വോട്ടിനുവേണ്ടി ചെറ്റത്തരം കാണിക്കാനില്ലെന്ന് ആഞ്ഞടിച്ച് പിണറായി വിജയന്‍. നിലമ്പൂരില്‍ പതിവ് ശൈലിവിട്ട് 'അതിക്രമിച്ചുകയറി' പിണറായി. മറ്റ് വിഷയങ്ങള്‍ വിട്ട് ജമാ അത്തെയുടെ യുഡിഎഫ് പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിപ്പ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
s

മലപ്പുറം: ഉപതിരഞ്ഞെടുപ്പിൻെറ പ്രചാരണം അവസാനിക്കാറായതോടെ ജമാ അത്തെ ഇസ്ളാമിക്കെതിരായ ആക്രമണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

നിലമ്പൂ‍ർ മണ്ഡലത്തിൽ ക്യംപ് ചെയ്ത് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി, ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുളള രാഷ്ട്രീയ വിമർശനമാണ് ജമാഅത്തെ ഇസ്ളാമിക്കെതിരെ നടത്തുന്നത്.


ഒരു വിഘടനവാദികളുടെയും വർഗീയവാദിയുടെയും വോട്ട് എൽ.ഡി.എഫിന് വേണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്ന യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. 


നാല് വോട്ടിന് രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന കൂട്ടരല്ല എൽ.ഡി.എഫ് എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. വർഗീയവാദികളുടെ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി പ്രചാരണ യോഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കി.

ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിച്ച യു.ഡി.എഫിന് എതിരെ മുസ്ളിം സമുദായത്തിലെ ഇതര സംഘടനകളായ സമസ്ത, കാന്തപുരം എ.പി.സുന്നി വിഭാഗം, മുജാഹിദ് പ്രസ്ഥാനങ്ങൾ എന്നിവരെ ഇറക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.


ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ പ്രതികരണത്തിൽ ഈ സംഘടനാ നേതൃത്വത്തിനുളള അതൃപ്തി ആളിക്കത്തിക്കുന്നതിന് വേണ്ടി കൂടിയാണ് മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിക്കുന്ന രാഷ്ട്രീയ ആക്രമണം.


സമൂഹം അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ആവർത്തിച്ച മുഖ്യമന്ത്രി അവരുടെ പിന്തുണ സ്വീകരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയെ ഒറ്റപ്പെടുത്താനും എൽ.ഡി.എഫ് ലക്ഷ്യമിടുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പിൻെറ പ്രചരണരംഗത്ത് പല വിഷയങ്ങൾ ഉയർന്ന് വന്നെങ്കിലും സി.പി.എം നേതൃത്വം ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ തന്നെ കേന്ദ്രീകരിക്കുകയാണ്.

മണ്ഡലത്തിലെ വോട്ടർമാരിൽ 48 ശതമാനത്തോളം വരുന്ന മുസ്ളിം വോട്ടുകളിൽ സ്വാധീനം ചെലുത്തുന്ന വിഷയത്തിൽ കേന്ദ്രീകരിക്കുന്നതാണ് രാഷ്ട്രീയമായി ഗുണം ചെയ്യുക എന്ന വിലയിരുത്തലിലാണ് ഈ നീക്കം.


യു.ഡി.എഫ് വോട്ടുബാങ്കായി കരുതപ്പെടുന്ന സമസ്തയുടെ പ്രവർത്തക‌ർക്കിടയിൽ ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ എതിർപ്പുണ്ട്. ഇത് മുതലെടുക്കാൻ വിഷയം സജീവമായി നിലനി‍ർത്തുന്നത് നന്നായിരിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിലെ വിലയിരുത്തൽ.


മുഖ്യമന്ത്രിയെ കൂടാതെ മണ്ഡലത്തിൽ പ്രചരണം നടത്തുന്ന മറ്റ് സി.പി.എം നേതാക്കളും യു.ഡി.എഫ്  ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിക്കുന്ന വിഷയമാണ് ഉന്നയിക്കുന്നത്.

ജമാഅത്തെ ഇസ്ളാമിയെ നഖശിഖാന്തം എതിർത്തുപോന്നിരുന്ന മുസ്ളിം ലീഗിലെ നേതാക്കളെ ലക്ഷ്യമിട്ടുളള വിമർശനങ്ങളും സി.പി.എം നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ളാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവിൻെറ പ്രസ്താവനയിൽ ഡോ.എം.കെ.മുനീറിൻെറ അഭിപ്രായം എന്താണെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ ചോദ്യം ഇതിൻെറ ഭാഗമാണ്.


ലീഗ് നേതാക്കളെ കൊണ്ട് മറുപടി പറയിപ്പിച്ച് ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ യു.ഡി.എഫിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കുകയാണ് ഈ നീക്കത്തിന് പിന്നിലുളള ലക്ഷ്യം.


മുൻ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിച്ചതിനെ കുറിച്ചുളള വിമർശനങ്ങളിൽ സി.പി.എം നേതാക്കൾ പാലിക്കുന്ന മൗനം ശ്രദ്ധേയമാണ്.

വഴിക്കടവിലെ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചത്. ഇന്നലെ മൂത്തേടം പഞ്ചായത്തിൽ നടന്ന മുഖ്യമന്ത്രിയുടെ ആദ്യ പ്രചരണയോഗത്തിൽ തുടങ്ങിവെച്ച വിമർശനമാണ് ഇന്ന് കൂറെക്കൂടി കടുപ്പിച്ചത്.


ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനത്തിന്  ക്ഷണിച്ചിട്ടും പാണക്കാട് തങ്ങന്മാർ പങ്കെടുത്തിട്ടില്ല.


സി.എച്ച് മുഹമ്മദ് കോയ മുസ്ലിം വിഭാഗത്തിലെ എല്ലാ സംഘടനകളുടേയും യോഗത്തിലും പങ്കെടുത്തിട്ടുണ്ടാവും, എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പരിപാടിയിൽ പോലും അദ്ദേഹം  പങ്കെടുത്തിട്ടില്ല.

മതരാഷ്ട്രവാദം പറയുന്ന ജമാഅത്തെ സ്വഭാവത്തിൽ ഇന്ന് എന്തു മാറ്റമാണ് വന്നിട്ടുള്ളത് ? യു.ഡി.എഫിന് തൽക്കാലം ആവശ്യം നാലു വോട്ട് എങ്ങനെ കിട്ടുമോ എന്ന് നോക്കലാണ്. അത് വിഘടനവാദികളുടെ ആയാലും കടുത്ത വർഗീയവാദികളുടെ ആയാലും വോട്ടിങ്ങ് പോരട്ടെ എന്നാണ് നിലപാട്.

പാർട്ടി നേതൃത്വം അറിയാതെയല്ല കോൺഗ്രസ് ഈ നിലപാടെടുത്തതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്നലെ ലീഗ് അത് വ്യക്തമാക്കുകയും ചെയ്തു. എൽ.ഡി.എഫിന് ഒരു വിഘടന വാദിയുടെയും വർഗീയവാദിയുടെയും വോട്ട് വേണ്ട.


നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. വർഗീയവാദികളുടെ വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല'' മുഖ്യമന്ത്രി ആഞ്ഞടിച്ചു.


രാഷ്ട്രീയം പറഞ്ഞ് വോട്ടു ചോദിക്കാനുള്ള ധൈര്യം സി.പി.എമ്മിനു നഷ്ടമായെന്നാണ് മുഖ്യമന്ത്രിക്കുളള മുസ്ലീം ലീഗിൻെറ മറുപടി.

സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കുന്നതിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുണ്ടാക്കി വിഭജനം നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമുളള ന്യൂനപക്ഷ സനേഹമാണ് സി.പി.എമ്മിനുള്ളത്. ബി.ജി.പിയുടെ പണിയാണ് കേരളത്തില്‍ സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നതെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Advertisment