/sathyam/media/media_files/9NSTMi7gNOqOHs4PjmHC.jpg)
തിരുവനന്തപുരം: അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് കേരള കേഡറിലേക്ക് കേന്ദ്രസർക്കാർ തിരിച്ചയച്ച ഡി.ജി.പി നിതിൻ അഗർവാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നൽകി.
205400- 224400 ശമ്പള സ്കെയിലിൽ ഡിജിപി ഗ്രേഡോടെ എക്സ് കേഡർ തസ്തിക ഡിസംബർ 31വരെ സൃഷ്ടിച്ചാണ് നിയമനം. വിജിലൻസ് ഡയറക്ടറുടെ കേഡർ പോസ്റ്റിന് തുല്യമാക്കിയിട്ടുമുണ്ട്.
നിലവിൽ കേരളാ പൊലീസിലെ ഏറ്റവും സീനിയറായ ഡിജിപിയാണ് നിതിൻ. പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തെ കേന്ദ്രം മാതൃകേഡറിലേക്ക് മടക്കിയത്.
നേരത്തേ 2 തവണ സംസ്ഥാന പൊലീസ് മേധാവിയാവാനുള്ള പട്ടികയിൽ ഉൾപ്പെട്ടിരുന്ന നിതിൻ അഗർവാൾ തന്നെ പരിഗണിക്കേണ്ടെന്ന് അറിയിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരുകയായിരുന്നു.
നിതിനെതിരെ കേന്ദ്രസർക്കാരിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ നിതിൻ റെയിൽവേ സിഗ്നൽ എൻജിനിയറായിരുന്നു.