/sathyam/media/media_files/tRZPT8klPWdUgzDFL1Ld.jpg)
പാലാ/പൈക: മീനച്ചില്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലെ ഹോട്ടലുകളിലും തട്ടുകടകളിലും പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ തുടര്‍ച്ചയായ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയത് കണ്ടാല്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങള്‍.
പന്നിയ്ക്ക് ഭക്ഷണം കൊടുക്കുന്ന ലാഘവത്തോടെ പുഴുക്കള്‍ ഓടി നടക്കുന്ന അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന അടുക്കളകളോടുകൂടിയ ഹോട്ടലുകള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളത് നാട്ടുകാര്‍ക്ക് ഞെട്ടിക്കുന്ന അനുഭവങ്ങളായി മാറി.
അടച്ചുപൂട്ടാന്‍ നിര്‍ദേശം
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയ്യാറാക്കി പ്രവര്‍ത്തിക്കുന്ന മൂന്നു ഹോട്ടലുകള്‍ക്കും രണ്ട് ബജി കടകള്‍ക്കും ഫൈന്‍ അടപ്പിച്ച പഞ്ചായത്ത് അധികൃതര്‍ ഒരു ഹോട്ടല്‍ അടപ്പിക്കുകയും രണ്ട് ഹോട്ടലുകള്‍ക്ക് 4 ദിവസത്തിനകം പരിസരങ്ങള്‍ വൃത്തിയാക്കി മാനദണ്ഡപ്രകാരമുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്ന് അന്ത്യശാസനം നല്‍കി. അല്ലാത്തപക്ഷം ഈ ഹോട്ടലുകളും അടച്ചുപൂട്ടാനാണ് പഞ്ചായത്ത് പ്രസിഡന്‍റ് സാജോ പൂവത്താനിയുടെ നിര്‍ദേശം.
പൈക പ്രിയ ഹോട്ടല്‍, പച്ചാത്തോട് മാതാ, വിളക്കുംമരുത് സോപാനം എന്നീ ഹോട്ടലുകള്‍ക്കെതിരെയാണ് കര്‍ശന നടപടി. സോപാനം ഹോട്ടലിലെ അഴുക്കുചാല്‍ പുറത്തേയ്ക്ക് ഒഴുക്കുന്നത് സംബന്ധിച്ച പരാതിയിലാണ് നടപടി. ഇതു സംബന്ധിച്ച് നേരത്തെ പരാതിയുണ്ടായിരുന്നു. വ്യാഴാഴ്ചയ്ക്കുള്ളില്‍ ഇത് പരിഹരിച്ചില്ലെങ്കില്‍ സോപാനവും പൂട്ടേണ്ടിവരും എന്നാണ് മുന്നറിയിപ്പ്.
തട്ടുകടകള്‍ 'തറ' നിലവാരത്തില്‍
പൈക ടൗണില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന ബജിക്കടകള്‍ക്കും പഞ്ചായത്ത് ഫൈന്‍ അടിച്ചു. പച്ചാത്തോട്ടെ ബജിക്കട അടപ്പിക്കുകയും ചെയ്തു. തട്ടുകടകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചെറുപലഹാരങ്ങള്‍ ഉണ്ടാക്കി വില്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇവിടങ്ങളിലെ മാലിന്യങ്ങള്‍ ഓടകളിലേയ്ക്ക് തള്ളുന്നത് പതിവായതോടെ ഓടകളില്‍ വെള്ളം കെട്ടിനിന്ന് ഈച്ചകള്‍ പെരുകുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു.
അതേസമയം പഞ്ചായത്ത് മേഖലകളിലെ മറ്റ് ഹോട്ടലുകളും മറ്റും മതിയായ ശുചിത്വമുള്ള സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കില്‍പോലും ഇത്തരം സ്ഥാപനങ്ങളില്‍ തുടര്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് സാജോ പൂവത്താനി പറഞ്ഞു.
നാടാണെങ്കിലും നടപടി മുഖം നോക്കാതെ
മാതാ ഹോട്ടലില്‍ 4 ദിവസത്തിനിടെ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പ്രിയ ഹോട്ടല്‍ രണ്ടു ദിവസത്തിനകം വീണ്ടും പരിശോധന ഉണ്ടാകുമെന്നും ഭക്ഷണം പാകംചെയ്യുന്ന ഏരിയ ശുചിത്വമുള്ളതാക്കി മാറ്റിയില്ലെങ്കില്‍ ഹോട്ടല്‍ അടപ്പിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകംചെയ്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് കര്‍ശന നിലപാടാണ് പഞ്ചായത്തിനുള്ളതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നുമാണ് പ്രസിഡന്‍റ് പറഞ്ഞത്.
ഇടമറ്റം, പൈക, വിളക്കുമാടം, പൂവരണി, മീനച്ചില്‍ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വരും ദിവസങ്ങളിലും പരിശോധന നടത്താനും മുഖംനോക്കാതെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് സാജോ പൂവത്താനി പറഞ്ഞു.