/sathyam/media/media_files/2025/03/26/3tYgoM7U6Ttioom2pm37.jpg)
കൊച്ചി: മുൻ എം.എൽ.എ പി.രാജുവിൻെറ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ 7 പേരെ കുറ്റക്കാരായി കണ്ടെത്തി നടപടി എടുക്കാനുളള സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വത്തിൻെറ നീക്കത്തിൽ പുതിയ വഴിത്തിരിവ്.
വിവാദത്തിന് ഉത്തരവാദികളെന്ന പേരിൽ 7 പേരെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിക്കാനുളള നീക്കത്തെ ചോദ്യം ചെയ്ത് പി.രാജുവിൻെറ കുടുംബം രംഗത്ത് എത്തിയതാണ് പുതിയ വഴിത്തിരിവായിരിക്കുന്നത്.
പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് അപമാനിക്കാൻ ശ്രമിച്ചാൽ തെളിവുകൾ നിരത്തി മറുപടി പറയുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹത്തിൻെറ ഭാര്യ ലതിക രംഗത്ത് വന്നതോടെ സി.പി.ഐ ജില്ലാ നേതൃത്വം വെട്ടിലായി.
കുടുംബത്തെ കേൾക്കാതെയാണ് അന്വേഷണ കമ്മീഷൻ റിപോർട്ട് തയാറാക്കിയതെന്നുളള ആക്ഷേപവും പി.രാജുവിൻെറ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.
മരണശേഷം മൃതദേഹം പാർട്ടി ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കേണ്ടതില്ല എന്നത് കുടുംബത്തിൻറെ തീരുമാനമായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
ഇനിയും പാർട്ടി ജില്ലാ നേതൃത്വത്തിൻെറ ഭാഗത്ത് നിന്നുളള അപമാനം തുടർന്നാൽ ശക്തമായി രംഗത്ത് വരുമെന്ന ഭീഷണിയും പി.രാജുവിൻെറ ഭാര്യയുടെ ഫേസ് ബുക്ക് കുറിപ്പിലുണ്ട്.
ജില്ലാ നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷൻ നൽകിയ റിപോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ എല്ലാം ജില്ലയിലെ കാനം വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരുന്നവരാണ്.
ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി മാറ്റിനിർത്തിയിരിക്കുന്ന ഏഴ് പേരും പി.രാജുവിനോട് അടുപ്പം പുലർത്തിയിരുന്നവരുമാണ്. ഇതാണ് പി.രാജുവിൻെറ കുടുംബം ജില്ലാ നേതൃത്വത്തിന് എതിരെ രംഗത്ത് വരാൻ കാരണം.
അന്വേഷണ കമ്മീഷൻെറ വിശ്വാസ്യതയും നടപടിയുടെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യുന്നതാണ് പി.രാജുവിൻെറ ഭാര്യ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്.
മുൻ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ നിര്യാണത്തെ തുടർന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയും പാർട്ടിക്ക് നാണക്കേട് വരുത്തുന്ന വാർത്ത പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സി.പി.ഐ ജില്ലാ കൗൺസിൽ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ അടക്കമുളള ഏഴ് നേതാക്കളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.ബാബുപോൾ ഒഴികെ ബാക്കിയുളളവരെല്ലാം ജില്ലാ കൗൺസിൽ അംഗങ്ങളാണ്.
ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സമ്മേളനങ്ങൾ നടക്കുന്ന കാലമായതിനാൽ കുറ്റക്കാർക്ക് എതിരെ ഉടനെ അച്ചടക്ക നടപടി വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിലെ ധാരണ.
സംസ്ഥാന സമ്മേളനം പൂർത്തിയായ ശേഷം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടപടി തീരുമാനിക്കും.പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ പരസ്യ പ്രതികരണത്തിൻെറ പേരിൽ മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ നടപടി എടുക്കാൻ കെണി ഒരുക്കി വെച്ചിരിക്കുന്നത്.
പാർട്ടി സമ്മേളനങ്ങൾ ജില്ലാ സമ്മേളനത്തിലേക്ക് എത്തുന്നതിന് മുൻപ് ജില്ലാ നേതൃത്വത്തിലെ വിമത വിഭാഗത്തെ വെട്ടിയൊതുക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
കഴിഞ്ഞ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഉണ്ടായ വിഭാഗീയ പ്രശ്നങ്ങളാണ് പി.രാജുവിനെതിരായ അച്ചടക്ക നടപടിയിലേക്ക് എത്തിച്ചത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് പി.രാജുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുന്നത്.
തുടർന്ന് അന്വേഷണം നടത്തി രാജുവിനെ പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തുകയായിരുന്നു. രാജുവിൻെറ പരാതി പരിഗണിച്ച പാർട്ടി കൺട്രോൾ കമ്മീഷൻ നടപടി ലഘൂകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
പി.രാജു രോഗബാധിതനായ ശേഷവും അതിന്മേൽ അനുകൂല നിലപാട് സ്വീകരിക്കാൻ ജില്ലാ നേതൃത്വം വൈകി. കൺട്രോൾ കമ്മീഷൻ നിർദ്ദേശം സംസ്ഥാന എക്സിക്യൂട്ടീവിന് വിടാനാണ് ആദ്യം തയാറായത്.
എന്നാൽ ജില്ലയിലെ കാര്യം അവിടെ തീരുമാനിച്ചാൽ മതിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന എക്സിക്യൂട്ടിവ് നിർദേശം മടക്കി. വീണ്ടും ജില്ലാ എക്സിക്യൂട്ടീവ് ചേർന്ന വിഷയത്തിൽ തീരുമാനം എടുക്കുന്നതിന് മുൻപേ പി.രാജു ഈ ലോകത്തോട് വിടപറഞ്ഞു.
രോഗ ബാധ തിരിച്ചറിഞ്ഞ് വേഗത്തിൽ തീരുമാനം എടുക്കുന്നതിൽ ജില്ലാ നേതൃത്വം വീഴ്ച വരുത്തിയതാണ് മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കാരണമായത്.
രാജുവിൻെറ മൃതദേഹം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതു ദർശനത്തിന് വെക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതോടെയാണ് വിവാദം പരസ്യമായത്. കെ.ഇ. ഇസ്മയിലിൻെറ പരസ്യ വിമർശനം കൂടിയായതോടെ ജില്ലാ നേതൃത്വം ആകെ പ്രതിക്കൂട്ടിലുമായി.