കോഴിക്കോട്: പി.എസ്.സി കോഴയിടപാടിലെ സംഘടനാതല അച്ചടക്ക നടപടിയിൽ വിശദീകരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ. ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.
നടപടിക്ക് വിധേയനായ പ്രമോദ് കോട്ടുളിയുടെ പേര് പറയുന്ന ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പിൽ, പ്രമോദിനെ അനുകൂലിച്ച് വാർത്ത വരുന്നതിലുളള അതൃപ്തി പ്രകടമാണ്. പ്രമോദിനെതിരെ എന്ത് കുറ്റത്തിൻെറ പേരിലാണ് നടപടി സ്വീകരിച്ചത് എന്നതിനെക്കുറിച്ചും പത്രക്കുറിപ്പിൽ പരാമർശമില്ല.
ഏതെങ്കിലും തെറ്റിൻെറ പേരിൽ പാർട്ടിയിൽ നിന്ന് നടപടിക്ക് വിധേയരാകുന്ന വ്യക്തികൾക്ക് വീര പരിവേഷം നൽകി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുളള ശ്രമം പാർട്ടി ശത്രുക്കളും മാധ്യമങ്ങളും പണ്ട് മുതലേ സ്വീകരിച്ച് വരുന്നതാണ്. പാർട്ടി നേതൃത്വത്തെയും സംസ്ഥാന സർക്കാരിനെയും കരിവാരിത്തേക്കാനാണ് ഈ അവസരത്തെ മാധ്യമങ്ങളും മുൻകാലങ്ങളിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചിലരും ചേർന്നു കൊണ്ട് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പിലെ വിമർശനം.
നുണ പ്രചാരണങ്ങളിലൂടെ പാർട്ടിയിൽ കുഴപ്പമാണെന്ന് വരുത്തി തീർക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുളള ശ്രമങ്ങളാണ് മാധ്യമങ്ങളും പാർട്ടി ശത്രുക്കളും നടത്തുന്നത്. അതൊന്നും ഒരുവിധത്തിലും ഏശാൻ പോകുന്നില്ല. പാർട്ടിക്കെതിരായ ഇത്തരം നീക്കങ്ങളെ മുൻകാലത്തെന്ന പോലെ ജനങ്ങൾ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ് പങ്കുവെക്കുന്ന പ്രതീക്ഷ.
പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും പാർട്ടി ജില്ലാ നേതൃത്വത്തിനും എല്ലാം എതിരെ നടക്കുന്നത് നീചമായ പ്രചരണമാണെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ കുറ്റപ്പെടുത്തുന്നുണ്ട്.
മന്ത്രി മുഹമ്മദ് റിയാസിൻെറ കോലം കത്തിക്കാൻ അടക്കം ചിലർ മുന്നോട്ടുവരുന്നതിനെ പിന്നിലെ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും. ഇത്തരം പ്രചരണങ്ങളുടെയും ഹീനമായ നീക്കങ്ങളുടെയും പിന്നിലെ രാഷ്ട്രീയ അജണ്ട തുറന്നുകാണിക്കുക തന്നെ ചെയ്യുമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
പി.എസ്.സി കോഴയിടപാട് വിവാദവും അച്ചടക്ക നടപടിയും മുൻനിർത്തി പാർട്ടിക്കും നേതാക്കൾക്കും എതിരെ ഹീനമായ പ്രചരണം നടക്കുന്നുണ്ടെന്ന് ആരോപിക്കുമ്പോൾ തന്നെ അതൊന്നും പാർട്ടിയെ ബാധിക്കുന്നില്ലെന്ന ആത്മവിശ്വാസമാണ് ജില്ലാ സെക്രട്ടറിയുടെ പത്ര കുറിപ്പിലെ ശ്രദ്ധേയമായ ഭാഗം. കോഴയിടപാട് സംബന്ധിച്ച് ആദ്യം പറഞ്ഞതിൽ നിന്ന് മാറേണ്ടി വന്ന മാധ്യമങ്ങൾ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നാണ് ജില്ലാ നേതൃത്വത്തിൻെറ വിമർശനം.
പാർട്ടി നേതൃത്വത്തിനും സർക്കാരിനും എതിരെ മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പുകുമിളകൾ പോലെ പൊട്ടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. മാധ്യമങ്ങളും പാർട്ടി വിരുദ്ധരും നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാവനാസൃഷ്ടിയാണെന്ന് തെളിഞ്ഞിട്ടും ഇത്തരക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പാർട്ടിയെ സംബന്ധിച്ച് പാർട്ടി സഖാക്കൾക്കെതിരെ സ്വീകരിക്കേണ്ടി വരുന്ന അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗം കൂടിയാണെന്നും ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ് ഓർമ്മിപ്പിക്കുന്നു.
പ്രമോദിനെ പ്രകോപിപ്പിക്കാനോ അദ്ദേഹത്തിനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിക്കാനോ ശ്രമിക്കാത്ത പത്രക്കുറിപ്പിലെ ഈ പരാമർശം പ്രമോദിനും തിരുത്തി പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന അറിയിപ്പാണോയെന്ന് കരുതുന്നവരുണ്ട്.