ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുള്ള എന്‍ഡിഎയുടെ കര്‍ണാടകയിലെ പോസ്റ്ററില്‍ ഇടംപിടിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും, ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും. ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ത്ഥിയും, ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍. മഞ്ജുനാഥിന്റെ പ്രചരണ പോസ്റ്ററിലാണ് കേരളത്തിലെ ഇടതു നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണു പോസ്റ്റർ ഇറക്കിയത്. മഞ്ജുനാഥിന് നല്‍കിയ സ്വീകരണച്ചടങ്ങുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററാണിത്. ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിലാണെങ്കിലും, കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പമാണ്.
സമൂഹമാധ്യമത്തില്‍ വ്യാപകമായി ഈ പ്രചരിക്കുന്ന പോസ്റ്റര്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനും സാധ്യതകളേറെ. എന്നാല്‍ ഈ പോസ്റ്റര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കരുതുന്നുവെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി.
ഒരു ബിജെപി സ്ഥാനാര്‍ത്ഥിക്കും തങ്ങളുടെ ചിത്രം ചേര്‍ത്ത് പോസ്റ്റര്‍ അടിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ചിത്രം ഉപയോഗിച്ചാല്‍ വോട്ട് കിട്ടുമെന്ന ധാരണ കര്‍ണാടകയിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാകുമെന്നും വിശ്വസിക്കുന്നില്ല. അതുകൊണ്ട് നവമാധ്യമത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കരുതുന്നു.
ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ ജെഡിഎസിന്റെ അഖിലേന്ത്യാ നേതാക്കള്‍ തയ്യാറായപ്പോള്‍ ആ നീക്കത്തോടൊപ്പം കേരളത്തിലെ ജെഡിഎസ് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന്റെ ഭാഗമായി ഇടതുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് എല്ലാ ജെഡിഎസ് പ്രവര്‍ത്തകരും.
പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ കൃത്രിമമായി സൃഷ്ടിച്ച പോസ്റ്ററാണ് നവമാധ്യമങ്ങളിലൂടെ ചില എതിര്‍കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. യാതൊരു അടിസ്ഥാനവും അത്തരത്തിലുള്ള പോസ്റ്ററിനില്ല. കേരളത്തിലെ ജെഡിഎസ് ബിജെപിക്കും, കോണ്‍ഗ്രസിനും എതിരെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എല്‍ഡിഎഫ് ഘടകക്ഷിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.