ഐ.എ.എസിനു പിന്നാലെ ഐ.പി.എസിലും തമ്മിലടി. കരിപ്പൂർ സ്വർണക്കടത്തിൽ ഇന്റലിജൻസ് മേധാവി പി. വിജയന് ബന്ധമുണ്ടെന്ന് കള്ളമൊഴി നൽകി എം.ആർ അജിത്കുമാർ. അന്വേഷിച്ച് കേസെടുക്കണമെന്ന വിജയന്റെ പരാതി പൂഴ്‍ത്തി സർക്കാർ. അജിത്തിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങി വിജയൻ. അജിത്തിനെതിരേ വിജയൻ കേസിനു പോവുക ക്രിമിനൽ ഗൂഢാലോചനാ കുറ്റം ആരോപിച്ച്

New Update
G

തിരുവനന്തപുരം: ഐ.എ.എസിന് പിന്നാലെ ഐ.പി.എസിലും മുതിർന്ന ഉദ്യോഗസ്ഥരുടെ പോര് കനത്തതോടെ കേരളത്തിലെ സിവിൽ സർവീസിൽ മുൻപൊരിക്കലുമില്ലാത്ത വിധം ചേരിപ്പോര് മുറുകുകയാണ്.

Advertisment

ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി.വിജയന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന തരത്തിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയാണ് പൊട്ടിത്തെറിക്ക് കാരണമായത്.


കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയന് ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നതായാണ് എം.ആർ അജിത്കുമാർ ഡി.ജി.പിക്ക് മൊഴി നൽകിയത്.


പി.വി അൻവറിന്റെ പരാതിയിൽ ഡിജിപി നടത്തിയ അന്വേഷണത്തിലാണ് അജിത് ഇങ്ങനെയൊരു മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം സുജിത്ദാസ് നേരത്തേ നിഷേധിച്ചിരുന്നു.

തനിക്കെതിരേ കള്ളമൊഴി നൽകിയ അജിത്തിനെതിരേ വിശദമായ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 2മാസം മുൻപ് വിജയൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.


ഇത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെങ്കിലും സർക്കാർ നിർദ്ദേശപ്രകാരം തുടർനടപടികളുണ്ടായില്ല. അജിത്തിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പരാതിയിൽ നടപടിയെടുക്കാത്തതെന്നാണ് സൂചന. ഇതേത്തുടർന്നാന്ന് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പി.വിജയൻ.


എ.ഡി.ജി.പിയായ പി. വിജയന് സ്വർണക്കടത്ത് ബന്ധമുണ്ടെന്ന് മൊഴി നൽകി ഒപ്പിട്ട് നൽകിയത് ഗുരുതര കുറ്റകൃത്യമാണ്. സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെറ്റായി ഉന്നയിച്ച്, മുതിർന്ന ഉദ്യോഗസ്ഥനായ തന്നെ ക്രിമിനലാക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാവും വിജയൻ കോടതിയെ സമീപിക്കുക.

V

ഇക്കാര്യത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കുന്നതാണെന്നാണ് നിയമ വിദഗ്ദ്ധർ നൽകുന്ന സൂചന. സ്വർണക്കടത്തിൽ യാതൊരു ബന്ധവുമില്ലാത്ത തന്നെ, കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും വിജയൻ പരാതിയിൽ ചൂണ്ടിക്കാട്ടും.


പിടിച്ചെടുക്കുന്ന സ്വർണം കസ്റ്റംസിന് കൈമാറണമെന്ന് കണ്ണൂർ മുൻ ഡി.ഐ.ജി നിർദ്ദേശിച്ചെന്നും മൊഴിയിലുണ്ടായിരുന്നു. ഇതും സുജിത്ത്ദാസ് നിഷേധിച്ചിട്ടുണ്ട്.


കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയനും എ.ടി.എസിലെ ചില അംഗങ്ങൾക്കും ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നെന്ന് എ.ഡി.ജി.പി എംആർ അജിത്കുമാർ ഡി.ജി.പി നേരത്തേ നടത്തിയ അന്വേഷണത്തിൽ മൊഴി നൽകിയതാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്.

തനിക്കെതിരേ കള്ളമൊഴി നൽകിയ അജിത്കുമാറിനെതിരേ വിശദമായ അന്വേഷണം വേണമെന്നും കേസെടുക്കണമെന്നുമാവും വിജയൻ കോടതിയിൽ ആവശ്യപ്പെടുക. അജിത്തിനെതിരേ കേസിന് വിജയൻ സ‌ർക്കാരിന്റെ അനുമതി തേടും.


അജിത്തിന്റെ വലംകൈയാണെന്ന് അൻവർ ചൂണ്ടിക്കാട്ടിയ മുജീബുമായുള്ള ബന്ധത്തിന്റെ പേരിലും മുതിർന്ന ഉദ്യോഗസ്ഥരെ അജിത്ത് മൊഴിയിൽ വലിച്ചിഴച്ചിട്ടുണ്ട്. പി.വിജയൻ, ശങ്കർറെഡ്ഡി എന്നിവരുടെയും സുഹൃത്താണ് മുജീബ്.


കൊവിഡുകാലത്ത് വിജയനും മുജീബുമായി ചേർന്ന് ആരംഭിച്ച സൗജന്യ ഭക്ഷണവിതരണ പദ്ധതി അന്നത്തെ ഡി.ജി.പിയും ഭാര്യയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

തനിക്ക് മുജീബുമായി 45 വർഷത്തെ പരിചയമുണ്ടെന്നും അജിത്ത് പറയുന്നു. എന്നാൽ തന്റെ പേര് മൊഴികളിൽ അനാവശ്യമായി വലിച്ചിഴച്ചതിനെതിരേയാണ് പി.വിജയന്റെ പരാതി.

Advertisment