വൻ ഇളക്കമുണ്ടാക്കുന്ന വാർത്താ സംഭവങ്ങളൊന്നും ഇല്ലാതിരുന്ന വാരത്തിലും കാര്യമായ നേട്ടമുണ്ടാക്കാതെ വാർത്താ ചാനലുകൾ. തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. ട്വന്റി ഫോർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ട‌ർ രണ്ടാം സ്ഥാനത്തെത്തി. സ്ഥിരമായി 4ാം സ്ഥാനത്ത് തുട‌ർന്നിരുന്ന മനോരമ ന്യൂസിനെ അട്ടിമറിച്ച് മാതൃഭൂമിയുടെ കുതിപ്പ്. ന്യൂസ് മലയാളം 24x7 നും കീഴ്പോട്ടിറക്കം

New Update
asianet reporter 24 channel

കോട്ടയം: വാ‍ർത്താ ചാനലുകളുടെ റേറ്റിങ്ങ് പോരാട്ടത്തിൽ തുട‌ർച്ചയായ രണ്ടാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. ട്വന്റി ഫോർ ന്യൂസ് ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ട‌ർ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ന് പുറത്തുവന്ന റേറ്റിങ്ങ് കണക്കിലെ അട്ടിമറി.

Advertisment

സ്ഥിരമായി നാലാം സ്ഥാനത്ത് തുട‌ർന്നിരുന്ന മനോരമ ന്യൂസിനെ അഞ്ചാം സ്ഥാനത്തേക്ക് പറഞ്ഞയച്ച് കൊണ്ട് മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തെത്തിയതും റേറ്റിങ്ങ് ചാ‌‌‍ർട്ടിലെ അട്ടിമറിയായി. 


ജൂലൈ 13 മുതൽ 19 വരെയുളള ഒരാഴ്ചക്കാലത്തെ റേറ്റിങ്ങാണ് ഇന്ന് ടെലിവിഷൻ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓ‍ഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) പുറത്തുവിട്ടത്.


റേറ്റിങ്ങിലെ പ്രധാന സെഗ്മെന്റായ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 97 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 

തേവലക്കരയിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയുടെ വൈദ്യുതാഘാതമേറ്റുളള മരണവും ഷാർജയിൽ ജീവനൊടുക്കിയ മലയാളി യുവതിക്ക് നേരിട്ട ഭർതൃപീ‍ഡനവുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു പോയവാരത്തെ പ്രധാന സംഭവവികാസങ്ങൾ.

വൻ ഇളക്കമുണ്ടാക്കുന്ന വാർത്താ സംഭവങ്ങളൊന്നും ഇല്ലാതിരുന്ന വാരത്തിൽ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് കാര്യമായ വെല്ലുവിളി ഉയർത്താൻ മറ്റ് ചാനലുകൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റേറ്റിങ്ങ് കണക്കുകൾ വ്യക്തമാക്കുന്നത്. 

WhatsApp Image 2025-07-24 at 8.35.06 PM

WhatsApp Image 2025-07-24 at 8.35.06 PM


മുൻ ആഴ്ചയിലേക്കാൾ രണ്ട് പോയിന്റ് കുറഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കാൻ കാരണവും അതുതന്നെ. എന്നാൽ ഇനി വരാനിരിക്കുന്നത് വി.എസ്.അച്യുതാനന്ദൻെറ നിര്യാണം സംഭവിച്ച ആഴ്ചയിലെ റേറ്റിങ്ങാണ്. അപ്പോൾ ഏഷ്യാനെറ്റ് ന്യൂസിൻെറ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാൻ എല്ലാ സാധ്യതയുമുണ്ട്.


എഡിറ്റോറിയൽ മേധാവികളും സംസ്ഥാനത്തെ എല്ലാ ബ്യൂറോകളിലെയും ലേഖകരും ഒരുമിച്ചിറങ്ങി 55 മണിക്കൂർ തുടർച്ചയായി കവർ ചെയ്ത വി.എസിൻെറ സംസ്കാര ചടങ്ങുകൾ വരെയുളള സംഭവങ്ങളിൽ റിപോർട്ടറിന് നല്ല മേധാവിത്വം പുലർത്താനായിട്ടുണ്ട്.

പ്രധാന അവതാരകൻ ഡോ.അരുൺകുമാർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നടത്തിയ പരാമർ‌ശങ്ങൾ വിവാദമായത് റേറ്റിങ്ങിൽ തിരിച്ചടിയായില്ലെങ്കിൽ റിപോർട്ട‍ർ ഒന്നാം സ്ഥാനത്ത് എത്താനാണ് സാധ്യത. ഇന്ന് പുറത്ത് വന്ന റേറ്റങ്ങിൽ 82 പോയിന്റ് നേടിയാണ് റിപോ‍ർട്ട‌ർ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.

മുൻ ആഴ്ചയിൽ നിന്ന് രണ്ട് പോയിന്റ് കുറഞ്ഞെങ്കിലും ട്വന്റി ഫോർ ന്യൂസിന് ഉണ്ടായ വൻ ഇടിവ് മൂലമാണ് രണ്ടാം സ്ഥാനത്തേക്ക് എത്താൻ റിപോർട്ടറിന് സാധിച്ചത്. 


പോയവാരം 87 പോയിന്റ് ഉണ്ടായിരുന്ന ആർ.ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോർ ന്യൂസ് ഈയാഴ്ച 80 പോയിന്റിലേക്ക് വീണു.ഒറ്റയാഴ്ചയിൽ ഉണ്ടായ 7 പോയിന്റ് നഷ്ടമാണ്  ട്വന്റി ഫോറിന് മൂന്നാം സ്ഥാനത്തേക്ക് തളളിയിട്ടത്.


ട്വന്റി ഫോറിൻെറ പോയിന്റ് നഷ്ടം റിപോർട്ടറിന് അനുഗ്രഹമായി മാറിയതോടെ അവ‌ർ രണ്ടാം സ്ഥാനം പിടിച്ചെടുത്തു. ഇനി വരാനിരിക്കുന്ന റേറ്റിങ്ങിലും ട്വന്റി ഫോ‌ർ ന്യൂസ് മൂന്നാം സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത. 

വി.എസ് അച്യുതാനന്ദൻെറ നിര്യാണ വാർത്ത റിപോർട്ട് ചെയ്യുന്നതിനിടെ ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർക്കുണ്ടായ നാക്കുപിഴ വൻ എതിർ‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയൻെറ നിര്യാണം എന്ന പരാമ‍ർശത്തോടെ ഇടതുപക്ഷ പ്രവർത്തക‌ർ ഒന്നടങ്കം ചാനലിനും ശ്രീകണ്ഠൻ നായർക്കുമെതിരെ തിരിഞ്ഞു. ഒരു ദിവസം കഴിഞ്ഞ് ഖേദപ്രകടനം നടത്തിയെങ്കിലും സി.പി.എം ക്യാമ്പിൽ നിന്നുളള വിമർശനത്തിൻെറ തീവ്രതക്ക് ഒട്ടും കുറവില്ല.


സി.പി.എം അനുഭാവികളുടെ എതിർപ്പ് റേറ്റിങ്ങിലും പ്രതിഫലിച്ചാൽ അടുത്തയാഴ്ച പുറത്തുവരുന്ന റേറ്റിങ്ങിൽ വൻ തിരിച്ചടിയുണ്ടായേക്കും. ട്വന്റി ഫോറിനെ പിന്തളളി റിപോർട്ട‍ർ ടിവി രണ്ടാം സ്ഥാനത്തേക്ക് വന്നതിന് സമാനമായ അട്ടിമറിയാണ് നാലാം സ്ഥാനക്കാരായ മനോരമ ന്യൂസ് നേരിട്ടത്.


റിപോ‍ട്ടർ ടിവിയുടെ കുതിപ്പോടെ നാലാം സ്ഥാനത്തേക്ക് വീണുപോയ മനോരമ ന്യൂസിന് നീണ്ട കാലത്തിന് ശേഷമാണ് അഞ്ചാം സ്ഥാനത്തേക്ക് വീഴുന്നത്.

കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 41 പോയിന്റ് നേടിയാണ് മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിയത്.

മുൻ ആഴ്ച 42 പോയിന്റ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് ഈയാഴ്ച 40 പോയിന്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച 41 പോയിന്റ് ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസിന് ഈയാഴ്ച വളർച്ചയോ തളർച്ചയോ ഉണ്ടായില്ല. എന്നാൽ മനോരമയുടെ പോയിന്റ് നഷ്ടം മാതൃഭൂമിക്ക് നേട്ടമായി മാറുകയാണ് ഉണ്ടായത്.


മലയാളത്തിലെ ഏറ്റവും പുതിയ വാർത്താ ചാനലായ ന്യൂസ് മലയാളം 24x7 നും കീഴ്പോട്ടിറക്കമാണ്.മുൻ ആഴ്ചയിലേക്കാൾ 1 പോയിന്റ് കുറഞ്ഞ് 27 പോയിന്റിലേക്ക് എത്തിയ ന്യൂസ് മലയാളം ആറാം സ്ഥാനത്ത് സുരക്ഷിതരാണ്.


രണ്ടാഴ്ച മുൻപ് 33 പോയിന്റിലേക്ക് വളർന്നിരുന്ന ന്യൂസ് മലയാളത്തിന് ആ പ്രവേഗം നിലനിർത്താനായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കി തരുന്നത്.

ചാനലുകളുടെ പ്രേക്ഷകപങ്കാളിത്തത്തിൽ പൊതുവിൽ ഉണ്ടായ ഇടിവാണ് തങ്ങളെയും ബാധിച്ചതെന്നാണ് ന്യൂസ് മലയാളം എഡിറ്റോറിയൽ മേധാവികളുടെ ന്യായീകരണം.

16 പോയിന്റുമായി കൈരളി ന്യൂസാണ് ഏഴാം സ്ഥാനത്ത്. കൈരളിക്കും തൊട്ടുമുൻപ് ഉളള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 1 പോയിന്റ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച വരെ  കൈരളിയുമായി കടുത്ത മത്സരം കാഴ്ചവെച്ചിരുന്ന ജനം ടിവിയുടെ റേറ്റിങ്ങ് ഈയാഴ്ച പുറത്തുവിട്ടിട്ടില്ല.

ജനം ടിവിയുടെ അഭാവത്തിൽ 14 പോയിൻറുമായി ന്യൂസ് 18 കേരളമാണ് എട്ടാം സ്ഥാനത്ത്. കഴിഞ്ഞ വാരത്തിൻ നിന്ന് 4 പോയിൻറ് നഷ്ടമുണ്ടായ മീഡിയാ വണ്ണാണ് ഒൻപതാം സ്ഥാനത്ത്.

 

Advertisment