Advertisment

പാലക്കാടിന്റെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ! പാലക്കാട്ടേ ജനങ്ങൾ കൈവിടില്ല, വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സന്ദീപ് വാര്യർ വിഷയം ബിജെപിക്ക് ഗുണകരമായി, അയ്യായിരം വോട്ടിന് ജയിക്കുമെന്ന് സി കൃഷ്ണകുമാർ. പോളിങ്ങ് കണക്കുകൾ പ്രകാരം എൽഡിഎഫ് വിജയിച്ച് കഴിഞ്ഞെന്ന് സരിൻ; ത്രികോണ പോരിൽ ആര് വീഴും ആര് വാഴും ?

രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സിപിഎം കരുതുന്നു. രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞാൽ അത് മികച്ച പ്രകടനമാകും എന്നാണ് സിപിഎം നിഗമനം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
p sarin rahul mankoottathil c krishnakumar-2

പാലക്കാട്: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വിജയ പ്രതീക്ഷ പങ്കുവച്ച് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. വോട്ടെടുപ്പ് പൂർത്തിയായ ശേഷം പോളിംഗ് ശതമാനം സംബന്ധിച്ച കണക്കുകളിൽ ഏറ്റുമുട്ടൽ നടത്തുമ്പോഴും യുഡിഎഫും ബിജെപിയും എൽഡിഎഫും വിജയപ്രതീക്ഷ കൈവിടുന്നില്ല. 

Advertisment

ഷാഫി പറമ്പിൽ 13 വർഷമായി പ്രതിനിധീകരിച്ചിരുന്ന പാലക്കാട് മണ്ഡലം ഇത്തവണയും ഒപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. നഗരസഭയിലെ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കരുതുന്ന രാഹുൽ മാങ്കൂട്ടത്തിൽ
പതിനായിരത്തിലേറെ വോട്ടുകൾ നേടി വിജയിക്കുമെന്ന് പ്രതീക്ഷാ പ്രകടിപ്പിച്ചു. 


"കോൺഗ്രസ്സ് നല്ല ഭൂരിപക്ഷം നേടുമെന്ന് പറയുന്നത് കണക്കുകൾ വെച്ച് പരിശോധിച്ചശേഷമാണ്. വോട്ടെണ്ണൽ തുടങ്ങി രാവിലെ 11 മണി ആകുമ്പഴേക്കും കോൺഗ്രസ്സ് ക്യാമ്പ് ആഘോഷം തുടങ്ങുന്നത് കാണാം. പാലക്കാട്ടെ എല്ലാ മുന്നണികളുടെയും സ്ഥാനാർഥികളെ എടുത്താൽ
പ്രവർത്തകർക്കിടയിൽ അതൃപ്തി ഇല്ലാത്ത സ്ഥാനാർഥി ഞാൻ മാത്രമാണ്. പാലക്കാട്ടേ ജനങ്ങൾ കൈവിടില്ലെന്ന് ഉറപ്പാണ്. പ്രചാരണത്തിലൂടനീളം ആ വിശ്വാസം കണ്ടതാണ്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല" - രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 


യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിലെ പോളിങ്ങ് കുറഞ്ഞതാണ് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് പ്രതീക്ഷ നൽകുന്നത്. നഗരത്തിൽ നല്ല ഭൂരിപക്ഷം നേടുകയും പിരായിരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ഗണ്യമായ വോട്ട് കരസ്ഥമാക്കുകയും ചെയ്യുമ്പോൾ വിജയം സുനിശ്ചിതമാണ് എന്നാണ്  കൃഷ്ണകുമാറിന്റെ പ്രതീക്ഷ. 

3000 ത്തിനും 5000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് ബിജെപിയെ പ്രതീക്ഷിക്കുന്നത്. എത്ര താഴ്ന്നാലും ആയിരം വോട്ടിനെങ്കിലും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉറപ്പിച്ച് പറയുന്നുണ്ട്.


"പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണ്. കുറഞ്ഞത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം എങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. സന്ദീപ് വാര്യർ വിഷയമെല്ലാം പാർട്ടിക്ക് ഗുണകരമായാണ് ഭവിച്ചത്. സന്ദീപ് വാര്യർ പോയത് ബിജെപിയുടെ സംഘടന കെട്ടുറപ്പിനെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്. ജയിക്കുമെന്നതിൽ ഒരു ആശങ്കയുമില്ല" - സി. കൃഷ്ണകുമാർ പറഞ്ഞു. 


2016 മുതൽ തുടർച്ചയായി മൂന്നാം സ്ഥാനത്താണെങ്കിലും ഇക്കുറി പാലക്കാട് വിജയം നേടാൻ ആകുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിൻ പങ്കുവെക്കുന്ന പ്രതീക്ഷ. എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾക്കൊപ്പം കോൺഗ്രസിലെ അസംതൃപ്തരും മതേതര വോട്ടർമാരും സഹായിച്ച് വിജയത്തിലേക്ക് എത്തുമെന്നാണ് സരിന്റെ വിശ്വാസം. അരലക്ഷം വോട്ട് ഉറപ്പിക്കുന്ന സരിൻ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നും പറയുന്നുണ്ട്. 

"പാലക്കാട്‌ മണ്ഡലത്തിൽ പോളിങ്ങ് കണക്കുകൾ പ്രകാരം എൽഡിഎഫ് വിജയിച്ച് കഴിഞ്ഞു.
50000 ൽ കുറയാത്ത വോട്ടുകൾ എന്റെ പെട്ടിയിൽ വീണിട്ടുണ്ട്. രണ്ടാം റൗണ്ട് വോട്ട്  എണ്ണി തീരുമ്പോൾ ഫലം വ്യക്തമായി അറിയാൻ കഴിയും. കോൺഗ്രസ് പുറത്ത് വിട്ട കണക്ക് വായുവിൽ എഴുതി കൂട്ടിയതാകാനാണ് സാധ്യത. അങ്ങനെ കണക്ക് എടുക്കാനുള്ള സംവിധാനം ഒന്നും കോൺഗ്രസിന് നിലവിലില്ല.


ഷാഫി പറമ്പിലിന് പാലക്കാട്ടെ ജനവിധി മനസിലായിട്ടുണ്ട്. അദ്ദേഹത്തോട് രഹസ്യമായി ചോദിച്ചാൽ പറഞ്ഞു തരാതിരിക്കില്ല. എൽ.ഡി.എഫ് പ്രവർത്തകർ കഴിഞ്ഞ അഞ്ചാഴ്ച എനിക്ക് അവരുടെ ചങ്ക് പറിച്ചുതന്നു. എൽ.ഡി.എഫ് ഇനി എന്റെ കൂടി ഇടമാണ്. തിരഞ്ഞെടുപ്പിൽ തോറ്റ് പോയാൽ  പാർട്ടി എൽപ്പിക്കുന്ന ചുമതല എന്താണോ അത് നിർവ്വഹിക്കും. ഇനി ഇടത് പക്ഷമാണ് എൻ്റെ രാഷ്ട്രയം " - 
സരിൻ പ്രതികരിച്ചു. 


സ്ഥാനാർത്ഥി സരിൻ വിജയപ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും സിപിഎം  ജില്ലാ നേതൃത്വത്തിന് അതില്ല. 44000 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സിപിഎം കരുതുന്നു. 

രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞാൽ അത് മികച്ച പ്രകടനമാകും എന്നാണ് സിപിഎം നിഗമനം. ചേലക്കരയിൽ ജയം ആവർത്തിക്കുകയും പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്താൽ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാമെന്നും സിപിഎം സംസ്ഥാന നേതൃത്വവും കരുതുന്നുണ്ട്.

Advertisment