തിരുവനന്തപുരം: ഗസറ്റഡ് ജീവനക്കാരും സർവകലാശാല പ്രൊഫസർമാരും സാമൂഹ്യ പെൻഷൻ കൈപ്പറ്റുന്നതിലേക്ക് എത്തിയിത് സി.എ.ജി റിപോർട്ടിലെ മുന്നറിയിപ്പുകൾ അവഗണിച്ചതിൻെറ ഫലം. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നടക്കുന്ന തെറ്റായ പ്രവണതകളെപ്പറ്റി കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിൻെറ റിപോർട്ടുകളിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സി.എ.ജി റിപോർട്ടിലെ കണ്ടെത്തലുകൾക്കുളള മറുപടിയായി നടപടി എടുക്കും എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞതല്ലാതെ സർക്കാർ വിഷയം ഗൗരവമായി എടുത്തില്ല. ഇപ്പോൾ സർക്കാരിൻെറ തന്നെ കീഴിലുളള ഇൻഫർമേഷൻ കേരള മിഷൻ കണ്ടെത്തിയപ്പോൾ മാത്രമാണ് സർക്കാർ വിഷയത്തെ പ്രാധാന്യത്തോടെ സമീപിക്കുന്നത്.
ഭരണഘടനാ സ്ഥാപനമായ സി ആൻറ് എ.ജിയോട് ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതലെ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചു പോരുന്നത്. അതിൻെറ ഫലമായാണ് സംസ്ഥാന ഖജനാവിലെ പണം അനർഹരുടെ കൈയ്യിലെത്താൻ ഇടയാക്കിയത്.
അനർഹരെന്ന് കണ്ടെത്തി ഗുണഭോക്തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്തവർക്ക് വീണ്ടും പെൻഷൻ വിതരണം ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ റിപോർട്ടിൽ സി.ആന്റ് എ.ജി ചൂണ്ടിക്കാണിച്ചത്.
അനർഹർ എന്ന് കണ്ടെത്തി നീക്കം ചെയ്തവർക്ക് വീണ്ടും പെൻഷൻ വിതരണം ചെയ്തതിലൂടെ 4.08 കോടി രൂപയാണ് സർക്കാരിൽ നിന്ന് ചോർന്ന് പോയത്. 10406 പേർക്ക് ഇത്തരത്തിൽ പെൻഷൻ തുക നൽകിയെന്നാണ് സി.ആൻറ് എ.ജിയുടെ റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഒരു ഗുണഭോക്താവിന് തന്നെ ഒരേ പെൻഷൻ ഒന്നിലധികം തവണ നൽകിയതായും സി.ആന്റ് എ.ജി റിപോർട്ട് സർക്കാരിൻെറ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നതാണ്. ഈയിനത്തിൽ 3.83 കോടി രൂപ നഷ്ടമായി എന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടിയത്.
2017-18, 2018-19,2019-20 വർഷങ്ങളിലായി 823 ഗുണഭോക്താക്കൾക്ക് ഒരെ പെൻഷൻ തന്നെ ഒന്നിലധികം തവണ തന്നെ കണ്ടെത്തിയെന്നാണ് സി.എ.ജി കണ്ടെത്തിയത്.
പെൻഷൻ വിതരണത്തിന് മുൻപ് മതിയായ പരിശോധന ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്തരത്തിൽ പണം പാഴായി പോകുന്നതിൻെറ പ്രധാന കാരണമെന്നാണ് സി.എ,ജിയുടെ കണ്ടെത്തൽ.
പെൻഷൻ വിതരണത്തിൻെറ ചുമതലയുളള ഡിബിടി സെൽ, നിരീക്ഷണത്തിൽ വരുത്തുന്ന വീഴ്ചയും ഒരേ പെൻഷൻ തന്നെ ഒന്നിലേറെ തവണ തന്നെ നൽകുന്നതിന് കാരണമായി. പെൻഷൻ വിതരണ സോഫ്റ്റ് വേറിലെ അപര്യാപ്തതകളും സി.എ.ജി ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ ശരിയായി നിരീക്ഷിക്കാൻ ഡിബിടി സെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്ന സർക്കാർ സി.എ.ജിക്ക് നൽകിയ മറുപടി.