100 കോടി കുതിരക്കച്ചവട വാർത്ത എരിഞ്ഞടങ്ങുകയാണ്.


100 കോടി രൂപ മുടക്കി കേരളത്തിലെ രണ്ട് സാധാരണ എം.എൽ.എമാരെ തന്റെ പക്ഷത്ത് എത്തിച്ചിട്ട് അജിത് പവാറിനുള്ള നേട്ടമെന്താണെന്നാണ് ഇതേക്കുറിച്ചുള്ള ആദ്യ ചോദ്യം.


 ഈ സർക്കാരിന് ശേഷിക്കുന്നത് ഒന്നര വർഷ കാലാവധി മാത്രമാണ്. പിണറായി സർക്കാരിനാവട്ടെ 99 എന്ന മൃഗീയ ഭൂരിപക്ഷം നിയമസഭയിലുണ്ട്. മൂന്നു പേർ മറുകണ്ടം ചാടിയാലും സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാവില്ല.

ഈ മൂന്നുപേരെ കിട്ടിയതിനാൽ സർക്കാരിനെ മറിച്ചിട്ട് പ്രതിപക്ഷവുമായോ മറ്റോ ചേർന്ന് പുറമെ ആർക്കെങ്കിലും സർക്കാർ രൂപീകരിക്കാനും കഴിയില്ല. അങ്ങനെയെങ്കിൽ 100 കോടി മുടക്കി 2 എം.എൽ.എമാരെ തന്റെ പക്ഷത്ത് എത്തിച്ചിട്ട് അജിത് പവാറിന് എന്തു ഗുണം എന്നതാണ് ഉത്തരം കിട്ടേണ്ട ആദ്യത്തെ ചോദ്യം. പ്രത്യേകിച്ച് കേരളം പോലെ എൻ.സി.പിക്ക് കാര്യമായി വേരോട്ടമില്ലാത്തൊരു സംസ്ഥാനത്ത്.


 മഹാരാഷ്ട്രയിൽ പോലും 25 കോടിയുടെ കുതിരക്കച്ചവടമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ പ്രബുദ്ധതയും രാഷ്രീയ സാക്ഷരതയും കൂടുതലുള്ള കേരളത്തിൽ ഇത്തരമൊരു വാർത്തപോലും ആദ്യമായാണ്.


 പേയ്മെന്റ് സീറ്റ്, പാർലമെന്റ് സീറ്റ് കച്ചവടം എന്നൊക്കെ കേരളത്തിൽ മുൻപ് കേട്ടിട്ടുണ്ട്. എന്നാൽ 100കോടിയുടെ കുതിരക്കച്ചവടം കേട്ടുകേഴ്വിയില്ലാത്തതാണ്.

ഇത്തരമൊരു ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണെന്നാണ് തോമസ് കെ തോമസ് നൽകുന്ന സൂചന. കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. താൻ മന്ത്രിയാവുമെന്ന ഘട്ടം വന്നപ്പോഴാണ് കള്ളക്കഥ കെട്ടിച്ചമച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.


 എന്നാൽ ഇത്തരമൊരു ആരോപണം ഉയരുന്നതിന് പിന്നിൽ മറ്റു ചില ഘടകങ്ങൾ കൂടിയുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ ഫണ്ട് സംബന്ധിച്ച ചില തർക്കങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.


 ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി നേതൃത്വമടക്കം ആവശ്യപ്പെട്ട ഘട്ടത്തിലാണ് ഈ കഥ പുറത്തുവരുന്നത്. ശശീന്ദ്രൻ മന്ത്രിയായിരിക്കുന്നതാണ് സി.പി.എമ്മിനും താത്പര്യം. കാരണം വകുപ്പ് അവർക്ക് ഭരിക്കാനാവുമെന്നതു തന്നെ.

നേരത്തേ കുട്ടനാട് സീറ്റിൽ മത്സരിച്ചിരുന്ന ജനാധിപത്യ കേരളാ കോൺഗ്രസിനു വേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണിതെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. കോഴയാരോപണം കോവൂർ കുഞ്ഞുമോനും നിഷേധിച്ചിട്ടുണ്ട്.


കഴിഞ്ഞതിനു മുൻപത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎൽഎമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ആന്റണി രാജുവിനും കുഞ്ഞുമോനും 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം നൽകിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്.


 മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എൻസിപിയുടെ സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ മുഖംതിരിച്ചതിൽ തോമസ് നിരാശനായ സമയമായിരുന്നു അത്. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞെന്നാണ് പ്രമുഖ പത്രത്തിലെ വാർത്ത.

എൻസിപിയിലെ പിളർപ്പിനെത്തുടർന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ് അന്ന് പറഞ്ഞത്.

എൽഡിഎഫ് എംഎൽഎമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാൻ ശ്രമിച്ചെന്ന ആക്ഷേപമുന്നയിച്ചത് തോമസ് കെ തോമസിന് കിട്ടേണ്ട മന്ത്രിസ്ഥാനം തടയാനാണെന്ന് വ്യക്തം. നിലവിൽ ജനതാദളിന്റെ ഒരു കഷണം എൻഡിഎ സഖ്യത്തിലുള്ളത് ഇടതുമുന്നണി സർക്കാരിന് വലിയ വെല്ലുവിളിയാണ്.


അജിത്പവാർ പക്ഷവുമായി ചേർന്നു നിൽക്കുന്നയാളല്ല തോമസ് കെ തോമസ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ തോമസ് ഇങ്ങനെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ എൻ.സി.പി ഔദ്യോഗിക സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയും തോമസ് കെ തോമസിനായിരുന്നു.


 ശരത് പവാറുമായി അത്രയേറെ അടുപ്പത്തിലാണ് തോമസ്. ഇതുവരെ അജിത് പവാറിനെ അദ്ദേഹം കണ്ടിട്ടില്ല. ഇടഞ്ഞുനിൽക്കുന്ന പ്രഫുൽ പട്ടേലിനെ ഒരുവട്ടം തോമസ് കണ്ടത് മന്ത്രിസ്ഥാനം കിട്ടാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായാണ്. ശരത് പവാറിന്റെ അനുമതിയോടെയായിരുന്നു ഇത്.

അതേസമയം ജനാധിപത്യ കേരളാ കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിച്ചിട്ടില്ലെന്നും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണ് അവിടെ മത്സരിച്ചതെന്നും ആന്റണി രാജു വിശദീകരിച്ചു.  ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും 50 കോടി രൂപ കൊടുത്ത് എംഎൽഎമാരെ കേരളത്തിൽ വിലയ്ക്കുവാങ്ങിയിട്ട് എന്തുചെയ്യാനാണെന്നും ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു.

Advertisment