പിണറായി സ‌ർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ മനംമടുത്ത് ഇടത് അനുകൂല തൊഴിലാളി - സ‍ർവീസ് സംഘടനകൾ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകൾ മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടുമ്പോൾ സി.പി.ഐയുടെ സംഘടനകൾ പ്രക്ഷോഭവുമായി തെരുവിൽ ! ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള എ.ഐ.ടി.യു.സി സെക്രട്ടേറിയറ്റ് മാർച്ച് വെള്ളിയാഴ്ച. പിണറായിയെ വിറപ്പിക്കാൻ സിപിഐ

New Update

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ഭരണം അവസാന വർഷത്തിലേക്ക് എത്തുമ്പോൾ സ‌ർക്കാരിനെതിരെ സമരം ചെയ്യാൻ തെരുവിൽ ഇറങ്ങാൻ നിർബന്ധിതമായി ഇടത് അനുകൂല തൊഴിലാളി സംഘടനകളും സ‍ർവീസ് സംഘടനകളും. 

Advertisment

സി.പി.ഐയുടെ തൊഴിലാളി - സർവീസ് സംഘടനകളാണ് സ‌ർക്കാരിൻെറ തൊഴിലാളി വിരുദ്ധ നയങ്ങളിൽ മനംമടുത്ത് പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. 


സി.പി.എം അനുകൂല സർവീസ് സംഘടനകൾ മുഖ്യമന്ത്രിക്ക് സ്തുതിഗീതം ചമയ്ക്കുമ്പോഴാണ് സി.പി.ഐ സംഘടനകൾ സ‌ർക്കാരിന് എതിരെ സമരം പ്രഖ്യാപിച്ച് തെരുവിലിറങ്ങുന്നത്.


സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയാണ് ആദ്യം സമരത്തിലേക്ക് വരുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും വാഗ്ദാനങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് വെളളിയാഴ്ച എ.ഐ.ടി.യു.സി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. 

ഒരു ലക്ഷം പേർ മാ‍‌ർച്ചിൽ പങ്കെടുക്കുമെന്നാണ് എ.ഐ.ടി.യു.സി അവകാശപ്പെടുന്നത്. എ.ഐ.ടി.യു.സിക്ക് പിന്നാലെ സി.പി.ഐയുടെ സ‌ർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഈമാസം 22ന് ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. 

publive-image

അന്നേദിവസം പ്രതിപക്ഷ സ‍ർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ സംഘടകൾക്കൊപ്പം ഭരണാനുകൂല സംഘടനയായ എഐടിയുസിയും ജോയിന്റ് കൗൺസിലും പ്രക്ഷോഭത്തിനിറങ്ങുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.


സ‍ർക്കാരിൻെറ തൊഴിലാളികളോടും ജീവനക്കാരോടുമുളള സമീപനത്തിൽ വലിയ പിശകുണ്ടെന്നാണ് ഇടത് തൊഴിലാളി സംഘടനകളുടെ വിമ‍‍ർശനം. 


തൊഴിലാളി മേഖലയിൽ അടക്കം സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽ പലതും പാലിക്കപ്പെട്ടില്ലെന്നുളള വിമർശനവും ഭരണപക്ഷത്തുണ്ട്. ഇടതുസർക്കാരിന്റ കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്നതായിരുന്നു പതിവ്.

എന്നാൽ ഈ ഭരണകാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്ന് എ.ഐ.ടി.യു.സി ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ ഒരു ഇടപെടലും നടക്കുന്നില്ല.


നിക്ഷേപകരെ ആകർഷിക്കാൻ ആഗോള നിക്ഷേപക സംഗമം നടത്തുന്ന വ്യവസായ വകുപ്പിന് പൊതുമേഖലാ സ്ഥാപനങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലെന്നും സി.പി.ഐ യൂണിയൻ വിമർശിക്കുന്നു.


പൊതുമേഖലാ സ്ഥാപനങ്ങൾ കഷ്ടത്തിൽ ആയത് ഈ മേഖലയിൽ വലിയ തോതിൽ തൊഴിൽ നഷ്ടമുണ്ടാക്കിയെന്നും എഐടിയുസി ആരോപിക്കുന്നുണ്ട്.

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളും കശുവണ്ടി ഫാക്ടറികളും ഏറ്റെടുക്കുക, മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, മിനിമം വേതനം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും സെക്രട്ടേറിയേറ്റ് മാർച്ചിൽ എ.ഐ.ടി.യു.സി സർക്കാരിനു മുന്നിൽ വയ്ക്കുന്നുണ്ട്. 

തൊഴിലാളികളുടെ പ്രശ്നങ്ങളിൽ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും തൊഴിൽ സമയം കൂട്ടാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രത്തോടും ആവശ്യപ്പെടുന്നുണ്ട്. 


എന്നാൽ സംസ്ഥാന സ‍ർക്കാരിൻെറ തെറ്റായ നയങ്ങൾക്കെതിരായ വിമ‍ർശനാധിക്യത്തിൽ കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങൾ മുങ്ങിപോകുകയാണെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു.


സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉൾപ്പെടയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഈമാസം 22ന് പണിമുടക്ക് പ്രഖ്യാപിച്ചത്. 

സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ 36 മണിക്കൂ‍ർ രാപകൽ സമരത്തിൻെറ സമാപനത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


പണിമുടക്ക് ഒരു സൂചനയാണെന്നും എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ ഇതേ മാ‍ർഗമുളളുവെന്നുമാണ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കലിൻെറ പ്രതികരണം.


ഭരണാനുകൂല സർവീസ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത് ലാക്കാക്കി 22ന് പ്രതിപക്ഷ സംഘടനയായ സെറ്റോയുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡി.എ കുടിശിക അടക്കമുളള കാര്യങ്ങളിൽ സി.പി.എം സർവീസ് സംഘടനകളിലും വലിയ അതൃപ്തി പുകയുകയാണ്.

എന്നാൽ പാ‌ർട്ടി നേതൃത്വത്തെ ഭയന്ന് പ്രതിഷേധ പരിപാടി പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് എൻ.ജി.ഒ യൂണിയൻ നേതൃത്വം. സെക്രട്ടേറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയിലും വലിയ തോതിൽ എതിർപ്പുണ്ട്.

Advertisment