മലപ്പുറം: ഉപതിരഞ്ഞെടുപ്പിൻെറ പ്രചരണത്തിന് തീപിടിപ്പിച്ച് നിലമ്പൂരിൽ പുതിയ വിവാദം. ജമാ അത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഇപ്പോൾ തന്നെ വീറും വാശിയും നിറഞ്ഞ പ്രചരണ രംഗത്തെ ചൂട് പിടിപ്പിച്ചിരിക്കുന്നത്.
അബ്ദുന്നാസർ മഅദനിയുടെ പി.ഡി.പി, എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് ഉയർത്തിക്കാട്ടി കൊണ്ട് യു.ഡി.എഫ് തിരിച്ചടിക്ക് ഇറങ്ങിയതോടെ നിലമ്പൂർ മണ്ഡലം തിളച്ചുമറിയുകയാണ്.
ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ യു.ഡി.എഫിന് വർഗീയ കക്ഷികളുടെ പിന്തുണ ആരോപിക്കുന്ന സി.പി.എം വെൽഫയർ പാർട്ടിയുടെ പിന്തുണയെ മികച്ച അവസരമായിട്ടാണ് കാണുന്നത്.
വർഗീയ ശക്തികളുടെ കേന്ദ്രീകൃത രൂപമായി യു.ഡി.എഫ് മാറിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻെറ ആരോപണം.
വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നതിനെ നഖശിഖാന്തം എതിർക്കുന്ന എം.വി.ഗോവിന്ദൻ എൽ.ഡി.എഫിനുള്ള പി.ഡി.പി പിന്തുണയെ ശക്തമായി ന്യായീകരിക്കുകയാണ്.
ജമാ അത്തെ ഇസ്ളാമിയുമായി ചർച്ച നടത്തുകയും അവരുടെ പിന്തുണ സ്വീകരിക്കുകയും ചെയ്ത പാർട്ടിയാണ് സി.പി.എം എന്നാണ് പ്രതിപക്ഷ നേതാവിൻെറ തിരിച്ചടി.
/sathyam/media/media_files/2025/06/10/627THz542mRzHMEUAMK7.jpg)
വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച യു.ഡി.എഫും പി.ഡി.പി പിന്തുണ സ്വീകരിച്ച ഇടത് പക്ഷവും ഉപതിരഞ്ഞെടുപ്പിൽ വർഗീയ കാർഡിറക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പിയും വാക് പോരിൽ പങ്കാളിയായിട്ടുണ്ട്.
സ്വന്തം കാര്യം വന്നപ്പോൾ മതഭീകരവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചു, പിതാവിൻെറ അതേ സമീപനം തന്നെയാണ് പിന്തുടരുന്നതെന്ന് അവകാശപ്പെടുന്നയാൾക്ക് എങ്ങനെയാണ് ഇതിന് കഴിയുന്നത്.
നൂറുകണക്കിന് ആളുകളെ കൊലചെയ്ത മദനിയുടെ പാർട്ടിയുടെ പിന്തുണയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇതെല്ലാം കേരളത്തിലെ മതനിരപേക്ഷതയ്ക്ക് വലിയ പോറൽ ഏൽപ്പിക്കുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പി.ഡി.പി പിന്തുണ സ്വീകരിക്കുന്നതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമ കൃഷ്ണനും രംഗത്തെത്തി. ജമാഅത്ത് ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പോലുള്ള നിലപാട് അല്ല പി.ഡി.പിയുടേത്.
പീഡിപ്പിക്കപ്പെട്ട വിഭാഗമാണ് പി.ഡി.പി എന്നത് വസ്തുതയാണ്. തിരഞ്ഞെടുപ്പിൽ ആരുടെയും വോട്ട് വേണ്ട എന്ന് പറയാൻ പറ്റില്ല. ആരൊക്കെ എങ്ങനെയൊക്കെ വോട്ട് ചെയ്യുമെന്ന് പറയാൻ പറ്റില്ല എന്നാണ് ടി.പി.രാമകൃഷ്ണൻെറ ന്യായീകരണം.
/sathyam/media/media_files/2025/06/09/pt4kG6yd0e9YDtYXCYBN.jpg)
തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വഴിതിരിച്ച് വിടാനുളള ശ്രമത്തിൻെറ ഭാഗാമായിട്ടാണ് വെൽഫെയർ പാർട്ടിയുടെ പിന്തുണയെ സി.പി.എം എതിർക്കുന്നതെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചടി.
വെൽഫയർ പാർട്ടി വർഗീയ ശക്തിയാണെങ്കിൽ പി.ഡി.പിയും വർഗീയ ശക്തി അല്ലെ ? പി.ഡി.പിയുടെ പിന്തുണ എൽ.ഡി.എഫ് സ്വീകരിക്കുന്നില്ലേ. പുറത്ത് നിന്ന് ആര് പിന്തുണച്ചാലും യു.ഡി.എഫ് സ്വീകരിക്കും.
വെൽഫയർ പാർട്ടിയുമായി മുന്നണി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണയെ എതിർത്തും അനുകൂലിച്ചും നേതാക്കൾ ഏറ്റുമുട്ടുമ്പോൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ വീറും വാശിയും ഇതിൽ തന്നെ പ്രകടമാകുന്നുണ്ട്.
ഇന്നലെയാണ് ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ ഏത് മുന്നണിക്കാണെന്നത് നിലമ്പൂരിലെ രാഷ്ട്രീയ ആകാംക്ഷ ആയിരുന്നു.
മുസ്ളിം സമുദായത്തിലെ യാഥാസ്ഥിതിക പ്രവണതകൾക്കെതിരെ കർശന നിലപാടെടുത്തിരുന്നു ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കാൻ ജമാഅത്തെ ഇസ്ളാമി തയാറാകില്ലെന്ന പൊതു ധാരണയും ആകാംക്ഷ കൂട്ടിയിരുന്നു.
രാഷ്ട്രീയ ഇസ്ളാമിൻെറ വക്താക്കളായി കരുതുന്നതിനാൽ ഇടത് മുന്നണിയെ പിന്തുണക്കാനും ജമാഅത്തെ ഇസ്ളാമിക്ക് കഴിയുമായിരുന്നില്ല.
ഈ സാഹചര്യത്തിൽ ജമാ അത്തെ ഇസ്ളാമിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറിലേക്ക് പോകുമെന്നാണ് ഇടത് വലത് മുന്നണികൾ കരുതിയിരുന്നത്.
എന്നാൽ ഇടത് ക്യാംപിനെ ഞെട്ടിച്ച് കൊണ്ട് ജമാ അത്തെ ഇസ്ളാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് വർഗീയ ബന്ധം ആരോപിച്ച് എൽ.ഡി.എഫ് നേതൃത്വം രംഗത്ത് വരാൻ കാരണം.