/sathyam/media/media_files/2026/01/06/sujaya-parvathy-sreekanden-nair-anto-augustine-hashmi-taj-abraham-2026-01-06-21-40-19.jpg)
കൊച്ചി: മലയാളം വാർത്താചാനൽ രംഗത്തേക്ക് പുതിയൊരു ന്യൂസ് ചാനൽ കൂടി വന്നതോടെ ചാനൽ മാധ്യമ രംഗത്ത് വീണ്ടും കൂടുമാറ്റത്തിന്റെ കാലമായി. അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ വരുന്ന 'ബിഗ് ടിവി'യാണ് മലയാളം ചാനൽ മാധ്യമപ്രവർത്തകരുടെ വൻതോതിലുള്ള കൂടുമാറ്റത്തിന് വഴിയൊരുക്കുന്നത്.
ന്യൂസ് മലയാളം ചാനലിൽ നിന്ന് അവതാരക ലക്ഷ്മി പത്മ അടക്കമുള്ളവരെ ബിഗ് ടിവിയിലേക്ക് കൊണ്ടുപോയ അനിൽ അയിരൂർ റിപ്പോർട്ടർ, ട്വൻ്റി ഫോർ ന്യൂസ് തുടങ്ങിയ ചാനലുകളെ ലക്ഷ്യം വെച്ചും നീക്കങ്ങൾ നടത്തുന്നുണ്ട്.
റിപ്പോർട്ടർ ടിവിയിൽ നിന്ന് ഒറ്റയടിക്ക് 5 യുവ മാധ്യമ പ്രവർത്തകരെയാണ് അനിൽ അയിരൂർ പുതിയ ചാനലിലേയ്ക്ക് കൊണ്ടുപോയത്. പരിചയസമ്പന്നയായ അപർണ കാർത്തികയും ഇന്നലെ റിപ്പോർട്ടറിൽ നിന്ന് രാജിവച്ചു. സ്മൃതി പരുത്തിക്കാടുമായുള്ള പ്രശ്നങ്ങളെ തുടർന്ന് അപർണ്ണയെ ഒതുക്കിയിരിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/06/aparna-karthika-2026-01-06-21-47-39.jpg)
മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ രാജി വെക്കാൻ തുടങ്ങിയതോടെ ഈ മാസം 5, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അപ്രൈസൽ മീറ്റിംഗ് റിപ്പോർട്ടർ ടിവി അനിശ്ചിതമായി മാറ്റിവെച്ചു. ശമ്പളവും പോസ്റ്റും കൂട്ടി വാങ്ങിയ ശേഷം മറ്റ് ചാനലുകളിലേക്ക് ചേക്കേറുന്നത് തടയാനാണ് അപ്രൈസൽ ശമ്പള പരിഷ്കരണ യോഗം മാറ്റിവെച്ചത്.
ദീപക് മലയമ്മ, ആര്യ സുരേന്ദ്രൻ, ദിലീപ് ദേവസ്യ, അലി അക്ബർ, സാനിയോ മനോമി, അപർണ കാർത്തിക എന്നിവരാണ് റിപ്പോർട്ടർ വിട്ട് ബിഗ് ടിവിയിലേക്ക് പോയത്. താരതമ്യേന ജൂനിയർ ആയ റിപ്പോർട്ടർമാരും അവതാരകരുമാണ് ഇവരെങ്കിൽ, റിപ്പോർട്ടറിന്റെ സ്റ്റാർ അവതാരക സുജയ പാർവതിയാണ് അനിൽ അയിരൂരിന്റെ അടുത്ത ലക്ഷ്യം.
/filters:format(webp)/sathyam/media/media_files/eVt9UtHV1B0NaHftxXLO.jpg)
സുജയ വരും എന്ന ഉറപ്പിലാണ് അനിൽ അയിരൂർ ഇതര ചാനലുകളിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നത്. ഇതുവരെ രാജി വെച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും സുജയ റിപ്പോർട്ടർ വിട്ടേക്കാം.
ഇത് മനസ്സിലാക്കി ഇന്നലെ എഡിറ്റോറിയൽ യോഗം വിളിച്ച റിപ്പോർട്ടർ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ആൻ്റോ അഗസ്റ്റിൻ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്.
ആര് ചാനൽ വിട്ടു പോയാലും പ്രശ്നമില്ലെന്നും പകരം ആളെ കൊണ്ടുവന്ന് നടത്തുമെന്നും ആൻ്റോ അഗസ്റ്റിൻ എഡിറ്റോറിയൽ വിഭാഗം ജീവനക്കാരെ അറിയിച്ചു.
"പോകണമെങ്കിൽ ആർക്കും പോകാം. ആരെയും പിടിച്ചുനിർത്തില്ല. പോകേണ്ടവർക്ക് ഇപ്പോൾ തന്നെ പോകാം. അടുത്ത മാസത്തെ ശമ്പളം വരെ പിടിച്ചുനിൽക്കണമെന്നില്ല. തരാനുള്ള പൈസ തന്നേക്കാം. മറ്റ് ചാനലുകളിൽ നിന്ന് ആളുകളെ കൊണ്ടുവന്നാണ് റിപ്പോർട്ടർ റീലോഞ്ച് ചെയ്തത്.
/filters:format(webp)/sathyam/media/media_files/2025/11/19/anto-augustine-4-2025-11-19-20-08-02.jpg)
ട്വൻ്റി ഫോറിൽനിന്ന് 40% എഡിറ്റോറിയൽ ജീവനക്കാരെ കൊണ്ടുവന്നു. അതുപോലെ പുതിയൊരു ചാനൽ തുടങ്ങുമ്പോൾ ഇവിടെ നിന്നും ആളുകൾ പോകും. അതിലൊന്നും ഭയക്കുന്നില്ല.
പക്ഷേ അടുത്തമാസം ശമ്പളം വരെ പിടിച്ചുനിൽക്കാം എന്നൊന്നും ആരും വിചാരിക്കേണ്ട. ഇവിടെ ശമ്പളവും പോസ്റ്റും കൂട്ടിവാങ്ങി മറ്റിടങ്ങളിൽ വിലപേശാൻ സൗകര്യമൊരുക്കില്ല. അതുകൊണ്ടാണ് അപ്രൈസൽ മീറ്റിംഗ് മാറ്റിവെച്ചത് " ആൻ്റോ വിശദീകരിച്ചു.
ആൻ്റോ അഗസ്റ്റിന്റെ രൂക്ഷമായ ആ പ്രതികരണത്തെ തുടർന്ന് സുജയാ പാർവതി വികാരാധീനയായെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബിഗ് ടിവി ആളുകളെ റാഞ്ചാൻ തുടങ്ങിയതോടെ വീണ്ടും മറ്റു ചാനലുകളിൽ നിന്ന് ആളെ പിടിക്കാനാണ് റിപ്പോർട്ടറിന്റെ ശ്രമം. ഇതിൻറെ ഭാഗമായി ട്വൻ്റി ഫോറിനെയാണ് റിപ്പോർട്ടർ ടി വി വീണ്ടും ലക്ഷ്യം വെക്കുന്നത്.
ട്വൻ്റി ഫോറിന്റെ കോഴിക്കോട് ബ്യൂറോയിലെ രണ്ട് സീനിയർ റിപ്പോർട്ടർമാരെ ഒറ്റ ദിവസം കൊണ്ട് രാജിവെപ്പിച്ച് ചാനലിൽ എത്തിക്കാൻ റിപ്പോർട്ടറിന് കഴിഞ്ഞു.
ട്വൻ്റി ഫോർ കോഴിക്കോട് മേധാവി ദീപക്ക് ധർമ്മടത്തിന്റെ കീഴിൽ അസ്വസ്ഥരായിരുന്ന മിഥിലാ ബാലൻ, ഷഹദ് റഹ്മാൻ എന്നിവരെയാണ് ഇരട്ടി ശമ്പളം നൽകി റിപ്പോർട്ടർ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത്.
ദീപക് ധർമ്മടത്തിന്റെ പ്രവർത്തനത്തിൽ അസ്വസ്ഥരായി നേരത്തെയും ട്വൻ്റി ഫോർ ന്യൂസിന്റെ കോഴിക്കോട് മേഖലയിൽനിന്ന് രാജിവെച്ച് ചിലര്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറിയിരുന്നു. ട്വൻ്റി ഫോറിൽ നിക്ഷേപമുള്ള ഗോകുലം ഗോപാലനുമായുളള അടുപ്പം മൂലം ദീപക്ക് ധർമ്മടത്തിനെതിരെ നടപടിയെടുക്കാൻ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർക്കും കഴിയുന്നില്ല.
ട്വൻ്റി ഫോറിന്റെ മറ്റ് ബ്യൂറോകളിൽ ജോലിചെയ്യുന്ന ലേഖകന്മാർക്ക് വേണ്ടിയും റിപ്പോർട്ടർ ടിവി വലയെറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ബിഗ് ടിവിയിലേക്കും റിപ്പോർട്ടർ ടിവിയിലേക്കും ചേക്കേറിയാൽ ട്വൻ്റി ഫോർ ന്യൂസ് പ്രതിസന്ധിയിലാകും.
/filters:format(webp)/sathyam/media/media_files/2025/12/26/hashmi-2025-12-26-20-21-03.jpg)
സ്റ്റാർ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനെ റിപ്പോർട്ടറും ബിഗ് ടിവിയും ക്ഷണിക്കുന്നുണ്ട്. പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ഹാഷ്മി എന്നാണ് സൂചന. ഇപ്പോൾ തന്നെ ആൾ ക്ഷാമം മൂലം മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ട്വൻ്റി ഫോറിന് കഴിയുന്നില്ല.
പലതവണ വേക്കൻസി അറിയിച്ചു പരസ്യം നൽകിയിട്ടും മികച്ചവരെ ചാനലിൽ എത്തിക്കാൻ മാനേജ്മെന്റിന് കഴിയുന്നില്ല. ശമ്പളക്കുറവ് മൂലമാണ് ട്വൻ്റി ഫോറിന് ആളെ കിട്ടാത്തത്.
ബിഗ് ടിവിയുടെ വരവ് ഏഷ്യാനെറ്റ് ന്യൂസിനും മാതൃഭൂമി ന്യൂസിനും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യൻ വൻ ശമ്പളത്തിൽ ബിഗ് ടിവിയിൽ എത്തി.
/filters:format(webp)/sathyam/media/media_files/2026/01/06/joshy-kurian-2026-01-06-21-55-13.jpg)
മാതൃഭൂമി ന്യൂസിന്റെ ഇൻപുട്ട് വിഭാഗം ന്യൂസ് എഡിറ്റർ ഡോ പ്രസാദ് കുമാർ ബിഗ് ടിവിയുടെ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവിയായും ജോലിയിൽ പ്രവേശിച്ചു. മാതൃഭൂമിയുടെ ജൂനിയർ തരത്തിൽ നിന്നും ഒരാൾ ബിഗ് ടിവിയിലേക്ക് പോയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/06/dr-g-prasad-kumar-2026-01-06-21-56-46.jpg)
ന്യൂസ് 18 ൽ നിന്ന് അപർണ കുറുപ്പും ബിഗ് ടിവിയിൽ എത്തി. മൂന്നിരട്ടി ശമ്പളം നൽകിയാണ് ബിഗ് ടിവി ജേർണലിസ്റ്റുകളെ ആകർഷിക്കുന്നത്. ശമ്പളത്തിനൊപ്പം ജോയിനിങ് ബോണസും നൽകുന്നതിൽ മയങ്ങിയാണ് ഉള്ള ജോലി കളഞ്ഞ് മാധ്യമപ്രവർത്തകർ ബിഗ് ടിവിയിലേക്ക് ചേക്കേറുന്നത്.
പരസ്യ വരുമാനം കുത്തനെ കുറഞ്ഞ കാലത്ത് ഉയർന്ന തുക നൽകി എങ്ങനെ നിലനിൽക്കാനാവും എന്നതാണ് ചോദ്യം. ഇതൊന്നും ആലോചിക്കാതെയാണ് ചാനൽ പ്രവർത്തകർ ഉയർന്ന ശമ്പളത്തിൽ കൂടുമാറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us