നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വൈകിട്ട് 5 മണിവരെ70.76 ശതമാനം പോളിങ്. രാവിലെ മഴയെ തുടര്‍ന്ന് പോളിങ് ശതമാനം അല്പം മന്ദഗതിയിലായെങ്കിലും ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടര്‍മാരുടെ നിര നീണ്ടു. 2021ലെ വോട്ടിങ് ശതമാനം 75.23 ആയിരുന്നു.
വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.
ഇടതു മുന്നണിയ്ക്കായി എം. സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥിയായി അഡ്വ.മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
അതേസമയം, പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് വെള്ളിയാഴ്ച ഡ്യൂട്ടി ലീവ് അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് മേധാവിമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാവിലെ മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നതുവരെയാണ്.