കേന്ദ്രം കനിയുമോ ! പ്രതീക്ഷയോടെ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശവാസികള്‍. ആശങ്ക സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടില്‍. പരിവേഷ് പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ കൃത്യമെന്നു ഉറപ്പാക്കാന്‍ നടപടി വേണം

കേന്ദ്രത്തിന്റെ കനിവ് തേടുകയാണ്‌ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശവാസികള്‍

New Update
pampavalley angelvalley

കോട്ടയം: കേന്ദ്രത്തിന്റെ കനിവ് തേടുകയാണ്‌ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശവാസികള്‍. പരിവേഷ് പോര്‍ട്ടല്‍ വഴി കേന്ദ്ര വന്യജീവി ബോര്‍ഡിനു കൈമാറിയ രേഖകളിലെ അവ്യക്തത തിരിച്ചടിയായിരുന്നു.

Advertisment

ഇതോടെ കൃത്യവും വ്യക്തവുമായ നിലപാട്‌ അറിയിക്കാന്‍ കേന്ദ്ര വന്യജീവി ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പ്രദേശങ്ങളെ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു വീണ്ടും ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഇക്കുറിയെങ്കിലും വനം വകുപ്പ് കൃത്യമായ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമാകും പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുക. കേന്ദ്രം അനുവധിച്ച സമയ പരിധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണു ബാക്കി.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്തു ശിപാര്‍ശ സമര്‍പ്പിക്കും. ഒക്ടോബര്‍ 9നു ചേരുന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗമാണു കേരളത്തിന്റെ ആവശ്യം പരിഗണിക്കുക.


കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഒരു നാട് നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകും. പമ്പാവാലി,ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടര്‍ ജനവാസമേഖലയാണു  പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടത്.


പഞ്ചായത്തും കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും കര്‍ഷക സംഘടനകളും വൈദികരും സമുദായ സംഘടനകളും തുടങ്ങി എല്ലാവരും പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലകളെ ഒഴിവാക്കണമെന്ന ആവശ്യത്തിനു ജനങ്ങള്‍ക്ക് ഒപ്പം നിന്നതോടെയാണു നടപടികള്‍ക്കു വേഗം വെച്ചത്.

പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളില്‍ എത്തിക്കുന്നതു മുതല്‍ സര്‍ക്കാരിന്റെ മുന്നില്‍ എത്തിക്കുന്നതുവരെ വിശ്രമമില്ലാതെ ജനപ്രതിനിധികളും ബഫര്‍സോണ്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും ഇതിനായി പ്രയത്‌നിച്ചു.

വനംവകുപ്പ് ഓഫീസിലേക്കു നടന്ന ജനകീയ മാര്‍ച്ചിനെ തുടര്‍ന്നു ജനപ്രതിനിധികളും സമരസമിതി നേതാക്കളും അടക്കം 63 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസും എടുക്കുകപോലും ഉണ്ടായി.


എരുമേലി പഞ്ചായത്തിലെ 11, 12 വാര്‍ഡുകളായ പമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകളിലെ 502 ഹെക്ടറില്‍ 1200 കുടുംബങ്ങള്‍ ആണു താമസിക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ സമീപമായതിനാല്‍ ബഫര്‍ സോണ്‍ മേഖലയില്‍ ഉള്‍പ്പെടുമെന്നതിനാല്‍ ഇതിനെതിരെ ഏറെക്കാലമായി സമരപരിപാടികള്‍ നടന്നു വരികയായിരുന്നു.


2013 ഡിസംബര്‍ 14 ന് വനം വകുപ്പ് പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് (ബഫര്‍ സോണ്‍) നടത്തിയ ഉപഗ്രഹ സര്‍വേയില്‍ ഈ രണ്ട് വാര്‍ഡുകള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയില്‍ ഉള്‍പ്പെടുത്തി മാപ്പ് പുറത്തുവിട്ടു.

ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയും മന്ത്രി എ.കെ. ശശീന്ദ്രനെ ജനപ്രതിനിധികള്‍ നേരിട്ടു കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഉപഗ്രഹ സര്‍വേയിലെ പിഴവാണെന്നും അത് തിരുത്തുമെന്നും ആയിരുന്നു മന്ത്രിയുടെ നിലപാട്. ഇവിടെ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് ബഫര്‍ സോണ്‍ അപ്പീല്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ഇത്തരത്തില്‍ 1000 കുടുംബങ്ങള്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതിനിടെ വനം വകുപ്പ് 2 തവണ പിഴവുകള്‍ തിരുത്തി എന്ന് അവകാശപ്പെട്ടു വീണ്ടും കരട് സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയെങ്കിലും ഈ രണ്ട് റിപ്പോര്‍ട്ടുകളിലും ഈ വാര്‍ഡുകള്‍ വനം തന്നെയെന്നു വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഈ വാര്‍ഡുകള്‍ വനഭൂമിയായതിനാല്‍ ബഫര്‍ സോണ്‍ പരിധിയില്‍ വരില്ലെന്നും അതിനാല്‍ അപ്പീല്‍ നല്‍കിയിട്ടു കാര്യമില്ലെന്നും വ്യക്തമാക്കി.

ഇതോടെ ഹെല്‍പ് ഡെസ്‌കും പിന്നീട് ബഫര്‍സോണ്‍ മേഖലയില്‍ നടന്ന ജിയോ ടാഗിങ് നടപടികളും ഈ വാര്‍ഡുകളില്‍ നടന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതാക്കള്‍ തന്നെ എയ്ഞ്ചല്‍വാലിയില്‍ എത്തി ജനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു രംത്തു വന്നു. രാഷ്ട്രീയകക്ഷികളുടെയും ഇന്‍ഫാം തുടങ്ങിയ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ വലിയ സമര പരമ്പര തന്നെ അരങ്ങേറി.

പിന്നാലെയാണ്  പെരിയാര്‍ കടുവാ സങ്കേത പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിക്കു തുടക്കം കുറിച്ചത്. അവസാന നിമിഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചതിക്കുമോയെന്ന ആശങ്കയാണു ജനങ്ങള്‍ക്കുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പരിവേഷ് പോര്‍ട്ടലില്‍ സംസ്ഥാന വൈഡ് ലൈഫ് ബോര്‍ഡ് സര്‍പ്പിച്ചതില്‍ ഗുരുതര പിശകുകളായിരുന്നു ഉണ്ടായിരുന്നത്.

ഇതു മനപ്പൂര്‍വം വരുത്തിയതാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്. കേന്ദ്രം നിര്‍ദേശിച്ചതനുസരിച്ച് വീണ്ടും രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Advertisment