/sathyam/media/media_files/2026/01/09/padmaja-pc-george-2026-01-09-20-15-22.jpg)
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന്റെ ലീഡറായ കെ കരുണാകരന്റെ കുടുംബത്തിൽ നിന്ന് പാർട്ടിയിലേക്ക് വന്ന പത്മജാ വേണുഗോപാലിന് അർഹമായ പദവി നൽകാൻ ഒരുങ്ങി ബിജെപി.
ലീഡർ കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനെ ഗവർണറായി നിയമിക്കാനാണ് ബിജെപി നേതൃത്വത്തിലെ ആലോചന.
ഈ മാസം ഇരുപതിനകം പത്മജയെ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വന്നേക്കും.
കേരള കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന പിസി ജോർജിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതും ബിജെപിയുടെ പരിഗണനയിലുണ്ട്.
/filters:format(webp)/sathyam/media/media_files/2024/11/23/VMQ39grobvEhvpJkjG3u.jpg)
പി.സി ജോർജിന് ബിജെപിയിലെത്തിയശേഷം കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. മകൻ ഷോൺ ജോർജിന് പാലാ നിയമസഭാ സീറ്റ് ലഭിക്കണമെന്നും തന്നെ മറ്റേതെങ്കിലും പദവികളിലേക്കും പരിഗണിക്കണം എന്നുമാണ് പി.സി ജോർജിന്റെ താല്പര്യം.
ഇതു പരിഗണിച്ചാണ് പിസി ജോർജിനെ ന്യൂനപക്ഷ കമ്മീഷൻ തലപ്പത്ത് നിയമിക്കാൻ ആലോചിക്കുന്നത്. ഈ മാസം പത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നുണ്ട്.
അമിത് ഷാ ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷം പത്മജയുടെയും പിസി ജോർജിന്റെയും പദവികളിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
കേരളത്തിലെ ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിയാലോചനയ്ക്കായാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസിന്റെ മനസ്സ് അറിയുക എന്നതാണ് ദൗത്യം.
/filters:format(webp)/sathyam/media/media_files/2025/02/24/2jxqQK4i9U03H5D0nAWF.jpg)
ബിജെപി സംസ്ഥാന നേതൃത്വവുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള ആർഎസ്എസ് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ കാര്യമായ പ്രവർത്തനം നടത്തിയിരുന്നില്ല. ഇതാണ് ബിജെപിയുടെ വോട്ട് ശതമാനത്തിൽ കുതിപ്പ് ഉണ്ടാകാതെ പോയതിന്റെ കാരണം.
ആർഎസ്എസ് ശക്തമായി പ്രവർത്തിച്ചിരുന്നെങ്കിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതിലും മെച്ചപ്പെട്ട വിജയം ബിജെപിക്ക് ലഭിക്കുമായിരുന്നു.
അമിത് ഷാ ആർഎസ്എസിനെ കേട്ട ശേഷം ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ പ്ലാൻ തീരുമാനിക്കുക. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വരുന്നതിനോട് ആർഎസ്എസിന് താൽപര്യമില്ല.
ലീഗിന്റെയും മറ്റ് ന്യൂനപക്ഷ സംഘടനകളുടെയും സ്വാധീനം യുഡിഎഫ് ഭരണത്തിൽ ഉണ്ടാകുമെന്ന് കരുതിയാണ് ആർഎസ്എസ് താൽപ്പര്യം കാട്ടാത്തത്.
/filters:format(webp)/sathyam/media/media_files/2025/12/16/rajeev-chandrasekhar-local-election-2025-12-16-13-54-32.jpg)
ഇത് മനസ്സിലാക്കി ഇടതു പാർട്ടികൾ മുതലെടുപ്പിന് ശ്രമിക്കാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 15 സീറ്റിലെങ്കിലും വിജയിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്.
ഈ ലക്ഷ്യം പൂർത്തിയാകണമെങ്കിൽ ആർഎസ്എസ് നേതൃത്വത്തിന്റെ നിർലോഭമായ പിന്തുണയും സഹായവും അനിവാര്യമാണ്.
ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2024 മാർച്ചിൽ ആണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കെ കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാൾ ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/19/amitshah-2025-06-19-17-28-27.jpg)
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തുടർച്ചയായി അവഗണന നേരിടുന്നു എന്ന് പരാതിപ്പെട്ടായിരുന്നു പത്മജ ബിജെപിയിലേക്ക് കൂടു മാറിയത്.
പത്മജയുടെ ബിജെപി പ്രവേശത്തെ രൂക്ഷമായി വിമർശിച്ച് സഹോദരൻ കെ മുരളീധരൻ രംഗത്ത് വന്നിരുന്നു. ബിജെപി നേതാവായ ശേഷം മറ്റ് പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാതിരുന്ന പത്മജ ഏറെക്കുറെ നിശബ്ദയായിരുന്നു.
ബിജെപിയിൽ എത്തി ഒതുക്കപ്പെട്ടു എന്ന പ്രതീതി നിലനിൽക്കുമ്പോഴാണ് പത്മജയെ ഗവർണർ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്.
കോൺഗ്രസ് വിട്ടു വന്ന പത്മജയ്ക്ക് ഗവർണർ സ്ഥാനം നൽകുന്നതോടെ കൂടുതൽ പേരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയും എന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us