നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻസിപിയിൽ കടുത്ത ആഭ്യന്തര കലഹം. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന ആവശ്യത്തിൽ എക്സിക്യൂട്ടീവ് യോഗം ബഹളത്തിലും കയ്യാങ്കളിയിലും കലാശിച്ചു. തോമസ് കെ. തോമസിനെ മാറ്റി പി.സി. ചാക്കോയെ അധ്യക്ഷനാക്കണമെന്ന ആവശ്യത്തിൽ ഭിന്നത. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി പി.സി. ചാക്കോ. സീറ്റിനായി മുതിർന്ന നേതാക്കളും രംഗത്ത്

New Update
thomas k thomas ak saseendran pc chacko

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പ് അരികെ എത്തിയിട്ടും ആഭ്യന്തര പ്രശ്നങ്ങൾ ഒഴിയാതെ എൻസിപി സംസ്ഥാന ഘടകം.

Advertisment

സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന ആവശ്യത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ തമ്മിൽ നടന്ന വാക്കേറ്റം കയ്യാങ്കളിയിലെത്തി.


സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ തോമസിനെ മാറ്റണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് ബഹളത്തിന് വഴിവെച്ചത്.


ദേശീയ വർക്കിംഗ് പ്രസിഡണ്ട് പിസി ചാക്കോ അനുകൂലികളാണ് തോമസ് കെ തോമസിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടത്. തോമസ് കെ തോമസിന് പകരം പി സി ചാക്കോ അധ്യക്ഷനാകണം എന്നായിരുന്നു ആവശ്യം.

pc chacko card ncp

തദ്ദേശ തെരഞ്ഞെടുപ്പിലെ കുട്ടാനാട്ടിലെ വോട്ട് ചോർച്ചയും നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടില്ല എന്നതും തോമസ് കെ തോമസിന്റെ പോരായ്മയായി ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.

എതിർപ്പുമായി ആലപ്പുഴ ജില്ലയിൽ നിന്നുള്ള തോമസ് അനുകൂലികൾ രംഗത്ത് എത്തിയതോടെ രംഗം വഷളായി. പരസ്പരം പോർവിളിച്ച് തുടങ്ങിയ നേതാക്കൾ പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു.


ബഹളം കയ്യാങ്കളിയിലേക്ക് എത്തിയതോടെ പി.സി.ചാക്കോ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളവും കയ്യാങ്കളിയും ഉണ്ടായെ ന്ന വാർത്ത നേതൃത്വം നിഷേധിച്ചു.


നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം എൽ എമാരെ അതാത് മണ്ഡലങ്ങളിൽ മത്സരിപ്പിക്കാൻ യോഗത്തിൽ ധാരണമായി.

എ കെ ശശിന്ദ്രൻ എലത്തൂരിൽ നിന്ന് മത്സരിക്കുമെന്നും താൻ കുട്ടനാട് മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുമെന്നും തോമസ്.കെ. തോമസ് വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് എ കെ ശശിന്ദ്രനും പറഞ്ഞു.

ak sasi Untitled111.jpg

മത്സരിക്കുന്നതിൽ മറ്റ് തടസങ്ങൾ ഒന്നുമില്ലെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് ഉദ്ദേശിച്ചു കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

എലത്തൂരും കുട്ടനാടും കൂടാതെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ മണ്ഡലത്തിലാണ് എൻസിപി മത്സരിക്കുന്നത്. കോട്ടക്കൽ മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകണം എന്നതിനെ ചൊല്ലി പാർട്ടിയിൽ തർക്കമുണ്ട്.

മുതിർന്ന നേതാവ് റസാക്ക് മൗലവി അടക്കമുള്ളവർ സീറ്റിനായി രംഗത്തുണ്ട്. എൽ ഡി എഫിൽ നിന്ന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണം എന്ന് പാർട്ടിയിൽ ആവശ്യമുണ്ടെങ്കിലും പ്രയോഗികമല്ല എന്നാണ് എൻ സി പി നേതൃത്വത്തിന്റെ നിലപാട്

Advertisment