കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ പരാതിക്കാരി മൊഴി മാറ്റി. രാഹുൽ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നുവെന്നാണ് യുവതിയുടെ പ്രതികരണം.
രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യുവതി ക്ഷമാപണം നടത്തി. സമ്മർദ്ദത്തെ തുടർന്നാണ് നുണകള്‍ പറഞ്ഞത്. ആരോപണങ്ങളെല്ലാം നുണയായിരുന്നു. സ്ത്രീധന ആരോപണം ഉന്നയിച്ചത് ആരോപിച്ചത് വീട്ടുകാര്‍ പറഞ്ഞിട്ടാണ്. നുണ പറയാന്‍ താല്‍പര്യമില്ലായിരുന്നു. പക്ഷേ, വീട്ടുകാര്‍ പിന്തുണച്ചില്ല. ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചെന്ന് പറഞ്ഞത് വ്യാജ ആരോപണമാണെന്നും യുവതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.
അന്ന് വീട്ടുകാരുടെ ഒപ്പം നില്‍ക്കാനാണ് തോന്നിയത്. മനസില്ലാ മനസോടെയാണ് മാധ്യമങ്ങളോട് രാഹുലിനെക്കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞത്. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നതെന്നും യുവതി പറഞ്ഞു.