നിലമ്പൂരിൽ അഭ്യൂഹങ്ങൾ അടങ്ങുന്നില്ല. സമസ്ത അദ്ധ്യക്ഷനെ സന്ദർശിച്ച് അൻവർ. സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിക്കാതെ പിണറായിയെയും സതീശനെയും വിമർശിച്ച് രംഗത്ത്. കൊട്ടിക്കലാശം ഒഴിവാക്കി ഭവനസന്ദർശനം നടത്താനും തീരുമാനം. തിരയൊടുങ്ങാത്ത ആവേശ കടലിരമ്പമായി നിലമ്പൂരിലെ കൊട്ടിക്കലാശം

New Update
a

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് ഇന്ന് കലാശക്കൊട്ടിന് അരങ്ങൊരുങ്ങുമ്പോഴും നിലമ്പൂരിൽ അഭ്യൂഹങ്ങൾക്ക് വിരമമാവുന്നില്ല. 

Advertisment

പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ മുൻ എംഎൽഎയും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി അൻവർ സന്ദർശിച്ചതാണ് പുതിയ അഭ്യൂഹങ്ങളുയരാൻ കാരണമായിട്ടുള്ളത്. 


ഇതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിക്കാതെ മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും വിമർശിച്ചതും പല അഭ്യൂഹങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.


കോൺഗ്രസിലെയും സി.പി.എമ്മിലെയയും ഒരു വിഭാഗത്തിന്റെ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അൻവർ കണക്കുകൂട്ടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ ഇന്നും അൻവർ കടന്നാക്രമിച്ചു. 

പിണറായിസത്തിനെതിരെ പോരാടും എന്ന് പറയുന്ന അൻവർ സ്വരാജിനെതിരെ അവസാനഘട്ടത്തിൽ ഒരു വാക്ക് പോലും പറയാത്തതും അഭ്യൂഹങ്ങളുയർത്തിയിട്ടുണ്ട്. 

m swaraj aryadan shoukath pv anvar

കോൺഗ്രസ് അവജ്ഞയോടെ അൻവറിനെ തള്ളിക്കളയുമ്പോൾ സി.പി.എം ക്യാമ്പുകളിൽ അൻവറിനെ ചൊല്ലിയുള്ള അസ്വസ്ഥത നിറയുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി അൻവർ പ്രദേശിക സി.പി.എം നേതാക്കളുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സി.പി.എമ്മിനുള്ളത്.

ഇതിനിടെ ഇന്ന് നടക്കുന്ന കലാശക്കൊട്ടിൽ വനിന്നും പി.വി അൻവർ പിൻമാറിയിട്ടുണ്ട്. സമയം അമൂല്യമെന്നും പൊതു ജനങ്ങളുടെ യാത്ര സൗകര്യം കൂടി കണക്കിലെടുക്കുന്നുവെന്നും പറഞ്ഞായിരുന്നു കലാശക്കൊട്ടിൽ നിന്നുള്ള അൻവറിന്റെ പിന്മാറ്റം. 


ഈ സമയം വീടുകൾ കയറി പ്രചരണം നടത്താൻ മുഴുവൻ അണികൾക്കും നിർദേശം നൽകിയിരിക്കുകയാണ് അൻവർ.


അതേസമയം തിരയൊടുങ്ങാത്ത ആവേശ കടലിരമ്പമായി നിലമ്പൂരില്‍ കൊട്ടിക്കലാശം ആവേശക്കടലായി മാറി. പരസ്യപ്രചാരണം അവസാനലാപ്പിലേക്ക് കടന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഉച്ചസ്ഥായിലെത്തി. 

വിവിധ മുന്നണികൾക്ക് അനുവദിച്ച സ്ഥലത്തായിരുന്നു കൊട്ടിക്കലാശം. എൽഡിഎഫിന്റെ കൊട്ടിക്കലാശം മഹാറാണി ജംഗ്ഷനിലായിരുന്നു.


അർബൻ ബാങ്കിന് സമീപമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കൊട്ടിക്കലാശം.


തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ 773 പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടക്കുന്നത്. 

വിജയിക്കുന്ന സ്ഥാനാർഥിക്ക് 10 മാസത്തെ കാലാവധി മാത്രമേ ലഭിക്കൂവെങ്കിലും, കേരള രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജൂൺ 23-ന് ഫലപ്രഖ്യാപനം നടക്കും.

Advertisment