/sathyam/media/media_files/O30BBoI13PzpgUXWCq6x.jpg)
പാലാ: സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്കു ഇന്നു വൈകിട്ട് അഞ്ചിനു പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ചു തുടക്കമാകുമ്പോള്‍ ഓട്ടേറെ പ്രതേകതകളാണ് എടുത്തു പറയാനുള്ളത്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണു മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണു സമ്മാനിച്ചിട്ടുള്ളത്. കെസിബിസി സമ്മേളനത്തിനു പിന്നാലെയാണ് അസംബ്ലിയും പാലാ വേദിയാകുന്നത്.
1950 ജൂലൈ 25നു പ്രഖ്യാപിക്കപ്പെട്ട പാലാ രൂപത ഇന്നു വളര്‍ന്നു പന്തലിച്ചു മൂന്നരലക്ഷത്തോളം വിശ്വാസികള്‍ക്ക് ആത്മീയപോഷണം സമ്മാനിക്കാന്‍ കരുത്തു നേടിയിരിക്കെയാണ് സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നത്.
1992ല്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയിലേക്കു സീറോ മലബാര്‍ സഭ ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. തുടര്‍ന്ന് 2004, 2010, 2016 എന്നീ വര്‍ഷങ്ങളിലും അസംബ്ലി നടത്തി. കഴിഞ്ഞ അസംബ്ലി ഇരിഞ്ഞാലക്കുട രൂപതയുടെ ആതിഥേയത്വത്തിലാണ് സംഘടിപ്പിച്ചത്.
ആദ്യ മൂന്ന് അസംബ്ലികളും സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണു ക്രമീകരിച്ചത്. അഞ്ചാമത് അസംബ്ലി 2021ല്‍ നടക്കേണ്ടിയിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്കുശേഷം എട്ടുവര്‍ഷത്തിന്റെ ഇടവേളയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്.
അസംബ്ലിയുടെ പ്രധാനവേദി അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടും സെന്റ് തോമസ് കോളജ് ക്യാമ്പസുമാണ്.
80 വയസില്‍ താഴെ പ്രായമുള്ള 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാള്‍മാരും 74 വൈദികപ്രതിനിധികളും 146 അല്മായരും 37 സമര്‍പ്പിത സഹോദരിമാരും 7 ബ്രദേഴ്‌സുമടക്കം പ്രാതിനിധ്യസ്വഭാവത്തോടെ അസംബ്ലിയില്‍ 348 അംഗങ്ങളും പങ്കെടുക്കും.
അസംബ്ലി ആതിഥേയത്വം ജോസഫുമാരുടെ കരങ്ങളില്‍ എന്നത്തു മറ്റൊരു കൗതുകകരമായ പ്രത്യേകതയാണ്. ആതിഥേയരായ പാലാ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള ക്രമീകരണങ്ങളുടെ ചുമതലക്കാരേറെയും ജോസഫ് നാമധാരികള്‍ തന്നെ. കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്ന രൂപത മുഖ്യവികാരി ജനറാളും വികാരി ജനറാള്‍മാരില്‍ മൂന്നില്‍ രണ്ടുപേരും ജോസഫ് നാമധാരികളാണ്.
രൂപത ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ എന്നിവരും ജോസഫ് നാമധാരികള്‍. പ്രാര്‍ഥനാ പിന്തുണയുമായി സജീവമായുള്ള രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും മാര്‍ യൗസേപ്പിന്റെ നാമധാരി.
മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ റവ.ഡോ ജോസഫ് കുറ്റിയാങ്കല്‍, പ്രൊക്യുറേറ്റര്‍ റവ.ഡോ. ജോസഫ് മുത്തനാട്ട്, വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് മണര്‍കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കെ.കെ ജോസ് എന്നിങ്ങനെ നീളുന്ന ജോസഫ് നാമധാരികളുടെ ലിസ്റ്റ്. വിവിധകമ്മിറ്റികള്‍ അംഗകളായും ശുശ്രൂഷകരായുമുള്ള ജോസഫ് നാമധാരികളും ഏറെയാണ്.