/sathyam/media/media_files/2025/02/07/lkEIK7WaZQcW2b0FUHnr.jpg)
കോട്ടയം: മന്ത്രിസ്ഥാനത്ത് നിന്ന് എ.കെ.ശശീന്ദ്രനെ മാറ്റാനുളള നീക്കം പരാജയപ്പെടുകയും തോമസ്.കെ.തോമസ് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തിട്ടും എൻ.സി.പി സംസ്ഥാന ഘടകത്തിലെ ഭിന്നത തീരുന്നില്ല.
പുതിയ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ചാണ് കേരള ഘടത്തിൽ പുതിയ തർക്കം. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞശേഷം പാർട്ടി യോഗങ്ങൾക്ക് വരാൻ കൂട്ടാക്കുകയോ സഹകരിക്കുകയോ ചെയ്യാതെ മാറിനിൽക്കുന്ന പി.സി.ചാക്കോ ഒരു ഭാഗത്തും മന്ത്രി എ.കെ.ശശീന്ദ്രൻ മറുപക്ഷത്തും നിന്നാണ് ഇത്തവണയും പോരടിക്കുന്നത്.
തോമസ്.കെ.തോമസിനെ സംസ്ഥാന അധ്യക്ഷനായി നിശ്ചിയിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും പാർട്ടിക്കുളളിലെ ചേരിതിരിവ് മൂലമാണ് സഹഭാരവാഹികളെ നിശ്ചയിക്കാനാകാത്തത്.
വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും നിശ്ചയിക്കുന്നതിനായി വെളളിയാഴ്ച ചേർന്ന നേതൃയോഗം തർക്കം മൂത്ത് അടിച്ചുപിരിഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രൻെറ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊളളാനാവാതെ പിരിഞ്ഞത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എ.കെ.ശശീന്ദ്രൻ പക്ഷം നിർദ്ദേശിച്ച പേരുകൾ അംഗീകരിക്കാൻ പി.സി.ചാക്കോ പക്ഷം തയാറാകാത്തതാണ് ഭിന്നതക്ക് വഴിവെച്ചത്.
സംസ്ഥാന അധ്യക്ഷൻ തോമസ്.കെ.തോമസിനെ കൂടാതെ വർക്കിങ്ങ് പ്രസിഡന്റുമാരായി പി.കെ.രാജൻ മാസ്റ്ററും പി.എം സുരേഷ്ബാബുവും വൈസ് പ്രസിഡന്റായി ലതികാ സുഭാഷും ട്രഷററായി പി.ജെ. കുഞ്ഞുമോനും മാത്രമാണ് ഭാരവാഹികളായി ഉളളത്.
3 വൈസ് പ്രസിഡന്റ് സ്ഥാനമാണ് എൻ.സി.പി സംസ്ഥാന ഘടകത്തിലുളളത്. ഒഴിവുളള രണ്ട് സ്ഥാനങ്ങളിൽ ഒന്നിലേക്ക് എ.കെ.ശശീന്ദ്രൻ പക്ഷം പാലക്കാട് നിന്നുളള റസാഖ് മൗലവിയെ നിർദ്ദേശിച്ചു. പി.സി ചാക്കോയുടെ കടുത്ത എതിരാളിയാണ് റസാഖ് മൗലവി.
പി.സി.ചാക്കോ അധ്യക്ഷനായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന കെ.ആർ.രാജനെ ചാക്കോ പക്ഷവും വൈസ് പ്രസിഡന്റായി നിർദ്ദേശിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ആർ.രാജനെ നിർദ്ദേശിക്കുമ്പോൾ തന്നെ ചാക്കോ പക്ഷം ലതികാ സുഭാഷിനെ ഏക വൈസ് പ്രസിഡന്റായി നിയമിക്കണമെന്നും ആവശ്യപ്പടുന്നുണ്ട്.
റസാഖ് മൗലവിയേയും കെ.ആർ.രാജനെയും വൈസ് പ്രസിഡന്റുമാരായി നിർദ്ദേശിക്കുന്നതിനോട് യോജിക്കില്ലെന്ന് ലതിക സുഭാഷും യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചാക്കോ പക്ഷത്തിന് വഴങ്ങുന്ന പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു ശശീന്ദ്രൻ പക്ഷം.
വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനിടയിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ശശീന്ദ്രൻ പക്ഷം രണ്ട് ചാക്കോ വിരുദ്ധരെ കൂടി നിർദ്ദേശിച്ചത്.
മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജി ആട്ടുകാൽ എന്നിവരെയാണ് എ.കെ.ശശീന്ദ്രനും കൂട്ടരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രണ്ട് പേരെയും ജനറൽ സെക്രട്ടറിമാരാക്കാൻ പറ്റില്ലെന്നാണ് ചാക്കോ പക്ഷത്തിൻെറ നിലപാട്.
തോമസ്.കെ.തോമസിനെതിരെ കോഴ ആരോപണം പുറത്ത് വന്ന സമയത്ത് അന്വേഷണം ആവശ്യപ്പെട്ട് പ്രസ്തവാനയിറക്കിയതിൻെറ പേരിൽ പി.സി.ചാക്കോ നടപടിയെടുത്ത് പുറത്താക്കിയ നേതാവാണ് സാദത്ത് ഹമീദ്.
എൻ.സി.പിയുടെ പൂർവരൂപമായ കോൺഗ്രസ് എസ് മുതൽ പ്രവർത്തന പാരമ്പര്യമുളള സാദത്ത് ഹമീദ് മുൻ ധനമന്ത്രി പി.കെ.കുഞ്ഞിൻെറ മകൻെറ മകനുമാണ്. ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ച് ചാക്കോയുമായി കലഹിച്ചതിൻെറ പേരിൽ പുറത്തായതാണ് അജി ആട്ടുകാൽ.
രണ്ട് പേരെയും ഒഴിവാക്കി കൊണ്ടുളള ഒരു ഒത്തുതീർപ്പിനുമില്ലെന്നാണ് ശശീന്ദ്രൻ പക്ഷത്തിൻെറ നിലപാട്. തർക്കം മുറുകിയതോടെ തീരുമാനം ദേശിയ നേതൃത്വത്തിന് വിടാനാണ് ധാരണ.