നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പിന്തുണ നൽകിയ ഹിന്ദുമഹാസഭയുടെ നടപടി പാർട്ടിക്കുള്ളിലും എൽ.ഡി.എഫിലും ചർച്ചയാവുന്നു.
നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ ഇത്തരം കക്ഷികളുടെ നൽകുന്ന പിന്തുണയെ പറ്റി ഗൗരവതരമായി വിലയിരുത്തണമെന്നാണ് സി.പി.എമ്മിൽ ഉയരുന്ന വാദം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഹിന്ദുമഹാസഭ പിന്തുണ നൽകിയെന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടും അതിനെ നിരാകരിക്കാൻ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല.
സംഘപരിവാർ സ്വഭാവമുള്ള ഒരു കക്ഷിയുടെ പിന്തുണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ലഭിച്ചുവെന്നതാണ് യാഥാർത്ഥ്യം.
നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥി എം.സ്വരാജിന് പിന്തുണ നൽകും മുമ്പ് സി.പി.എമ്മിന്റെ സമുന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ അംഗത്വമുള്ള എ.വിജയരാഘവനുമായലി കൂടിക്കാഴ്ച്ച നടത്തിയെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ചില ചാനലുകളോട് വ്യക്തമാക്കി കഴിഞ്ഞു.
/sathyam/media/media_files/2025/06/10/7e5ecee7-ea72-4f1a-a06a-a92f7e050e08-842073.jpg)
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വരൂപനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിരാകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയോ പി.ബി അംഗമോ രംഗത്ത് വന്നിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്.
നിലമ്പൂരിലെ എൽ.ഡി.എഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് പത്രസമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഗാന്ധി വധത്തിലടക്കം പങ്ക് മുമ്പ് തന്നെ ആരേപിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് ഹിന്ദുമഹാസഭ.
വർഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പറയുന്ന സി.പി.എം ഹിന്ദുമഹാസഭയുടെ പിന്തുണ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം വാങ്ങിയതിനെപ്പറ്റിയുള്ള കാര്യങ്ങൾ വ്യക്തമാക്കണമെന്ന് യു.ഡി.എഫ് വാദമുയർത്തിക്കഴിഞ്ഞു. വിഷയം ഇടതുമുന്നണിയിലും സജീവ ചർച്ചയാവാനിടയുണ്ട്.
മുമ്പ് തന്നെ ഹിന്ദുമഹാസഭാ പ്രതിനിധികളുമായി സി.പി.എമ്മിന് അടുത്ത ബന്ധമാണുള്ളതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു.
ഹിന്ദുമഹാസഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ളത് പൊക്കിൾകൊടി ബന്ധമാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജി പിന്നീട് സി.പി.എം പിന്തുണയിൽ ലോക്‌സഭാംഗമായി. അദ്ദേഹത്തിൻറെ മകൻ സോമനാഥ് ചാറ്റർജി സി.പി.എമ്മിന്റെ സമുന്നത നേതാവായി.
ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയാണ് ജനസംഘം ഉണ്ടാക്കുന്നത്. മൊത്തത്തിൽ എല്ലാവരും ഭായി ഭായി. നിലമ്പൂരിൽ ഹിന്ദു മഹാസഭയും സംഘപരിവാറും സി.പി.എമ്മിന് വേണ്ടി പണിയെടുക്കുന്നതിൽ എന്ത് അത്ഭുതമാണുള്ളതെന്നും അദ്ദേഹം കുറിപ്പിൽ ചോദ്യമുയർത്തുന്നു.