മലപ്പുറം: വർഗീയതക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും മതനിരപേക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുകയും ചെയ്യുന്നതിനിടയിൽ നിലമ്പൂരിൽ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് തേടിയതിൽ തിരിച്ചടി നേരിട്ട് എൽ.ഡി.എഫ്.
പ്രചരണ പരിപാടിക്കിടെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.എം.സിദ്ദിഖാണ് നിലമ്പൂരിൽ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും അടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് ആവശ്യപ്പെട്ടത്.
വർഗീയതക്കെതിരായ നിലപാടിലെ ഇരട്ടത്താപ്പാണ് സിദ്ദിഖിൻെറ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നാണ് വിമർശനം.
തീവ്രവർഗീയ നിലപാടുളള എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് തേടിയത് തിരിച്ചടിക്കുമെന്ന് വന്നതോടെ സ്ഥാനാർത്ഥി എം.സ്വരാജ് തന്നെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിൻെറ പ്രസ്താവനയെ തിരുത്തി.
വർഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് എം.സ്വരാജിൻെറ പ്രതികരണം. എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം എന്നായിരിക്കും സിദ്ദിഖ് പറഞ്ഞിരിക്കുകയെന്നും വർഗീയവാദികൾ നല്ല മനുഷ്യർ അല്ല എന്നും അവരുടെ വോട്ട് വേണ്ടെന്നും സ്വരാജ് തീർത്തുപറഞ്ഞു.
/sathyam/media/media_files/2025/05/30/8kXq4y4sKp1GcWnHhYOq.jpg)
ഇതോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ളാമിയോ അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയും മത്സരരംഗത്ത് ഇല്ല.
യാഥാസ്ഥിതിക നിലപാടുളള ഈ രണ്ട് സംഘടനകളും യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ ശക്തമായി എതിർക്കുന്നവരാണ്.
മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതികരെ തുറന്ന് എതിർക്കുന്ന സിനിമ നിർമ്മിച്ചതാണ് തീവ്ര നിലപാടുളള ജമാഅത്തെ ഇസ്ളാമിയും എസ്.ഡി.പി.ഐയും ആര്യാടൻ ഷൗക്കത്തിനെ എതിർക്കാൻ കാരണം.
ഇത് തിരിച്ചറിഞ്ഞാണ് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം.സിദ്ദിഖ് ജമാഅത്തെ ഇസ്ളാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് അഭ്യർത്ഥിച്ചതെന്നാണ് സൂചന.
/sathyam/media/media_files/2025/05/30/6CUq8tawTbBq0f2kUqP5.jpg)
''നമ്മുടെ ശബ്ദം ഉയർന്ന് കേൾക്കണമെങ്കിൽ, നിലമ്പൂരിൻെറ ശബ്ദം ഉയർന്ന് കേൾക്കണമെങ്കിൽ എല്ലാ മനുഷ്യൻെറയും സർവ്വാത്മനാ സമർപ്പണമാണ് ഈ തിരഞ്ഞെടുപ്പിനകത്ത് ഞങ്ങൾ ആവശ്യപ്പെടുന്നത്, നിലമ്പൂർ ആഗ്രഹിക്കുന്നത്.
ആ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ, അതിന് കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാഅത്തെ ഇസ്ളാമിയെന്നോ വ്യത്യാസമില്ല.
മനുഷ്യൻെറ , എല്ലാ മനുഷ്യരുടെയും പിന്തുണ ഞങ്ങൾ ആഗ്രഹിക്കുകയാണ് '' ഇതാണ് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.എം.സിദ്ദിഖ് നടത്തിയ പ്രസംഗത്തിൻെറ പൂർണ രൂപം.
പി.വി.അൻവർ കൂടി മത്സരരംഗത്തിറങ്ങിയതോടെ മത്സരിക്കാൻ ഇറങ്ങിയതോടെ നിലമ്പൂരിലെ ഓരോ വോട്ടും നിർണായകമാണ്. മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിലായി എസ്.ഡി.പി.ഐക്ക് ആറായിരത്തോളം വോട്ടുകളുണ്ട്.
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
കേഡർ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പാർട്ടി ആയതിനാൽ വോട്ടുകൾ കൃത്യമായി ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിക്ക് തന്നെ വീഴും. ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച എസ്.ഡി.പി.ഐ ശക്തമായ മത്സര രംഗത്തുണ്ട്.
ജമാഅത്തെ ഇസ്ളാമിക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്. വെൽഫെയർ പാർട്ടി മത്സരിക്കാനിറങ്ങാത്തതിനാൽ ജമാഅത്തേ ഇസ്ളാമിയുടെ പിന്തുണയും വോട്ടും ആർക്കാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ആര്യാടൻ ഷൗക്കത്തിൻെറ പിതാവ് ആര്യാടൻ മുഹമ്മദ് മത്സരിക്കുന്ന കാലം മുതൽക്ക് തന്നെ ജമാഅത്തെ ഇസ്ളാമി ആര്യാടൻ കുടുംബത്തിന് എതിരാണ്.
ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ ജമാഅത്തെ ഇസ്ളാമിക്കും എസ്.ഡി.പി.ഐക്കും എതിരെ വിമർശനപരമായ നിലപാട് സ്വീകരിച്ചിട്ടുളള എൽ.ഡി.എഫിനും ഇവരുടെ പിന്തുണ ലഭിക്കാനിടയില്ല.
മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നേതാവെന്ന ഖ്യാതിയുളള എം.സ്വരാജിന് ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
എന്നാൽ ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.എം.സിദ്ദിഖ് ജമാഅത്തെയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് തേടിയതോടെ സി.പി.എമ്മിൻെറ മതനിരപേക്ഷ നിലപാടിൻെറ വിശ്വാസ്യതക്ക് ഇടിവ് തട്ടിയിട്ടുണ്ട്.
ഇടത് വലത് ബി.ജെ.പി മുന്നണികൾക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ആ വോട്ടുകൾ പി.വി.അൻവറിലേക്ക് പോകാനാണ് സാധ്യത.