കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ആവേശവും രാഷ്ട്രീയ വിവാദങ്ങളും ചർച്ചയായ ആഴ്ചയിലെ റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളികളില്ല. മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി. ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ( ബാർക്ക്) 47-ാം ആഴ്ചയിലെ റേറ്റിങ്ങിലാണ് ഏഷ്യാനെറ്റ് അജയ്യത തുടരുന്നത്.
കേരള ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 91.8 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ട് മുൻപുളള ആഴ്ചയിലേക്കാൾ 1.1 പോയിൻെറ് മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് അധികമായി നേടാനായത്.
സന്ദീപ് വാര്യരുടെ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്കുളള കൂറുമാറ്റവും അടക്കമുളള വാർത്തകളും മറ്റും ഉണ്ടായിട്ടും പോയിന്റ് നിലയിൽ അധികമൊന്നും മുന്നോട്ട് പോകാൻ ഏഷ്യാനെറ്റിന് ആയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടി.വിയുമായുളള പോയിൻെറ വ്യത്യാസം ഏതാണ്ട് അതേപോലെ നിലനിർത്താനായി എന്നതാണ് ഏഷ്യാനെറ്റിന് ആശ്വാസകരമായ കാര്യം. 47-ാം ആഴ്ചയിൽ 75.5 പോയിന്റ് നേടിയാണ് റിപോർട്ടർ ടി.വി രണ്ടാം സ്ഥാനത്തെത്തിയത്. മുൻപുളള ആഴ്ചയിലേക്കാൾ 0.4 പോയിന്റ് മാത്രം വളർച്ച മാത്രമാണ് റിപോർട്ടർ ടിവിക്ക് നേടാനായത്.
ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താൻ പരിശ്രമിച്ചിരുന്ന റിപോർട്ടറിൻെറ ആ നീക്കം എങ്ങുമെത്താതെ പോകുന്നു എന്നാണ് ബാർക് പോയിന്റ് ചാർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. മാനേജ്മെന്റ്, എഡിറ്റോറിയൽ ബോർഡ്, റിപോർട്ടർമാർ എന്നിവരുമായി ബന്ധപ്പെട്ട് നിരന്തര വിവാദങ്ങൾ റിപോർട്ടറിൻെറ കുതിപ്പിനെ പിന്നോട്ട് വലിച്ചുവെന്നാണ് സൂചന.
വാർത്താ അവതരണത്തിലും ഫ്രെയിം ചടുലതയിലും ഊർജസ്വലത പുലർത്തുമ്പോഴും കൈകാര്യംചെയ്യുന്ന വാർത്തകൾക്ക് പിന്നിലെ താൽപര്യങ്ങളാണ് റിപോർട്ടറിന് വിനയാകുന്നത്. ആർ.ശ്രീകണ്ഠൻ നായരുടെ ട്വൻറിഫോറാണ് 47-ാം ആഴ്ചയിലെ റേറ്റിങ്ങിലും മൂന്നാം സ്ഥാനത്ത്. 0.9 പോയിന്റ് കുറഞ്ഞാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നതാണ് അവരെ നിരാശപ്പെടുത്തുന്ന കാര്യം.
കഴിഞ്ഞ കുറെ ആഴ്ചകളായി ട്വന്റി ഫോറിൻെറ റേറ്റിങ്ങ് താഴോട്ടാണ്.പരിപാടികളിൽ മാറ്റം വരുത്തിയും പ്രധാന അവതാരകനായ ആർ.ശ്രീകണ്ഠൻ നായർ കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിച്ചും തിരിച്ചുവരവിന് ഒരുങ്ങുന്ന ട്വന്റി ഫോർ ടീമിനെ പോയിന്റ് പടിപടിയായി ഇടിയുന്നത് നിരാശപ്പെടുത്തുന്നതാണ്.
രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയുമായി പോയിന്റ് നിലയിലുളള വ്യത്യാസം കൂടുന്നതും നാലാം സ്ഥാനത്തുളള മനോരമ ന്യൂസുമായി പോയിന്റ് നിലയിലുളള വ്യത്യാസം കുറയുന്നതും ട്വന്റി ഫോറിനെ ആശങ്കപ്പെടുത്താൻ പോന്നതാണ്.
47-ാം ആഴ്ചയിലെ റേറ്റിങ്ങിൽ യൂണിവേഴ്സൽ വിഭാഗത്തിൽ 40.9 പോയിന്റ് നേടിയാണ് മനോരമ ന്യൂസ് നാലാം സ്ഥാനത്ത് തുടരുന്നത്.തൊട്ടുമുൻപുളള ആഴ്ചയിൽ 42 പോയിന്റ് ഉണ്ടായിരുന്നിടത്ത് നിന്നാണ് 40.9 പോയിന്റിലേക്ക് മനോരമ ന്യൂസ് താഴ്ന്നത്.
പതിവ് പോലെ മാതൃഭൂമി ന്യൂസാണ് അഞ്ചാം സ്ഥാനത്ത്.33.1 പോയിന്റാണ് മാതൃഭൂമി ന്യൂസിൻെറ പോയിന്റ് നേട്ടം. മുൻപുളള ആഴ്ചയിലേക്കാൾ 0.2 പോയിന്റിൻെറ കുറവുണ്ട്. 47-ാം ആഴ്ചയിലെ പോയിന്റ് നിലയിൽ ജനം ടിവിയാണ് ആറാം സ്ഥാനത്ത്.ജനം ടിവിക്ക് 22.1 പോയിന്റാണ് ലഭിച്ചത്.
21 പോയിന്റുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തുണ്ട്.12.5 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും 9.8 പോയിന്റുമായി മീഡിയാ വൺ ഒൻപതാം സ്ഥാനത്തുമാണ്. ഏറ്റവും പുതിയ ചാനലായി ന്യൂസ് മലയാളം24x7 ഇതുവരെ റേറ്റിങ്ങ് ചാർട്ടിൽ ഇടം പിടിച്ചിട്ടില്ല.
യൂണിവേഴ്സൽ വിഭാഗത്തിൽ വാർത്താ ചാനലുകളുടെ റേറ്റിംഗ് 100 പോയിന്റിന് താഴേക്ക് പോകുന്ന പ്രവണത ഈയാഴ്ചയും തുടരുകയാണ്. മാസങ്ങളായി.പാലക്കാട് ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന വിവാദകോലാഹലങ്ങളൊന്നും തന്നെ പ്രേക്ഷകരെ ചാനലുകളിലേക്ക് എത്തിക്കാൻ സഹായകരമായിട്ടില്ലെന്ന് വേണം കരുതാൻ.
പോയിന്റ് നില പടിപടിയായി കുറയുന്നതും അപായ സൂചനയാണ്. ഈ ആഴ്ച പുറത്തുവന്ന റേറ്റിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും റിപോർട്ടറും എട്ടും ഒൻപതും സ്ഥാനങ്ങളിലുളള ന്യൂസ് 18 കേരളവും മാത്രമാണ് നേരിയ വളർച്ചയെങ്കിലും കാണിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പിൻെറ കൗണ്ടിങ്ങ് ദിവസം അടങ്ങുന്ന റേറ്റിങ്ങാണ് പുറത്ത് വരാനുളളത്.
അതി നിർണായകമായ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉൾപ്പെടുന്ന ആഴ്ചയിൽ പോലും ഒരു ചാനലിനും പോയിന്റ് നിലയിൽ യാതൊരു ചലനവും ഉണ്ടാക്കാനായില്ല. മുന്നത്തെ ആഴ്ചയിലെ റേറ്റിംഗുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക ചാനലുകൾക്കും ഇക്കുറി പോയിന്റ് ഇടിഞ്ഞിട്ടുമുണ്ട്.
ഏഷ്യാനെറ്റ് മാത്രം ഒരുപോയിന്റ് കൂടുതൽ നേടിയെങ്കിലും റിപ്പോർട്ടർ ഉൾപ്പെടെ ആദ്യ സ്ഥാനങ്ങളിൽ തുടരുന്ന ചാനലുകളുടെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഏതാനും ആഴ്ചകളായി റേറ്റിംഗ് പോയിന്റിൽ കിതയ്ക്കുകയാണ് മിക്ക ചാനലുകളും. മുൻനിര മാധ്യമപ്രവർത്തകർ ഒന്നായി പ്രത്യക്ഷപ്പെട്ടിട്ടും റേറ്റിംഗ് പോയിന്റിലെ ഗണ്യമായ ഇടിവ് വിരൽ ചൂണ്ടുന്നത് ദൃശ്യമാധ്യമങ്ങളുടെ ഭാവിയിലേക്ക് തന്നെയാണ്.