അഞ്ച് വർഷം നീണ്ട വിചാരണക്ക് ശേഷം പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ കോടതി ശനിയാഴ്ച വിധി പറയും. വിധി പ്രസ്താവം സി.പി.എമ്മിനും കോൺഗ്രസിനും ഒരുപോലെ നിർണായകം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ പ്രതിപ്പട്ടികയിൽ സി.പി.എമ്മിലെ ജില്ലാ നേതാക്കളും. അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ ശ്രമിച്ച സർക്കാരിനും വിധി നിർണായകം

New Update
periya-casefffffffff

തിരുവനന്തപുരം : സംസ്ഥാനത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ കോടതി ശനിയാഴ്ച വിധി പറയും.

Advertisment

കാസർകോട് ജില്ലയിലെ പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്.


രാഷ്ട്രീയ കേരളം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പെരിയ ഇരട്ടക്കൊലകേസിനെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 


വിധി പ്രസ്താവം സി.പി.എമ്മിനും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി.പി.എം ജില്ലാ- പ്രാദേശിക നേതാക്കളും അവ‍ർ നിയോഗിച്ചവരുമാണ് പ്രതിപ്പട്ടികയിലുളളത്.

രാഷ്ട്രീയ വൈരത്തിൻെറ പേരിൽ രണ്ട് യുവാക്കളെ അരുംകൊല ചെയ്ത കേസിലെ വിധി സി.പി.എമ്മിന് ഏറെ നിർണായകമാണ്. 

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണ് സംസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാത്രി എട്ട് മണിയോടെയാണ് കല്യോട്ടെ പി.വി.കൃഷ്ണന്റെ മകൻ കൃപേഷ്, പി.കെ.സത്യനാരായണന്റെ മകൻ ശരത്‌ലാൽ എന്നിവരെ വെട്ടിക്കൊല്ലുന്നത്.


കല്യോട്ട് – ഏച്ചിലടുക്കം റോഡിൽ വെച്ച് ടാറ്റാ സുമോ കാറിലെത്തിയ ഒരുസംഘമാളുകൾ ബൈക്കിൽ വരികയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്.


കൊലപാതകത്തിൻെറ നിർവഹണവും ആസൂത്രണവും സംബന്ധിച്ച സംശയം നീണ്ടത് സി.പി.എമ്മിലേക്കായിരുന്നു. അടുത്ത ദിവസം തന്നെ പാർട്ടി പ്രാദേശിക നേതാക്കൾ അറസ്റ്റിലായതോടെ സംശയം ശരിവെയ്ക്കപ്പെട്ടു.

സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ.സജി എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ ഇവർ ഏർപ്പെടുത്തിയ പ്രകാരം കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘം അപ്പോഴും കാണാമറയത്തായിരുന്നു.


കൃപേഷിനും ശരത് ലാലിനും എതിരെ പൊതുയോഗത്തിൽ ഭീഷണി മുഴക്കിയ സി.പി.എം ജില്ലാ നേതാക്കളും കുറ്റവാളികളെ രക്ഷപ്പെടാനും ഒളിക്കാനും മറ്റും സഹായിച്ചതിൻെറ പേരിൽ ഏരിയാ തലത്തിലുളള നേതാക്കൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നു.


എന്നാൽ അവരിലേക്കൊന്നും കാര്യമായ അന്വേഷണം പോയില്ലെന്നായിരുന്നു കോൺഗ്രസിൻെറ പരാതി. പരാതി ശക്തമായതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

എന്നാൽ സംസ്ഥാന പൊലിസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടി കൂടില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് സി.ബി.ഐക്ക് വിടണമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോൺഗ്രസും ആവശ്യപ്പെട്ടത്.

ഈ ആവശ്യം സർക്കാ‍ർ അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും അന്വേഷണം പാർട്ടി നേതാക്കളിലേക്ക് എത്തുമെന്ന് വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ അഴിച്ചുപണി നടന്നു.


അന്വേഷണ സംഘത്തലവനായ എസ്.പി മുഹമ്മദ് റഫീഖിനെ മടക്കി അയച്ചും സംഘത്തിലെ ഡി.വൈ.എസ്.പിയേയും ഇൻസ്പെക്ട‍ർമാരെയും മാറ്റിക്കൊണ്ടുമായിരുന്നു അഴിച്ചുപണി. ഇതും വിവാദമായി.


കേസന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായതോടെ സിബിഐക്കു വിടണമെന്നാവശ്യം ഉന്നയിച്ച കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

സി.ബി.ഐ അന്വേഷണാവശ്യം ഹൈക്കോടതിയിലെത്തിയതോടെ അപകടം മണത്ത സർക്കാർ, അന്വേഷണം വേഗത്തിലാക്കി.

സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.


2019 മേയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആകെ 14 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. എല്ലാ പ്രതികളും സി.പി.എമ്മുമായി അടുത്ത ബന്ധമുളളവരായിരുന്നു.


എന്നാൽ 2019 സെപ്റ്റംബർ 30 ന് അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഏത് വിധേനെയും സി.ബി.ഐ അന്വേഷണത്തെ ചെറുക്കാൻ ഇറങ്ങിയ സർക്കാർ വൻകിട അഭിഭാഷകരെ ഇറക്കി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

വീണ്ടും പരാജയപ്പെടാനായിരുന്നു സർക്കാരിൻെറ യോഗം. സംസ്ഥാന സർക്കാരിൻെറ അപ്പീൽ ഡിവിഷൻ ബെഞ്ചും തളളി. വിടാൻ ഭാവമില്ലെന്ന മട്ടിലായിരുന്നു സംസ്ഥാന സർക്കാർ.


സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ സുപ്രീംകോടതിയിൽ പോയി. എന്നാൽ കോൺഗ്രസ് പിന്തുണയോടെ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും സുപ്രിംകോടതിയിൽ തടസഹർജി നൽകി. 


അവിടെയും തോൽക്കാനായിരുന്നു സർക്കാരിൻെറ വിധി. ഇതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തു.

ഇതോടെ കളി മാറി. ഉദുമയിലെ മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു.

സി.ബി.ഐ കുറ്റപത്രം വന്നതോടെ പ്രതികളുടെ എണ്ണം 24 ആയി വള‍ർന്നു. അഞ്ചുകൊല്ലം നീണ്ട വിചാരണക്ക് ശേഷമാണ് സി.ബി.ഐ കോടതി ശനിയാഴ്ച വിധി പറയുന്നത്.

Advertisment