പാലക്കാട് എലപ്പുളളി മദ്യനി‍ർമാണശാലയെ തളളാനും കൊളളാനും കഴിയാതെ വെട്ടിലായി സി.പി.ഐ. പരിസ്ഥിതി വാദം ഉയർത്തിപ്പിടിക്കുന്ന പാർട്ടിക്ക് ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പുളള പദ്ധതിയെ എങ്ങനെ അനുകൂലിക്കാനാകും ? മന്ത്രിമാ‍രെ കുറ്റപ്പെടുത്തി കൈയ്യൊഴിയാൻ ബിനോയ് വിശ്വത്തിനാവില്ല. പാ‍ർട്ടി സെക്രട്ടറി മറ്റുളളവരുടെ കൈയ്യിലെ കളിപ്പാവയോ ?

അധികാരത്തിലേറി കഴിഞ്ഞപ്പോൾ പി.പ്രസാദ് പരിസ്ഥിതി ആഭിമുഖ്യമെല്ലാം വിട്ടു എന്നാണ് സി.പി.ഐക്കുളളിൽ ഉയരുന്ന പരിഹാസം

New Update
d

തിരുവനന്തപുരം:അഴിമതി ആരോപണം ഉയർന്നിരിക്കുന്ന പാലക്കാട് എലപ്പുളളി മദ്യനി‍ർമാണശാലയെ തളളാനും കൊളളാനും കഴിയാതെ വെട്ടിലായി സി.പി.ഐ.

Advertisment

എലപ്പുളളി പഞ്ചായത്തിൽ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്ന വൻകിട മദ്യനി‍‍ർമാണശാലക്ക് പ്രാരംഭാനുമതി നൽകാനുളള മന്ത്രിസഭാ തീരുമാനത്തിൽ സി.പി.ഐയുടെ നാല് മന്ത്രിമാരും പങ്കാളികളായതിനാൽ പദ്ധതിയെ തളളിപ്പറയാൻ പാർട്ടിക്ക് കഴിയില്ല.


മദ്യനി‍‍‍ർമാണ ശാലക്ക് അനുമതി നൽകുന്നതിന് മുൻപ് പാ‍ർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിഷയം ധരിപ്പിച്ചിരുന്നതിനാൽ മന്ത്രിമാ‍രെ കുറ്റപ്പെടുത്തി കൈയ്യൊഴിയാൻ നേതൃത്വത്തിനും കഴിയില്ല.


പരിസ്ഥിതി ആഭിമുഖ്യമുളള നിലപാട് സ്വീകരിക്കുന്നവരെന്ന ഖ്യാതി കൊണ്ടുനടക്കുന്ന ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന പാർ‍ട്ടിക്ക് ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പുളള പദ്ധതിയെ എങ്ങനെ അനുകൂലിക്കാനാകും എന്നതാണ് സി.പി.ഐ നേരിടുന്ന മറ്റൊരു പ്രതിസന്ധി.

binoy viswon and pinarayi

ബിനോയ് വിശ്വം മാത്രമല്ല മന്ത്രിസഭാ യോഗത്തിൽ ഇരുന്ന് പദ്ധതിയെ പിന്തുണച്ച സി.പി.ഐ പ്രതിനിധി കൃഷിമന്ത്രി പി. പ്രസാദും അറിയപ്പെടുന്ന പരിസ്ഥിതി പ്രവ‍ർത്തകനാണ്.


നർമദ ബചാവോ ആന്ദോളനിൽ പങ്കെടുക്കാൻ മധ്യപ്രദേശിലും മറ്റും പോയ പി.പ്രസാദിന് സ്വന്തം സംസ്ഥാനത്ത് കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശത്ത് ജലവിനിയോഗം കൂടുതൽ വേണ്ടിവരുന്ന മദ്യനി‍ർമാണശാലയെ അനുകൂലിക്കുമ്പോൾ പരിസ്ഥിതിചിന്ത ഒന്നുമുണ്ടായില്ല.


അധികാരത്തിലേറി കഴിഞ്ഞപ്പോൾ പി.പ്രസാദ് പരിസ്ഥിതി ആഭിമുഖ്യമെല്ലാം വിട്ടു എന്നാണ് സി.പി.ഐക്കുളളിൽ ഉയരുന്ന പരിഹാസം.

പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയുടെ ഭാഗത്തെ പാത്രക്കടവിൽ ജലവൈദ്യുത പദ്ധതി ആരംഭിക്കാൻ വി.എസ് സ‍ർക്കാരിൽ വൈദ്യുതി മന്ത്രി എ.കെ.ബാലൻ നീക്കം ആരംഭിച്ചപ്പോൾ അതിന് തടയിട്ട പാരമ്പര്യമുളള നേതാവാണ് ബിനോയ് വിശ്വം. 

സൈലന്റ് വാലി വനപ്രദേശത്തിന് സംരക്ഷിത മേഖല അഥവാ ബഫ‍ർസോൺ പ്രഖ്യാപിച്ചാണ് അതേ മന്ത്രിസഭയിൽ തന്നെ വനംമന്ത്രി ആയിരുന്ന ബിനോയ് വിശ്വം പാത്രക്കടവ് പദ്ധതിക്ക് തടയിട്ടത്. 

G


അതേ ബിനോയ് വിശ്വമാണ് മന്ത്രിസഭാ യോഗത്തിൽ വൻകിട മദ്യനിർമ്മാണശാലക്ക് പ്രാരംഭാനുമതി നൽകുന്ന കാര്യം നേരത്തെ അറിഞ്ഞിട്ടും അതിനെ പിന്തുണച്ചത്.


എലപ്പുളളിയിൽ ഡിസ്റ്റിലറി സ്ഥാപിക്കാനുളള തീരുമാനത്തിന് പിന്തുണച്ചത് സി.പി.ഐയുടെ ഇതപര്യന്തമുളള പരിസ്ഥിതി അനുകൂല നിലപാടുകൾക്കും എതിരാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൻെറ ഗൗരവം വേണ്ടത്ര മനസിലാക്കുന്നതിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും നാല് മന്ത്രിമാർക്കും സംഭവിച്ച വീഴ്ചയാണ് എലപ്പുളളിയിലെ വൻകിട മദ്യഉൽപ്പാദന ഫാക്ടറിയെ അനുകൂലിക്കുന്ന സ്ഥിതിയിലെത്തിച്ചത്.

മന്ത്രിസഭാ യോഗ തലേന്ന് സെക്രട്ടറിയുമായും മന്ത്രിമാരും ഒരുമിച്ചിരിക്കുന്ന കാബിനറ്റ് ഫ്രാക്ഷൻ യോഗത്തിൽവെച്ച് അജണ്ടയിൽ സ്ഥാനം പിടിച്ചിട്ടുളള മദ്യഫാക്ടറിയുടെ കാര്യം ചർച്ചക്ക് വന്നിരുന്നു.


മധുരക്കിഴങ്ങ് അടക്കമുളള കാർഷികോൽപ്പന്നങ്ങളിൽ നിന്ന് മദ്യം ഉണ്ടാക്കുന്ന മൾട്ടി സീഡ് ഡിസ്റ്റിലേഷൻ കാർഷിക മേഖലക്ക് ഗുണകരമാകുമെന്നാണ് സി.പി.ഐ മന്ത്രിമാരും സംസ്ഥാന സെക്രട്ടറിയും കരുതിയത്.


d

കാ‍ർഷിക മേഖലക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്ന വിവരണമാണ് മന്ത്രിസഭായോഗത്തിനായി തയാറാക്കിയ കുറിപ്പിലും പറഞ്ഞിരുന്നതെന്നാണ് ഇപ്പോൾ മന്ത്രിമാരും പാ‍ർട്ടി സെക്രട്ടറിയും മറ്റ് നേതാക്കളോട് പറയുന്നത്.

സംസ്ഥാനത്ത് വേറെയും ഡിസ്റ്റിലറികൾ പ്രവർത്തിക്കുന്നതിനാൽ പുതിയ ഒരു ഡിസ്റ്റിലറി കൂടി വരുന്നതിലും പാർട്ടി സെക്രട്ടറിയും മന്ത്രിമാരും അപാകമൊന്നും കണ്ടില്ല.


എന്നാൽ ഡിസ്റ്റിലറികൾക്ക് വൻതോതിൽ വെളളം വേണ്ടിവരുമെന്ന ചിന്തയും നേതൃത്വത്തിനും മന്ത്രിമാർക്കും ഉണ്ടായില്ല എന്നത് അത്ഭുതകരമാണ്.


അനുമതി നേടാൻ പോകുന്ന കമ്പനിയുടെ പശ്ചാത്തലം എന്താണെന്ന് ആലോചിക്കാനോ അതേപ്പറ്റി ലഭ്യമാകുന്ന വിവരങ്ങളും മറ്റും ശേഖരിക്കാനോ ഉളള ബുദ്ധിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും കാട്ടിയില്ല.

അങ്ങനെ ചെയ്തിരുന്നെങ്കിൽ അനുമതി നേടിയ കമ്പനി ഡൽഹി മദ്യനയ അഴിമതി കേസിൽപ്പെട്ട കമ്പനി ആണെന്ന് അറിയില്ലായിരുന്നുവെന്ന് ഇപ്പോൾ പരിതപിക്കേണ്ടിവരില്ലായിരുന്നു.

ഈ വീഴ്ചയും ശ്രദ്ധക്കുറവും അക്ഷന്തവ്യമായ തെറ്റാണെന്ന് സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിസ്റ്റ് പാ‍ർട്ടിയുടെ സെക്രട്ടറി മറ്റുളളവരുടെ കൈയ്യിലെ കളിപ്പാവയായി മാറിയതിൻെറ ഒന്നാന്തരം ഉദാഹരണം ആണ് ഈ സംഭവമെന്നും അവർ കുറ്റപ്പെടുത്തുന്നു.

Advertisment