വരുന്നത് രാജ്യം ഏങ്ങനെ മുന്നോട്ടുപോകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്ന കാലം: കെസി വേണുഗോപാല്‍ എംപി

ഏഴുസംസ്ഥാനങ്ങളിലെ 13 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യസഖ്യം മികച്ച വിജയം നേടിയത് ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തത് കൊണ്ടാണ്. ഇന്ത്യന്‍ ജനത ബിജെപിയുടെ നുണപ്രചരണങ്ങള്‍ക്ക് പിറകയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

New Update
kc venugopal sultanbatheri

 

Advertisment

സുല്‍ത്താന്‍ബത്തേരി: രാജ്യം എങ്ങനെ മുന്നോട്ടു പോകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്ന കാലമാണ് വരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ലോക്‌സഭയിലും നിയമസഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞടുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വയനാട് ബത്തേരിയില്‍ ആരംഭിച്ച കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ദുര്‍ബലാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിനെ ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ നയിച്ച  മല്ലികാര്‍ജുന ഖര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടേയും ലീഡര്‍ഷിപ്പാണ് വിജയത്തിന്റെ പ്രധാന ഘടകം.രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഈ വിജയത്തിന്റെ മുഖ്യഘടകമായി മാറി.

ജനാധിപത്യം രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടുമോ ഭരണഘടന സംരക്ഷിക്കപ്പെടുമോ എന്ന ഭീതിജനകമായ അന്തരീക്ഷത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെ മാത്രം ടാര്‍ഗെറ്റ് ചെയ്താണ് മോദിയും സംഘപരിവാറും പ്രവര്‍ത്തിച്ചത്.ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും അതിനായി അവര്‍ ഉപയോഗിച്ചു.

പ്രതിപക്ഷ വേട്ട നടത്തിയാണ് മോദി കേന്ദ്രത്തില്‍ പത്ത് വര്‍ഷം ഭരണം കയ്യാളിയത്. സാമ്പത്തികമായി ഞെരുക്കി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ മരവിപ്പിച്ചു. സാധാരണക്കാരയ പ്രവര്‍ത്തകരാണ് ബിജെപിയുടെ രാഷ്ട്രീയഫാസിസത്തിനെതിരായി കോണ്‍ഗ്രസിന് വേണ്ടി പോരാടിയത്.

നീതിന്യായ വ്യവസ്ഥപോലും മോദി ഭരണകൂടം നിയന്ത്രിച്ചു. അതിന് തെളിവാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി. ബിജെപി ഭയപ്പെടുത്തിയപ്പോള്‍ നട്ടെല്ലിന് ഉറപ്പില്ലാത്ത ഭീരുക്കളായ ചിലര്‍ കോണ്‍ഗ്രസ് വിട്ടുപോയി. അത്തരം കൂറുമാറ്റക്കാരെ ഈ തിരഞ്ഞെടുപ്പില്‍ ജനം കൈകാര്യം ചെയ്തു. അഴിമതിക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് ക്ലീന്‍ ചീറ്റ് കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

വര്‍ഗീയത മുതലാക്കിയാണ് മോദി തുടര്‍ച്ചയായി ഭരണം നടത്തുന്നത്. ഇന്ത്യകണ്ട നമ്പര്‍ വിദ്വേഷ പ്രസംഗം പ്രധാനമന്ത്രി നടത്തിയ രാജസ്ഥാനിലെ ബനസ്വാര മണ്ഡലത്തില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. മോദിയുടെ വിദ്വേഷ രാഷ്ട്രീയ ആഹ്വാനത്തെ ജനം തള്ളിക്കളഞ്ഞു.

അയോധ്യാ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചിട്ടും ബിജെപിയുടെ ശക്തി കേന്ദ്രമായ യുപിയിലും തിരിച്ചടി നേരിട്ടു. മുഖ്യധാര മാധ്യമങ്ങള്‍ ഇന്ത്യാസംഖ്യത്തിന്റെ വാര്‍ത്തകള്‍ നല്‍കാറില്ല. ബി ജെ പിക്കും, സംഘപരിവാറിനും അനുകൂലമായി വാര്‍ത്തകള്‍ നല്‍കാനാണ് അവര്‍ക്ക് താല്‍പര്യം. പ്രീ പോളിലും എക്‌സിപോളിലും  മോദി സ്‌പോണ്‍സേര്‍ഡ് മീഡിയകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ സ്വീകാര്യത ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ മോദിയേക്കാള്‍ ഏറ്റവും കൂടതല്‍ ജനം വീഷിച്ചത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളായിരുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലോകസ്ഭയില്‍ ബിജെപിയുടെ ശക്തിയും അംഗബലവും കുറയ്ക്കാന്‍  കോണ്‍ഗ്രസ് ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്താണ് ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഭാവി രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പരാജയം മാത്രമല്ല, വിജയവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഏതു വെല്ലുവിളികളേയും നേരിടാന്‍ കഴിയുന്ന കോണ്‍ഗ്രസാണ് ഇന്നുള്ളത്. ശക്തമായ നേതൃനിരയുണ്ട്.കോണ്‍ഗ്രസിന് തന്നെ ഭീഷണിയായവര്‍ ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം ഒഴിഞ്ഞ പോയതോടെ ഇപ്പോഴുള്ളത് നൂറുശത്മാനം ശുദ്ധീകരിച്ച കോണ്‍ഗ്രസാണ്.

ഏഴുസംസ്ഥാനങ്ങളിലെ 13 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യസഖ്യം മികച്ച വിജയം നേടിയത് ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തത് കൊണ്ടാണ്. ഇന്ത്യന്‍ ജനത ബിജെപിയുടെ നുണപ്രചരണങ്ങള്‍ക്ക് പിറകയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

ബിജെപിയുടെ ഹിന്ദുത്വവാദം തട്ടിപ്പ്

kc venugopal sultanbatheri-2

രാഷ്ട്രീയഭൂപടത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് മേലോട്ട് കുതിക്കുമ്പോള്‍ ബിജെപിയുടേത് താഴോട്ടാണ്. ബിജെപിയുടെ ഹിന്ദുത്വവാദം തട്ടിപ്പാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതമല്ല ഹിന്ദുത്വം. എന്നാല്‍ ബിജെപി ഹിന്ദുവാദം ഉയര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനും മതസ്പര്‍ദ്ദ വളര്‍ത്താനും ശ്രമിക്കുന്നു. ഹിന്ദുക്കളെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാക്കാനാണ് ബിജെപി തീവ്രഹിന്ദുത്വം പറയുന്നത്.

നരേന്ദ്രമോദിയെ അമാനുഷികനായും ദൈവത്തിന് മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതുമാണ് ബിജെപിയുടെ ഹിന്ദുബോധം.ഹിന്ദുമതത്തെ ഉപയോഗിച്ച് അവര്‍ രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തുപാവുകയാണ്. അതിനാലാണ് അയോധ്യയിലും ബദരിനാഥിലും ഉള്‍പ്പെടെ ബിജെപി പരാജയപ്പെട്ടതും. ഭഗവദ്ഗീതയെ ഉദ്ധരിച്ച് ബിജെപിയുടെ ഹിന്ദുത്വവാദം തട്ടിപ്പാണെന്ന് കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

മഹാത്മാ ഗാന്ധിയും ഗോഡ്‌സെയും ഭഗവദ് ഗീത കണ്ടത് വ്യത്യസ്തമായ രീതിയിലാണ്. ഗാന്ധിജി അഹിംസയും സഹിഷ്ണതയും മനുഷ്യജീവനോടുള്ള ആദരവും ഗീതയില്‍ നിന്ന് പഠിച്ചപ്പോള്‍ ഗോഡ്‌സെ അക്രമവും അസഹിഷ്ണതയും പഠിച്ചു.ഗീതയുടെ ശരിയായ സാരം ഉള്‍ക്കൊള്ളുന്നത് അത് വായിക്കുന്ന വ്യക്തിയുടോ മനോനിലപോലെയിരിക്കുമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഐതീഹങ്ങളും മതചിഹ്നങ്ങളേയു ഗ്രന്ഥങ്ങളേയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ സങ്കുചിത ചിന്താഗതികളാണ് യഥാര്‍ത്ഥ ഹിന്ദുവിരോധമെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലേത് ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാര്‍ 

കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നുപോയെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.മാലിന്യത്തിന്റെ ഉത്തരവാദി ആരാണെന്ന് കോര്‍പറേഷനും റെയില്‍വേയും തര്‍ക്കിക്കുകയാണ്. കമ്യൂണിസ്റ്റ് ആശയത്തെ മാലിന്യവത്കരിക്കുന്ന ഭരണമാണ് കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തില്‍. ജനപക്ഷത്തുനിന്നു കോണ്‍ഗ്രസ് പോരാട്ടം നയിക്കണം. കേരളത്തില്‍ ബിജെപി വളര്‍ച്ച ഉണ്ടാക്കിയെന്നൊന്നും കരുതേണ്ട. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്, അത് മാറ്റണം.

നേതാക്കള്‍ക്കു വ്യക്തിപരമായ താല്‍പര്യമുണ്ടാകാം. അതിന് പ്രസക്തിയില്ല. കോണ്‍ഗ്രസുകാരെല്ലാം നല്ലവരാണ് എന്നാല്‍ അവര്‍ തമ്മില്‍ അടിയാണെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറത്തുപോകാം.

കോണ്‍ഗ്രസിന്റെ മോശം കാലം കഴിഞ്ഞു.അടുത്ത വര്‍ഷം  നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് മുന്നിലുള്ള പ്രധാന അജണ്ട. രാജ്യം കോണ്‍ഗ്രസിനെ ഉറ്റുനോക്കുമ്പോള്‍ അതിനനുസരിച്ചുയരാന്‍ പ്രവര്‍ത്തകര്‍ക്കാകണമെന്നും അനൈക്യം ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം ശക്തമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ പ്രതീക്ഷിക്കുന്ന വിജയം ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേടാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertisment